വെള്ളമുണ്ട: കുടിക്കാൻ വെള്ളമില്ല എന്തെങ്കിലും ചെയ്തേ പറ്റൂ, വാളാരംകുന്ന് കോളനിയിലെ ബാബുകൊക്കാല പറയുന്നു. പ്രളയത്തിൽ റോഡെല്ലാം കുത്തിയൊഴുകിപ്പോയി. കൊയറ്റുപാറ റോഡിൽ ഇരുവശത്തും അപകടം പിടിച്ച കുഴിയുണ്ടായതിനാൽ വണ്ടികൾ വരില്ല. പലവീടുകളിലും പാർക്കാനാവില്ല. ആർക്കെങ്കിലും പെട്ടെന്ന് എന്തെങ്കിലും അസുഖം വന്നാൽ താഴെയെത്തിക്കാനാവില്ല. ഒന്നും പറയാതെ നിൽക്കുന്ന തന്റെ കോളനിയിലുള്ളവർക്കുവേണ്ടി ബാബു ദുരിതങ്ങളുടെ കെട്ടഴിക്കുന്നു.

തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോഴും അതിന്റെ ആവേശമൊന്നും ഇനിയും തെല്ലുംനിറയാത്ത മലമുകളിലെ ഒരിടമാണിത്. ജില്ലയിലെ ഏറ്റവും ഉയരത്തിലുള്ള ജനവാസ കേന്ദ്രമായ ബാണാസുരമലയിലെ വാളാരംകുന്ന് ആദിവാസി കോളനി ഈ തിരഞ്ഞെടുപ്പ് കാലവും പുറം ലോകത്തേക്ക് ഉറ്റുനോക്കുകയാണ്. പുറത്ത് പ്രചാരണങ്ങളുടെ കോലാഹലങ്ങൾ പൊടിപൊടിക്കുമ്പോഴും അതിൽ നിന്നെല്ലാം ഏറെ അകലെയാണ് ഇവരുടെ ലോകം. പണിയ, കാട്ടുനായ്ക്ക, കുറിച്യ വിഭാഗത്തിലുള്ള ആദിവാസി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. വെള്ളമുണ്ട പഞ്ചായത്തിലെ ഇരുപതാം വാർഡായ നാരോക്കടവിലാണ് ഇവർ ഉൾപ്പെടുന്നത്. കിലോമീറ്ററുകൾ അകലെ മൊതക്കര ജി.എൽ.പി. യിലെ ബൂത്തിലെത്തിയാണ് ഇവർ വോട്ടുചെയ്യുന്നത്. അരനൂറ്റാണ്ടിന് മുമ്പേ ഈ മലനിരകളിൽ ജനവാസം തുടങ്ങിയെങ്കിലും ഇവരുടെ അടിസ്ഥാന ആവശ്യങ്ങളുടെ പൂർത്തീകരണം ഇന്നും അകലെയാണ്.

വാളാരംകുന്ന് കോളനി
വാളാരംകുന്ന് കോളനി

53 കുടുംബങ്ങളിലായി നൂറിലധികം വോട്ടർമാരാണ് ഈ കോളനിയിലുള്ളത്. മുമ്പൊക്കെ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് വാഗ്ദാനങ്ങളുമായി ആരെങ്കിലും മലകയറിയെത്തുക. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇതെല്ലാം മറക്കുമെന്ന് കോളനിയിലെ ആദിവാസി വോട്ടർമാർ പറയുന്നു. ഇതു കുറേത്തവണ ആവർത്തിച്ചപ്പോൾ കോളനിവാസികൾ ഒറ്റക്കെട്ടായി നിന്നു.

പീന്നീടങ്ങോട്ട് കോളനിയിൽ റോഡും വൈദ്യുതിയുമെല്ലാമെത്തി. ഇപ്പോൾ വേനൽക്കാലത്ത് കുടിവെള്ളക്ഷാമവും മഴക്കാലത്ത് പ്രകൃതി ദുരന്ത ഭീഷണിയുമാണ് ഇവർ നേരിടുന്നത്. ജില്ലാ ദുരന്തനിവാരണ സമിതിയുടെ പ്രകൃതി ദുരന്തങ്ങളുടെ പട്ടികയിൽ അതിതീവ്ര മേഖലയിലാണ് ഇന്നീ കോളനി. ഇതോടെ മഴക്കാലത്ത് ഇവരെ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കുന്നത് പതിവായി. ഇവിടെനിന്ന് മുഴുവൻ കുടുംബങ്ങളെയും മാറ്റി പാർപ്പിക്കാനാണ് ജില്ലാ ഭരണകൂടം പദ്ധതി തയ്യാറാക്കിയത്. ഈ പുനരധിവാസ പദ്ധതി എങ്ങുമെത്തിയിട്ടില്ല. വേനൽക്കാലമായാൽ കുടിവെള്ള പ്രശ്നം രൂക്ഷമാണ്. കുടിവെള്ള പദ്ധതി വന്നെങ്കിലും പൈപ്പുകളെല്ലാം പൊട്ടിയതിനാൽ പ്രവർത്തന രഹിതമായി. കുടിവെള്ള സ്രോതസ്സുകളും ഇവിടെ കുറവാണ്.

ആദിവാസി വിഭാഗങ്ങളെ കൂടാതെ ഒട്ടേറെ കുടുംബങ്ങൾ ഒരു കാലത്ത് ഈ മലയോരത്തുണ്ടായിരുന്നു. മിച്ചഭൂമിയായും മറ്റും പതിച്ചുകിട്ടിയ സ്ഥലത്താണ് ഇവരെല്ലാം വീടു വെച്ചു താമസിച്ചിരുന്നത്. ക്വാറി മാഫിയകൾ സ്ഥലം വാങ്ങിക്കൂട്ടിയതോടെ ഇവരെല്ലാം മലയിറങ്ങി. ഇതോടെ ഈ മലയോരത്ത് ആദിവാസി കുടുംബങ്ങൾ മാത്രം ബാക്കിയായി. വാളാരംകുന്നിലേക്കായി ജില്ലാ പഞ്ചായത്ത് റോഡ് കോൺക്രീറ്റിനുള്ള പദ്ധതിയൊക്കെ തയ്യാറാക്കി നിർമാണം തുടങ്ങാനിരിക്കെയാണ് പ്രകൃതിദുരന്ത സാധ്യതകളുള്ള പ്രദേശമായി ജില്ലാ ദുരന്ത നിവാരണസമിതി ഈ പ്രദേശത്തെ വിലയിരുത്തിയത്. ഇവിടെ വീട് നിർമാണം പോലുള്ള പദ്ധതികൾ ഇനി വരണമെന്നില്ല. പുനരധിവാസം തന്നെയാണ് ഏക പോംവഴി. കാലഹരണപ്പെട്ട വീടുകളും ചെരിഞ്ഞ ഭൂമിയുടെ അപകട സാധ്യതകളും ഇവരുടെ ജീവിതത്തെ കൂടുതൽ ദുസ്സഹമാക്കുകയാണ്. വോട്ടു ചോദിച്ചെത്തുന്നവരെയെല്ലാം കാത്ത് കോളനിവാസികൾ കുറേ ചോദ്യങ്ങളാണ് ഇവിടെ കരുതിവെച്ചിരിക്കുന്നത്.