82 പഞ്ചായത്തുകള്‍, 14 ബ്ലോക്ക് പഞ്ചായത്തുകള്‍, 13 മുനിസിപ്പാലിറ്റികള്‍.. കൂടാതെ ജില്ലാ പഞ്ചായത്തും കൊച്ചി കോര്‍പറേഷനും! തീരപ്രദേശം മുതല്‍ മലമ്പ്രദേശം വരെ പരന്നുകിടക്കുന്ന ബൃഹത്തും വൈവിധ്യം നിറഞ്ഞതുമാണ് എറണാകുളം ജില്ലയുടെ തദ്ദേശ തിരഞ്ഞെടുപ്പ് ചിത്രം.

യുഡിഎഫ് ശക്തികേന്ദ്രമായ ജില്ലയില്‍ 2015 തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമാണ് ഇടതു മുന്നണി ഉണ്ടാക്കിയത്. ആ അടിത്തറ ശക്തിപ്പെടുത്താന്‍ എല്‍ഡിഎഫ് കളത്തിലിറങ്ങുമ്പോള്‍ സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി കോട്ട തിരിച്ചുപിടിക്കാനാണ് യുഡിഎഫ് ശ്രമം. സ്വാധീന മേഖലകളില്‍ ഏതാനും പഞ്ചായത്തുകളെങ്കിലും പിടിക്കാനാകുമെന്ന് ബിജെപിയും കരുതുന്നു.

അതേസമയം, കഴിഞ്ഞവട്ടം കിഴക്കമ്പലത്ത് സംസ്ഥാനത്തെ ഞെട്ടിച്ച ഫലമുണ്ടാക്കിയ ട്വന്റി-ട്വന്റി അഞ്ച് പഞ്ചായത്തുകളിലേക്ക് വ്യാപിച്ചതും കൊച്ചി കോര്‍പറേഷനിലെ 59 ഡിവിഷനുകളില്‍ വി4 കൊച്ചി എന്ന കൂട്ടായ്മ സ്ഥാനാര്‍ഥികളെ കണ്ടെത്തിയതും ഉള്‍പ്പെടെയുള്ള മുന്നേറ്റങ്ങള്‍ ജില്ലയിലെ പോരാട്ടം മുന്നിണികള്‍ക്ക് അപ്പുറത്തേക്ക് എത്തിക്കുന്നു. ഇത്തരം കൂട്ടായ്മകള്‍ എന്ത് ചലനമുണ്ടാക്കും എന്നതും ഇപ്രാവശ്യം എറണാകുത്തെ ഫലത്തില്‍ നിര്‍ണായകമാകും.