ഇടതുപക്ഷത്തോട് അനുഭാവമുള്ള ജില്ലയാണ് ആലപ്പുഴ. ജില്ലാപഞ്ചായത്ത് അടക്കം ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണത്തിലുള്ളതും എല്‍.ഡി.എഫ്. തന്നെ. മുന്‍സിപ്പാലിറ്റികളില്‍ മാത്രമാണ് യുഡിഎഫിന് മുന്‍തൂക്കം.

ആലപ്പുഴ ജില്ലാപഞ്ചായത്ത്, 12 ബ്ലോക്ക് പഞ്ചായത്തുകള്‍, ആറ് നഗരസഭകള്‍, 72 പഞ്ചായത്തുകള്‍ എന്നിവയാണ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.   

ജില്ലാ പഞ്ചായത്ത്, രണ്ട് നഗരസഭകള്‍, 10 ബ്ലോക്ക് പഞ്ചായത്തുകള്‍ 46 പഞ്ചായത്ത് എന്നിവ എല്‍.ഡി.എഫും നാല് നഗരസഭകളും 26 ഗ്രാമപ്പഞ്ചായത്തുകളും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും യു.ഡി.എഫും ഭരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ ബി.ജെ.പി.ക്ക് ഭരണം ലഭിച്ചെങ്കിലും പിന്നീട് നഷ്ടമായിരുന്നു.

ജില്ലാ പഞ്ചായത്തിലെ 23 സീറ്റുകളില്‍ 17 എണ്ണം എല്‍ഡിഎഫാണ് നേടിയത്. 6 എണ്ണത്തില്‍ യു.ഡിഎഫും വിജയിച്ചു. ആറ് നഗരസഭകളിലായി ആകെയുള്ള 215 സീറ്റുകളില്‍ 90 സീറ്റുകള്‍ യുഡിഎഫ് നേടിയപ്പോള്‍ 88 ഇടത്ത് എല്‍ഡിഎഫ് വിജയിച്ചു. എന്‍ഡിഎ 29 ഇടത്ത് മുന്നിലെത്തി.