തൃശ്ശൂര്‍: തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതന്‍ ഇടതു മുന്നണിക്ക്‌ പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് വിമതനായ എം.കെ. വര്‍ഗീസാണ് എല്‍.ഡി.എഫിനൊപ്പം നില്‍ക്കുമെന്ന് അറിയിച്ചത്‌. തനിക്ക് കൂടുതല്‍ താല്പര്യം എല്‍.ഡി.എഫുമായി സഹകരിച്ച് മുന്നോട്ട് പോകാനാണെന്ന് എം.കെ. വര്‍ഗീസ് പറഞ്ഞു. മേയര്‍ സ്ഥാനം എല്‍.ഡി.എഫ്. വാഗ്ദാനം ചെയ്തതതായാണ് റിപ്പോര്‍ട്ട്‌. മറ്റുള്ള കാര്യങ്ങള്‍ സംസാരിക്കുമെന്നും എന്തിനും തയ്യാറാണ് എന്ന് എല്‍.ഡി.എഫ്. അറിയിച്ചുവെന്നും വര്‍ഗീസ് കുട്ടിച്ചേര്‍ത്തു. 

54 ഡിവിഷനുകളുള്ള കോര്‍പ്പറേഷനില്‍ 24 സീറ്റില്‍ വിജയിച്ച എല്‍.ഡി.എഫാണ് എറ്റവും വലിയ ഒറ്റകക്ഷി. യു.ഡി.എഫ് 23 സീറ്റുകളാണുള്ളത്. എന്‍.ഡി.എ. ആറ് സീറ്റും നേടി. കോര്‍പ്പറേഷന്‍ ഭരണം വീണ്ടും ത്രിശങ്കുവിലായതിനാല്‍ തന്നെ കോണ്‍ഗ്രസ് വിമതനാകും ആര് ഭരിക്കണമെന്ന് നിശ്ചയിക്കുക പുല്ലഴി ഡിവിഷനിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പും നിര്‍ണായകമാകും.

2015-ല്‍ എല്‍.ഡി.എഫിന് 25 ഡിവിഷനുകളിലാണ് വിജയിക്കാനായത്. പിന്നീട് സ്വതന്ത്രരായി ജയിച്ച രണ്ടുപേരെക്കൂടി കൂടെക്കൂട്ടി ആയിരുന്നു എല്‍.ഡി.എഫ്. ഭരണം പിടിച്ചത്. യു.ഡി.എഫിന് 22 ഡിവിഷനുകളാണ് 2015-ല്‍ ലഭിച്ചത്. ഒരു ഡിവിഷന്‍ കൂടി മാത്രമാണ് അവര്‍ക്ക് ഇത്തവണ തങ്ങളുടെ അക്കൗണ്ടിലേക്ക് കൂട്ടിച്ചേര്‍ക്കാനായത്.

thrissur corporation

Content Highlights: Thrissur Municipal Corporation, Local Body Election Results