തൃശ്ശൂര്‍: യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനെത്തിയ ഉമ്മന്‍ചാണ്ടി ഓരോ യോഗസ്ഥലത്തും എത്തുംമുന്നേ സംഘാടകര്‍ക്ക് വാഹനത്തിലിരുന്ന് നിര്‍ദേശം നല്‍കിയിരുന്നു- ചടങ്ങിനു മുമ്പ് മാറഡോണയ്ക്ക് ആദരസൂചകമായി ഒരു മിനിറ്റ് മൗനം പാലിക്കണം. കിഴക്കുംപാട്ടുകര ഡിവിഷനിലെ സ്ഥാനാര്‍ഥി ജോണ്‍ ഡാനിയേലിന്റെ പ്രചാരണം കഴിഞ്ഞ് ഉമ്മന്‍ചാണ്ടി അവിടത്തെ പാര്‍ട്ടി പ്രവര്‍ത്തകനായ രാജു റാഫേലിന്റെ വീട്ടിലെത്തി. അവിടെ തിണ്ണയിലെ മേശപ്പുറം നിറയെ മാറഡോണയുടെ ചിത്രങ്ങള്‍. ഉമ്മന്‍ചാണ്ടി അതിലോരോന്നായി എടുത്തു നോക്കി. എന്നിട്ട് പറഞ്ഞു-''അപ്രതീക്ഷിതമായി, അകാലത്തിലായിപ്പോയി''.
ഉമ്മന്‍ചാണ്ടിയെ കാണാന്‍ അയല്‍പക്കത്തുള്ളവരും എത്തി. അയല്‍ക്കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥി േമരിയാന്‍, മാറഡോണയുടെ ഓരോ ചിത്രത്തിന്റെയും പ്രത്യേകത ഉമ്മന്‍ചാണ്ടിക്ക് വിശദീകരിച്ചു. ഫുട്‌ബോള്‍ ഇതിഹാസത്തോട് ഉന്നത രാഷ്ട്രീയ നേതാവിന് തോന്നിയ ഇഷ്ടം അദ്ദേഹം ഫെയ്സ്ബുക്കിലും കുറിച്ചിരുന്നു.
ഫെയ്സ്ബുക്കില്‍ ഉമ്മന്‍ചാണ്ടി കുറിച്ചതിങ്ങനെ-ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകരെ ഏറെ വേദനിപ്പിക്കുന്ന വാര്‍ത്തയാണ് മാറഡോണയുടെ വേര്‍പാട്. ബ്യൂണസ് അയേഴ്സിലെ തെരുവുകളില്‍നിന്ന് ഫുട്ബോള്‍ ലോകത്തിലെ കിരീടംവയ്ക്കാത്ത രാജാവെന്ന സ്ഥാനത്തെത്തിയ അര്‍ജന്റീനയുടെ ഇതിഹാസതാരമാണ് ഡീ ഗോ മാറഡോണ.
അതിവേഗത്തിലുള്ള മുന്നേറ്റവും, ലക്ഷ്യത്തിലേക്കുള്ള ചടുലമായ പ്രയാണവും മാറഡോണയെ വ്യത്യസ്തനാക്കി. കളിക്കളങ്ങളിലെ അമാനുഷ ശരീരങ്ങള്‍ക്കിടയില്‍ മാറഡോണ എന്ന കൊച്ചു മനുഷ്യന്‍ പന്തിനെ വരുതിയിലാക്കി നടത്തിയ മുന്നേറ്റങ്ങള്‍ അദ്ദേഹത്തിന് ലോകമെങ്ങും കോടിക്കണക്കിന് ആരാധകരെ നേടിക്കൊടുത്തു. ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഏറ്റവും വേദനിപ്പിക്കുന്ന വാര്‍ത്തയാണ് അദ്ദേഹത്തിന്റെ വേര്‍പാട്. ആദരാഞ്ജലികള്‍.
പന്തുമായി മറഡോണ കൊടുങ്കാറ്റുപോലെ പായുന്ന ചിത്രവും ഒപ്പമുണ്ടായിരുന്നു.
Content Highlights: Oommen Chandy pays tribute to Maradona