ചാലക്കുടി : കഴിഞ്ഞ അഞ്ചുവർഷത്തെ വികസനങ്ങൾ എണ്ണിപ്പറഞ്ഞ് എൽ.ഡി.എഫിന്റെ പത്രസമ്മേളനം. തുടർ ഭരണം ഉണ്ടാകുമെന്ന് പാർലമെന്ററി പാർട്ടി ലീഡർ പി.എം. ശ്രീധരൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

നഗരസഭ ജൂബിലി മന്ദിരത്തിൽ 65 ലക്ഷം രൂപ മുടക്കി സോളാർ പാനൽ സ്ഥാപിച്ചു. പോട്ടയിൽ മിനി മാർക്കറ്റ് എല്ലാ സൗകര്യങ്ങളോടുംകൂടി തുറന്നുകൊടുത്തു.

അഞ്ചു വർഷത്തിനുള്ളിൽ നഗരസഭയിലെ 473 പേർക്ക് പി.എം.ആർ.വൈ. പദ്ധതി പ്രകാരം വീടുകൾ നിർമ്മിച്ചു നൽകി. 67 പേരുടെ ഡി.പി.ആർ. അംഗീകരിച്ചു. 33 വീട്ടുകാരെ പുനരധിവസിപ്പിച്ചു.

മാലിന്യസംസ്കരണത്തിന്റെ ഭാഗമായി 39 പേരുടെ ഹരിതകർമ്മസേന രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചു.മികച്ച പ്രവർത്തനത്തിലൂടെ താലൂക്കാശുപത്രിക്ക് ദേശീയാംഗീകാരം ലഭിച്ചു. സമ്പൂർണ ശുചിത്വ സംസ്ഥാന പുരസ്കാരം നഗരസഭക്ക് ലഭിച്ചു.

പുതിയതായി മൂന്ന് കംഫർട്ട് സ്റ്റേഷനുകൾ ആരംഭിച്ചു. വനിതാ ഹോസ്റ്റൽ നവീകരിച്ചു.മാസ്റ്റർപ്ലാൻ കരട് പ്രസിദ്ധീകരിച്ചു. പുതിയ റോഡുകൾ നിർമ്മിച്ചു.

പഴയ റോഡുകൾ ടൈൽ വിരിച്ചും ടാർ ചെയ്തും നവീകരിച്ചു- ഇങ്ങനെ പോകുന്നു എൽ.ഡി.എഫിന്റെ നേട്ടങ്ങളുടെ പട്ടിക.

എൽ.ഡി.എഫ്. ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങളിൽ 90 ശതമാനവും പൂർത്തീകരിച്ചതായും പി.എം. ശ്രീധരൻ പറഞ്ഞു.