തൃശ്ശൂർ : കോവിഡ് വ്യാപനഭീതി നിലനിൽക്കുമ്പോൾ തിരഞ്ഞെടുപ്പ് നടക്കുമോയെന്നായിരുന്നു ആശങ്ക. ഒടുവിൽ പ്രഖ്യാപിച്ചപ്പോഴാണ് രാഷ്ട്രീയപാർട്ടികൾക്ക് ശ്വാസം നേരെ വീണത്. അവർക്കൊപ്പം മുഖം തെളിഞ്ഞ മറ്റൊരു വിഭാഗവുമുണ്ട് -‘അച്ചടിമേഖല’. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മറ്റു മേഖലകൾക്കൊപ്പം അച്ചടിയും പ്രതിസന്ധിയിലായിരുന്നു. എട്ടുമാസമാണ് പ്രസുകൾ പൂട്ടിക്കിടന്നത്. പകുതിയോളം ജീവനക്കാർക്ക് തൊഴിലില്ലാതായി. ഓർഡറുകൾ പലതും റദ്ദായി. സംസ്ഥാനത്ത് ആറായിരത്തോളം അച്ചടിശാലകളാണ് തിരഞ്ഞെടുപ്പുകാലം കാത്തിരിക്കുന്നത്. ഇവയെ ആശ്രയിച്ച് ഒരുലക്ഷത്തോളം തൊഴിലാളികളും.

പാർട്ടിചിഹ്നങ്ങൾ എപ്പോഴേ റെഡി

പലയിടത്തും സ്ഥാനാർഥിനിർണയം പൂർത്തിയായിട്ടില്ല. ചുവരെഴുത്ത് തുടങ്ങിയെങ്കിലും പേരിനുള്ള ഭാഗം ഒഴിച്ചിട്ടാണ് എഴുത്ത്. പത്രിക കൊടുത്തുതുടങ്ങാൻ കാത്തിരിക്കുകയാണ് അച്ചടിശാലകൾ. എന്നിട്ടുവേണം സ്ഥാനാർഥികളുടെ ചിത്രങ്ങളടങ്ങിയ പ്രചാരണനോട്ടീസുകളും വോട്ടഭ്യർഥിച്ചുകൊണ്ടുള്ള പോസ്റ്ററുകളും അടിച്ചുതുടങ്ങാൻ. പലയിടത്തും പാർട്ടിചിഹ്നങ്ങൾ അച്ചടിച്ചുവെച്ചത് ബാക്കിയുണ്ട്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കെട്ടുകളായാണ് ഇതു നൽകുക. അതിനാൽത്തന്നെ ആവശ്യക്കാരെത്തിയാൽ ഏതു നിമിഷവും പാർട്ടിചിഹ്നങ്ങൾ നൽകാൻ ഇവർ തയ്യാർ.

അനധികൃത അച്ചടി വെല്ലുവിളി

എ.ഡി.എമ്മിന്റെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ലൈസൻസെടുത്താണ് പ്രസുകൾ നടത്തുന്നത്. അയൽസംസ്ഥാനങ്ങളിൽനിന്നും മറ്റുമുള്ള അനധികൃത അച്ചടിയാണ് വലിയ വെല്ലുവിളി. ഒരു കംപ്യൂട്ടറുണ്ടെങ്കിൽ ആർക്കും ഡിസൈൻ ചെയ്യാവുന്ന സാഹചര്യമാണ്. സാമൂഹികമാധ്യമങ്ങളിൽ പരസ്യം നൽകിയാണ് ഇവർ ഉപഭോക്താക്കളെ പിടിക്കുന്നത്. ചെലവിന്റെ മൂന്നിലൊന്നു മാത്രമേ ഇവർ ഈടാക്കുന്നുള്ളൂ.

അതോടെ ഈ വിലയിൽ ചെയ്തുകൊടുക്കാൻ അംഗീകൃത അച്ചടിശാലകളും നിർബന്ധിതരാവും. അനധികൃതമായി അച്ചടിക്കുന്നവർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം നൽകുമെന്ന് കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി. ബിജു പറഞ്ഞു.

അച്ചുനിരത്തലിൽനിന്ന് ഡിജിറ്റൽ വിപ്ലവത്തിലേയ്ക്ക്

ആദ്യകാലത്ത് കൈകൊണ്ട് ഓരോ അക്ഷരവും നിരത്തിവെച്ചായിരുന്നു കംപോസ് ചെയ്തിരുന്നത്‌. അതിനായി സ്റ്റിക്കുണ്ട്. ആ സ്റ്റിക്ക് നിറയുമ്പോൾ ഗാലിയിൽ നിരത്തിവെയ്ക്കണം. അത് മഷിതേച്ച് പ്രൂഫെടുക്കുന്നതാണ് രീതി. പ്രിന്റെടുത്ത് അടുത്ത ഭാഗം കംപോസ് ചെയ്യാൻ അക്ഷരങ്ങൾ വീണ്ടും നിരത്തിവെയ്ക്കണം. ഇവ യന്ത്രത്തിൽ കയറ്റി ചവിട്ടി അടിക്കണം. അന്ന് അഞ്ഞൂറും ആയിരവും കോപ്പി പുസ്തകങ്ങൾ അച്ചടിക്കുകയെന്നു പറഞ്ഞാൽ വലിയ സംഭവമാണ്. അത് പ്രൂഫ്‌ വായിച്ച് തിരുത്തി, അടുത്തത്. അങ്ങനെയായിരുന്നു അന്നത്തെ സമ്പ്രദായം.

അച്ചുനിരത്തൽ എൺപതുകളിലാണ് നിർത്തുന്നത്. പിന്നീട് ഡി.ടി.പി. തുടങ്ങുന്നത് വിപ്ലവമായിരുന്നു. ഏറ്റവും ചെറിയ പോയിന്റിലുള്ള അക്ഷരം മുതൽ വലിയ അക്ഷരം വരെ ഒറ്റയടിക്ക്‌ അച്ചടിക്കാൻ സാധിച്ചുതുടങ്ങി.

വിപ്ലവം തുടർന്നു. ഒരൊറ്റ നിറത്തിൽനിന്ന് ബഹുവർണനിറങ്ങൾ പ്രിന്റ് ചെയ്യാനുള്ള സംവിധാനങ്ങളായി. പിന്നീട് ഓട്ടോമാറ്റിക് സംവിധാനങ്ങളായി. പ്രമുഖ വസ്ത്ര, ആഭരണ വ്യാപാരശാലകളുടെ കേന്ദ്രം തൃശ്ശൂരായതിനാൽ അച്ചടിശാലകൾക്ക് തിരക്കായി. ബസുകളിലും തീവണ്ടികളിലും നോട്ടീസുകൾ പതിച്ചിരുന്ന സമ്പ്രദായവുമുണ്ടായിരുന്നു. പിന്നീടതെല്ലാം നിലച്ചു. ഈ സ്ഥാപനങ്ങളെല്ലാം പൂർണമായും ഇലക്‌ട്രോണിക് മാധ്യമങ്ങളിലേയ്ക്ക് മാറിയതും അച്ചടിശാലകളെ ബാധിച്ചു. കോവിഡ് വന്നതോടെ അതും ഇല്ലാതായി.