മലക്കപ്പാറ : തോട്ടം തൊഴിലാളികൾ വിധിയെഴുതുന്ന മലക്കപ്പാറയിലെ അതിർത്തി വാർഡുകളിൽ പ്രചാരണം നടത്തണമെങ്കിൽ തമിഴും മലയാളവും അറിഞ്ഞിരിക്കണം. തമിഴ്‌നാട്ടിൽനിന്ന് തോട്ടം തൊഴിലിനായി കുടിയേറിപ്പാർത്തവരാണ് ഇവിടത്തെ വോട്ടർമാരിൽ ഭൂരിപക്ഷവും. അതിരപ്പിള്ളി പഞ്ചായത്തിൽ തൃശ്ശൂർ ജില്ലാ ആസ്ഥാനത്തുനിന്ന് ഏറ്റവും അകലെയുള്ള ഫാക്ടറി ഡിവിഷൻ (വാർഡ് 11), മയിലാടുംപാറ (വാർഡ് 13) എന്നിവയാണ് തമിഴ്‌നാടുമായി റോഡ് അതിർത്തി പങ്കിടുന്നത്. നിലവിൽ എൽ.ഡി.എഫ്. ഭരിക്കുന്ന ഫാക്ടറി ഡിവിഷൻ 2010-ൽ യു.ഡി.എഫിനൊപ്പമായിരുന്നു. മയിലാടുംപാറയിൽ കഴിഞ്ഞ രണ്ടുതവണയും വിജയിച്ചത് എൽ.ഡി.എഫാണ്.

ഫാക്ടറി ഡിവിഷനിലാണ് ആനമല റോഡിൽ തമിഴ്‌നാട്, കേരള അതിർത്തി ചെക്‌പോസ്റ്റുകളുള്ളത്. മയിലാടുംപാറയിലെ ചങ്കിലി റോഡാണ് മറ്റൊരു അതിർത്തി. തേയിലത്തോട്ടത്തിനുള്ളിൽ 13 കിലോമീറ്ററിലേറെ പരന്നുകിടക്കുകയാണ് മയിലാടുംപാറ വാർഡ്. കാട്ടാന, പുലി തുടങ്ങിയ വന്യജീവികളുടെ ആക്രമണം പതിവായ മേഖല. ഈ വാർഡുകളിലെ വോട്ടർമാരിൽ 95 ശതമാനവും തോട്ടം തൊഴിലാളികളാണ്.