തൃശ്ശൂര്‍: മാറുന്ന കാലത്തിനൊപ്പം രാഷ്ട്രീയത്തില്‍ തീര്‍ത്തും പ്രൊഫഷണലായ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ 'പാസ്' വിലയിരുത്തലില്‍ പാസായത് കുറച്ചുപേര്‍ മാത്രം. മണ്ഡലം, ബ്ലോക്ക്, ഡി.സി.സി. ഭാരവാഹികളുടെ പ്രവര്‍ത്തനമികവ് വിലയിരുത്തുന്ന പെര്‍ഫോമന്‍സ് അസസ്മെന്റ് സിസ്റ്റം എന്ന 'പാസ്' ആണ് വെള്ളിയാഴ്ച ഡി.സി.സി. ഓഫീസില്‍ നടന്നത്. 24 ബ്ലോക്ക് പ്രസിഡന്റുമാരും 110 മണ്ഡലം പ്രസിഡന്റുമാരും 70 ഡി.സി.സി. ഭാരവാഹികളുമാണ് ഈ പെര്‍ഫോമന്‍സ് ടെസ്റ്റില്‍ പങ്കെടുത്തത്. രാവിലെ തുടങ്ങിയ മാര്‍ക്കിടല്‍ രാത്രിയും നീണ്ടു. ജില്ലയിലെ ബ്ലോക്ക് പ്രസിഡന്റുമാരില്‍ ഏഴുപേര്‍ പച്ച കാറ്റഗറിയിലും മൂന്നുപേര്‍ മഞ്ഞ കാറ്റഗറിയിലും 14 പേര്‍ ചുവപ്പ് കാറ്റഗറിയിലുമായി.

ഡി.സി.സി. ഭാരവാഹികളില്‍ എട്ടുപേര്‍ പച്ച കാറ്റഗറിയിലും 21 പേര്‍ മഞ്ഞ കാറ്റഗറിയിലുമായി. 41 പേര്‍ ചുവപ്പ് കാറ്റഗറിയിലാണ്.

കെ.പി.സി.സി. നടപ്പിലാക്കുന്ന വിലയിരുത്തലില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നവര്‍ പച്ചയിലും ശരാശരിക്കാര്‍ മഞ്ഞയിലും ശരാശരിയില്‍ താഴെയുള്ളവര്‍ ചുവപ്പിലുമാണ് ഉള്‍പ്പെടുക. ഇപ്പോള്‍ റിവ്യൂവില്‍ പിന്നില്‍ പോയവരോട് തിരുത്തല്‍ നടപടികള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പെര്‍ഫോമന്‍സ് അസസ്മെന്റിന്റെ സംസ്ഥാന ചുമതലയുള്ള കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫ്, ജില്ലാ ചുമതലയുള്ള കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുത്തലിബ്, ഡി.സി.സി. പ്രസിഡന്റ് എം.പി. വിന്‍സെന്റ്, പാസിന്റെ ചുമതലയുള്ള വിജയ് ഹരി, പി. ദാമോദരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രതിമാസ റിപ്പോര്‍ട്ടും മൂന്നുമാസത്തെ ഒരുമിച്ചുള്ള റിപ്പോര്‍ട്ടും പരിഗണിച്ചാണ് പച്ച, മഞ്ഞ, ചുവപ്പ് എന്ന നിലയില്‍ മാര്‍ക്കിട്ടത്. തൃശ്ശൂരില്‍ മണ്ഡലം പ്രസിഡന്റുമാരുടെ പാസ് കണക്കാക്കല്‍ പൂര്‍ത്തിയായിട്ടില്ല.

പത്തു ചോദ്യങ്ങളുണ്ട് പെര്‍ഫോമന്‍സ് അസസ്മെന്റ് സിസ്റ്റം ഫോറത്തില്‍. ജില്ലയിലെ മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ്, ഇവരുടെ ചാര്‍ജുള്ള ഡി.സി.സി. ഭാരവാഹി എന്നിവരുടെ പ്രവര്‍ത്തന മികവാണ് ബ്ലോക്ക് തലത്തില്‍ വിലയിരുത്തുക. ഇതിന് മുന്നോടിയായി മാസംതോറും മണ്ഡലം -ബ്ലോക്ക് -ഡി.സി.സി. ഭാരവാഹികള്‍ റിപ്പോര്‍ട്ട് കെ.പി.സി.സി.ക്ക് അയച്ചിരുന്നു. അവയുടെ ക്രോഡീകരിച്ചുള്ള റിപ്പോര്‍ട്ടാണ് പെര്‍ഫോമന്‍സ് വിലയിരുത്താനായി എത്തിയവരുടെ മുന്നില്‍ വെള്ളിയാഴ്ച സമര്‍പ്പിച്ചത്. നേട്ടങ്ങളും പ്രവൃത്തികളും തെളിയിച്ചാലേ ഇനി നേതാവാകുകയുള്ളൂ. ജില്ലാ നേതാവാകണമെങ്കില്‍ ഡി.സി.സി. യോഗത്തില്‍ മുടങ്ങാതെ പങ്കെടുക്കണം. താഴേക്കിടയിലുള്ള പ്രവര്‍ത്തനത്തില്‍ എത്രപേരെ പുതിയതായി വോട്ടര്‍പ്പട്ടികയില്‍ ചേര്‍ത്തെന്ന് രേഖാമൂലം തെളിയിക്കുകയും വേണം. ഇത്തരത്തിലുള്ള വിശദമായ പത്ത് ചോദ്യങ്ങളാണ് പാസ് ഫോറത്തിലുള്ളത്.