തൃശ്ശൂര്‍: കോര്‍പ്പറേഷന്‍ മുന്‍ പ്രതിപക്ഷനേതാവും പുല്ലഴി വാര്‍ഡിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുമായ അഡ്വ. എം.കെ. മുകുന്ദന്‍ (53) അന്തരിച്ചു.

കരള്‍രോഗത്തെത്തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ എത്തിയശേഷമാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ രൂപവത്കരിച്ച 2000 മുതല്‍ 2020 വരെ നാലുതവണ കോണ്‍ഗ്രസിന്റെ കൗണ്‍സിലറായിരുന്ന ഇദ്ദേഹം തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സി.പി.എമ്മില്‍ ചേര്‍ന്നത്. പുല്ലഴി മണ്ഡലത്തില്‍ സി.പി.എം. സ്വതന്ത്രനായാണ് നാമനിര്‍ദേശപത്രിക നല്‍കിയിരുന്നത്. ഭാര്യ: സുനിത.

മക്കള്‍: വിദ്യാര്‍ഥികളായ സഞ്ജയ് കൃഷ്ണന്‍, ആദിത്യ കൃഷ്ണന്‍. മൃതദേഹം വെള്ളിയാഴ്ച രാവിലെ ഏഴോടെ വീട്ടിലെത്തിക്കും. ശവസംസ്‌കാരം 12 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടില്‍.

ഇടതുകോട്ടയില്‍ കോണ്‍ഗ്രസിന് മേല്‍വിലാസമുണ്ടാക്കിയയാള്‍

ഇടതുകോട്ടയെന്ന് വിലയിരുത്തപ്പെട്ടിരുന്ന ചേറ്റുപുഴയിലും ഒളരിയിലും അയ്യന്തോളിലും കോണ്‍ഗ്രസിന് വിലാസമുണ്ടാക്കിക്കൊടുത്തയാള്‍. അഡ്വ. എം.കെ. മുകുന്ദനെന്ന ജനകീയനേതാവിന് ഏറ്റവും നന്നായിണങ്ങിയിരുന്ന വിശേഷണം ഇതായിരിക്കാം. മുകുന്ദനെ ചേറ്റുപുഴക്കാര്‍ വിജയിപ്പിച്ചത് മൂന്നുതവണ. 2010-ല്‍ ഒളരിയില്‍നിന്ന് അദ്ദേഹം കൗണ്‍സിലിലേക്കെത്തി. വ്യക്തിപരമായ സ്വാധീനംതന്നെയാണ് ചേറ്റുപുഴ അഭേദാനന്ദാശ്രമത്തിന് സമീപം മരോട്ടിക്കല്‍ കൃഷ്ണന്റെ മകന്‍ മുകുന്ദന്റെ ഈ വിജയങ്ങള്‍ക്ക് പിന്നിലെന്നും വിലയിരുത്തപ്പെട്ടിരുന്നു. ഏറ്റവും ഒടുവില്‍ കൗണ്‍സിലറായിരുന്നപ്പോള്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷനേതാവിന്റെ സ്ഥാനവും അദ്ദേഹം വഹിച്ചു.

എന്നാല്‍, തന്നെപ്പോലുള്ള നേതാക്കള്‍ക്ക് കോണ്‍ഗ്രസ് വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന പരാതി അദ്ദേഹത്തിന് ഏറെക്കാലമായുണ്ടായിരുന്നു. ഒടുവില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി കോണ്‍ഗ്രസ് വിട്ട്, സി.പി.എമ്മിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

കഴിഞ്ഞ കോര്‍പ്പറേഷന്‍ ഭരണകാലത്തെ ഏറെ ഒച്ചപ്പാടുണ്ടാക്കിയ ഹൈമാസ്റ്റ്, മാസ്റ്റര്‍പ്ലാന്‍ വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെ നിലപാടിനോട് പലപ്പോഴും അദ്ദേഹം വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. മുകുന്ദന്റെ ഈ ചുവടുമാറ്റം കോണ്‍ഗ്രസിലും സി.പി.എമ്മിലും ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു.

1991-ല്‍ തൃശ്ശൂരില്‍ ഇന്റര്‍സോണ്‍ കലോത്സവവേദിക്കടുത്തുവെച്ച് എസ്.എഫ്.ഐ. നേതാവ് ആര്‍.കെ. കൊച്ചനിയന്‍ കുത്തേറ്റുമരിച്ച സംഭവത്തില്‍ പ്രതിയായിരുന്ന മുകുന്ദനെ സി.പി.എം. സ്വീകരിച്ചതായിരുന്നു അതിന് കാരണം. എല്‍ത്തുരുത്ത് സെയ്ന്റ് അലോഷ്യസ് സ്‌കൂളിലും കോളേജിലും കെ.എസ്.യു. പ്രവര്‍ത്തകനായി സംഘടനാ പ്രവര്‍ത്തനമാരംഭിച്ച എം.കെ. മുകുന്ദന്‍ കോളേജ് യൂണിയന്‍ ചെയര്‍മാനായും എഡിറ്ററായും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കെ.എസ്.യു. ജില്ലാ സെക്രട്ടറിയായി. കോഴിക്കോട് ലോ കോളേജില്‍നിന്ന് എല്‍എല്‍.ബി. പാസായ അദ്ദേഹം യൂത്ത് കോണ്‍ഗ്രസിലും സജീവമായിരുന്നു.

തേറമ്പില്‍ രാമകൃഷ്ണന്‍ സ്പീക്കറായിരുന്ന രണ്ട് ഘട്ടത്തിലും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്നു എം.കെ. മുകുന്ദന്‍.

 

Content Highlights: LDF candidate M.K.Mukundan dies