സമകാലിക രാഷ്ട്രീയമാണ് എന്നും തൃശ്ശൂരിന്റെ ജനവിധി തീരുമാനിക്കാറുളളത്. അതുകൊണ്ടുതന്നെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള സെമിഫൈനലില്‍ തൃശ്ശൂര്‍ ആര്‍ക്കൊപ്പം നില്‍ക്കുന്നു എന്നുളളത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം ആര്‍ക്കൊപ്പം നില്‍ക്കുമെന്നുളളതിന്റെ സൂചന നല്‍കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയാറുളളത്. നിലവിലെ രാഷ്ട്രീയ കാലാവസ്ഥയും വികസന പദ്ധതികളും തന്നെയായിരുന്നു ഇത്തവണയും തൃശ്ശൂരിലെ പ്രചാരണ വിഷയങ്ങള്‍. തൃശ്ശൂരിലെ ജനത ഇടതുസര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ക്കിടുമെന്ന എല്‍ഡിഎഫിന്റെ ആത്മവിശ്വാസത്തിന്റെ വിജയമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് നിസ്സംശയം പറയാം. 

ഏറെ വിവാദമുയര്‍ത്തിയ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതി വിവാദം വടക്കാഞ്ചേരിയിലെ പ്രദേശിക ജനതയെപ്പോലും ബാധിച്ചില്ല. വടക്കാഞ്ചേരി നഗരസഭയില്‍ എല്‍ഡിഎഫ് നടത്തിയ വികസന പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തരായിരുന്നു അവര്‍. അതിന് തെളിവാണ് വടക്കാഞ്ചേരിയില്‍ 21 ഡിവിഷനുകളില്‍ എല്‍ഡിഎഫ് നേടിയ മുന്നേറ്റം. കഴിഞ്ഞ തവണ ഇവിടെ 15 ഡിവിഷനുകളില്‍ മുന്നേറിയ യു.ഡി.എഫ്. ഇത്തവണ നേടിയത് 16 സീറ്റുകളാണ്. അധികമായി നേടിയത് ഒരേയൊരു സീറ്റ്.

കഴിഞ്ഞതവണ ഏഴ് നഗരസഭകളില്‍ ആറും ഭരിച്ചത് എല്‍ഡിഎഫ് തന്നെയായിരുന്നു. ഇരിങ്ങാലക്കുടയില്‍ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് ഭരണത്തിലെത്തിയത്. ഇരിങ്ങാലക്കുടയില്‍ 2015 തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ്-19,എല്‍ഡിഎഫ്-19, ബിജെപി-3 എന്നിങ്ങനെയായിരുന്നു സീറ്റ് നില. ഇത്തവണ യു.ഡി.എഫ് ഇവിടെ നേടിയിരിക്കുന്നത് 17 സീറ്റുകളാണ്. എല്‍ഡിഎഫിന്റെ സീറ്റുകള്‍ 13 ആയി കുറഞ്ഞപ്പോള്‍ എന്‍ഡിഎ 3 സീറ്റുകളില്‍ നിന്ന് എട്ട് സീറ്റുകളിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ബിഡിജെസുമായി ചേര്‍ന്നുണ്ടാക്കിയ സഖ്യം ഇരിങ്ങാലക്കുടയില്‍ ബിജെപിയെ തുണച്ചുവെന്ന് തന്നെ കരുതാം. 

ജില്ലയില്‍ ബിജെപി ഉററുനോക്കിയ നഗരസഭകളിലൊന്നായിരുന്നു കൊടുങ്ങല്ലൂര്‍. ഇവിടെ ശക്തമായ പ്രവര്‍ത്തനമാണ് ബിജെപി നടത്തിയിരുന്നത്. കഴിഞ്ഞതവണ യുഡിഎഫിനെ മറികടന്ന് പ്രതിപക്ഷസ്ഥാനത്തെത്തിയ ബിജെപി ഇത്തവണ ഭരണം എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം നടത്തിയത്. അതിനുളള ഫലം കൊടുങ്ങല്ലൂരില്‍ കണ്ടെന്നാണ് ബി.ജെ.പിയുടെ സീറ്റ് നിലയില്‍ നിന്ന് വ്യക്തമാകുന്നത്. കൊടുങ്ങല്ലൂരില്‍ 22 സീറ്റുകള്‍ എല്‍ഡിഎഫ് നേടിയപ്പോള്‍ 21 സീറ്റുകളില്‍ എന്‍ഡിഎ വിജയിച്ചു. കഴിഞ്ഞ തവണ 16 ഡിവിഷനുകളായിരുന്നുകളായിരുന്നു ബിജെപി നേടിയെങ്കില്‍ ഇത്തവണ അഞ്ച് ഡിവിഷനുകള്‍ കൂടി ബിജെപി പിടിച്ചെടുത്തിരിക്കുകയാണ്. എല്‍ഡിഎഫിന് രണ്ടുഡിവിഷനുകള്‍ നഷ്ടമായി. യുഡിഎഫ് ചിത്രത്തിലില്ല എന്നുതന്നെ പറയാം. ആകെ ഒരേയൊരു സീറ്റാണ് കോണ്‍ഗ്രസിന് നേടാനായിരിക്കുന്നത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ കൂടുതല്‍ സീറ്റുകള്‍ നേടിയ എല്‍ഡിഎഫ് നഗരസഭാ ഭരണത്തിനുളള അവകാശവാദമുന്നയിക്കും. 

കൊടുങ്ങല്ലൂരിന് പുറമേ ബിജെപി പ്രതീക്ഷ പുലര്‍ത്തിയിരുന്ന നഗരസഭയാണ് കുന്നംകുളം. എല്‍ഡിഎഫ്-15, യുഡിഎഫ്-7, ബിജെപി-7 എന്നിങ്ങനെയായിരുന്നു 2015-ലെ കക്ഷിനില. കേവലഭൂരിപക്ഷമില്ലാതെ 15 അംഗങ്ങളോടെ ഭരണമേറ്റെടുത്ത സി.പി.എം. ആറുമാസം തികയ്ക്കില്ലെന്നായിരുന്നു തുടക്കത്തിലെ കണക്കുകൂട്ടല്‍. എന്നാല്‍ വികസനമുരടിപ്പ് പാരമ്പര്യമായുള്ള കുന്നംകുളത്ത് ഒട്ടേറെ മുന്നേറ്റങ്ങള്‍ നടത്തിയാണ് സി.പി.എം. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയത്. പ്രതിപക്ഷത്തെ ഭിന്നതകളും തര്‍ക്കങ്ങളും ഭരണകക്ഷിയായ സി.പി.എമ്മിന് അനുഗ്രഹമായി. കോണ്‍ഗ്രസില്‍നിന്ന് മാറിനിന്നവരുടെ പിന്തുണ നേടിയെടുക്കാനും കഴിഞ്ഞു. വികസനപ്രവര്‍ത്തനങ്ങളായിരിക്കണം കുന്നംകുളത്ത് എല്‍ഡിഎഫിനെ തുണച്ചത്. 18 ഡിവിഷനുകളില്‍ എല്‍ഡിഎഫ് ഇത്തവണ സീറ്റുറപ്പിച്ചു. വിമത ശല്യം കോണ്‍ഗ്രസിന് തലവേദനയായപ്പോള്‍ യുഡിഎഫിനെ ഒരു സീറ്റിന് മറികടന്ന് എന്‍ഡിഎ ഇവിടെ രണ്ടാംസ്ഥാനത്തെത്തി. എട്ടുസീറ്റുകളാണ് കുന്നംകുളം നഗരസഭയില്‍ ബിജെപിക്ക് നേടാനയത്. യുഡിഎഫിന് ഏഴും. 

കഴിഞ്ഞ 20 വര്‍ഷം തീര്‍ഥാടന നഗരിയിലുണ്ടാക്കിയ വികസനം വോട്ടാക്കിമാറ്റാനുളള തീവ്രപരിശ്രമമാണ് എല്‍.ഡി.എഫ്.ഇത്തവണ നടത്തിയത്. എല്‍ഡിഎഫ്-21, യുഡിഎഫ്-20 ,ബി.ജെ.പി-1, സ്വത.-1 എന്നിങ്ങനെയായിരുന്നു 2015-ലെ ഗുരുവായൂരിലെ കക്ഷിനില. ഇത്തവണ എല്‍ഡിഎഫ് 25 സീറ്റുകള്‍ നേടി. 11 സീറ്റുകളാണ് യുഡിഎഫ് നേടിയത്. ബിജെപിയും ഗുരുവായൂരില്‍ സീറ്റ് നില മെച്ചപ്പെടുത്തി. 

കഴിഞ്ഞ 15 വര്‍ഷമായി എല്‍ഡിഎഫ് ഭരിച്ചിരുന്ന ചാവക്കാട് ഇത്തവണയും എല്‍ഡിഎഫ് നിലനിര്‍ത്തി. കഴിഞ്ഞ തവണ 32 സീറ്റുകളില്‍ എല്‍ഡിഎഫ്-21ഉം യു.ഡി.എഫ്-11ഉം ആണ് നേടിയത്. ഇത്തവണ വമ്പിച്ച മുന്നേറ്റമാണ് എല്‍ഡിഎഫ് നടത്തിയത്. 22 സീറ്റുകളിലാണ് അവര്‍ വിജയിച്ചത്. കോണ്‍ഗ്രസിന് നേടാനായത് ഒമ്പത് സീറ്റുകളും. 

ഇത്തവണ ചാലക്കുടിയും തിരിച്ചുപിടിക്കാന്‍ യു.ഡി.എഫിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏകദേശം തുല്യശക്തികളെന്ന് തെളിയിച്ചാണ് ചാലക്കുടിയില്‍ എല്‍.ഡി.എഫും യു.ഡി.എഫും മുന്നേറ്റം നടത്തിയത്. ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും എല്‍.ഡി.എഫ്. 17 സീറ്റുകള്‍ നേടി. യു.ഡി.എഫിന് 16 സീറ്റുകളായിരുന്നു. ബി.ജെ.പിക്ക് ഒന്നും. വിജയിച്ച രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെയാണ് എല്‍.ഡി.എഫ്. അധികാരത്തിലേറിയത്. വൈസ് ചെയര്‍മാന്‍ സ്ഥാനവും പി.ഡബ്ല്യു.ഡി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും സ്വതന്ത്രര്‍ക്ക് നല്‍കിയാണ് അന്ന് ചാലക്കുടിയില്‍ എല്‍ഡിഎഫ് ഭരണത്തിലെത്തിയത്. എന്നാല്‍ ഇത്തവണ ഗാന്ധിനഗറിലൊഴിച്ച് പിന്നെല്ലാ ഡിവിഷനിലും യുഡിഎഫ് മുന്നേറിയിരിക്കുകയാണ്.

Content Highlights: Kerala Local Body Election 2020 Thrissur Municipality Results