തൃശ്ശൂര്‍: 2019- ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയം ആവര്‍ത്തിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. തൃശ്ശൂരില്‍ മത്സരിക്കാനിറങ്ങിയത്. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചാവിഷയമായ വടക്കാഞ്ചേരിയിലെ ലൈഫ് വിവാദം യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് തന്നെയായിരുന്നു കണക്കുകൂട്ടല്‍.

എന്നാല്‍, യു,ഡി,എഫിന്റെ പ്രതീക്ഷകളെ തകര്‍ത്ത ജനവിധിയാണ് ഉണ്ടായത്. പ്രളയകാലത്തെയും കോവിഡ് കാലത്തെയും പ്രതിരോധപ്രവര്‍ത്തനങ്ങളായിരുന്നു എല്‍.ഡി.എഫിന്റെ പ്രധാന പ്രചാരണായുധം. നാലര വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് സി.പി.എം. ജില്ലയില്‍ അങ്കത്തിനിറങ്ങിയത്.  വികസനപദ്ധതികള്‍ വോട്ടായി മാറുമെന്നുളള എല്‍.ഡി.എഫിന്റെ പ്രതീക്ഷകള്‍ക്ക് തിരഞ്ഞെടുപ്പ് ഫലം മങ്ങലേല്‍പ്പിച്ചില്ല. 

ബി.ജെ.പി. മുന്നേറ്റം ഉററുനോക്കുന്ന ജില്ലകളിലൊന്നായിരുന്നു തൃശ്ശൂര്‍. 2015 തദ്ദേശ തിരഞ്ഞെടുപ്പില്‍ത്തന്നെ പാര്‍ട്ടിയും സഖ്യവും ശക്തി കാട്ടിയിരുന്നു. ലോക്‌സഭാ മത്സരത്തില്‍ അത് ഊട്ടിയുറപ്പിച്ചു. കോര്‍പ്പറേഷനില്‍ ഇത്തവണ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മേയര്‍ സ്ഥാനാര്‍ഥിയായി ബി.ഗോപാലകൃഷ്ണനെ നിര്‍ത്തിയതെങ്കിലും പ്രതീക്ഷിച്ച വിജയം ബി.ജെ.പിക്ക് നേടാനായില്ല. 

യു.ഡി.എഫ്. 23 സീറ്റുകളിലും എല്‍.ഡി.എഫ്. 20 സീറ്റുകളിലുമാണ് തൃശ്ശൂര്‍ കോര്‍പറേഷനില്‍ വിജയിച്ചത്. ബി.ജെ.പിക്ക് ഇത്തവണയും കോര്‍പറേഷനില്‍ നേടാനായത് ആറ് സീറ്റുകള്‍ തന്നെയാണ്. പൂങ്കുന്നം, പാട്ടുരായ്ക്കല്‍, തേക്കിന്‍കാട്, കോട്ടപ്പുറം, കോക്കാല, അയ്യന്തോള്‍ എന്നിവിടങ്ങളിലാണ് ബി.ജെ.പി. വിജയിച്ചത്. ബി.ജെ.പി. ഇരുകൂട്ടര്‍ക്കും പിന്തുണ നല്‍കാനിടയില്ല. 5 സീറ്റുകളില്‍ വിജയിച്ച മറ്റുളളവരില്‍ നാലു പേര്‍ എല്‍.ഡി.എഫ്. സ്വതന്ത്രരാണ്.

നെട്ടിശ്ശേരി ഡിവിഷനില്‍നിന്ന് വിജയിച്ച എം.കെ.വര്‍ഗീസ് കോണ്‍ഗ്രസ് വിമതനാണ്. ഇദ്ദേഹത്തിന്റെ പിന്തുണ നേടാനായാല്‍ കോര്‍പറേഷന്‍ ഭരണത്തിന് യു.ഡി.എഫിന് അവകാശവാദം ഉന്നയിക്കാം. ഒരുപക്ഷേ ഇദ്ദേഹം മേയര്‍ പദവി തന്നെ ചോദിച്ചേക്കുമെന്നും സൂചനയുണ്ട്. ഏതായാലും തൃശ്ശൂര്‍ കോര്‍പറേഷന്‍ ആരുഭരിക്കുമെന്നുളളത് കോണ്‍ഗ്രസ് വിമതനായ എം.കെ.വര്‍ഗീസിന്റെ നിലപാടിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഇടത് സ്ഥാനാര്‍ഥി എം.കെ.മുകുന്ദന്‍ മരിച്ചതിനെ തുടര്‍ന്ന് പുല്ലഴി ഡിവിഷനിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. ഈ ഡിവിഷനിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പും നിര്‍ണായകമാകും.

നഗരസഭയിലേക്ക് വരുമ്പോള്‍ ചാലക്കുടിയും ഇരിങ്ങാലക്കുടയും ഒഴികെയുളള നഗരസഭകളില്‍ ഇത്തവണയും എല്‍.ഡി.എഫ്. മുന്നേറ്റമാണ്. ഏറെ വിവാദമുയര്‍ത്തിയ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതി വിവാദം വടക്കാഞ്ചേരിയിലെ പ്രദേശിക ജനതയെ ബാധിച്ചില്ല. വടക്കാഞ്ചേരി നഗരസഭയില്‍ എല്‍.ഡി.എഫ്. നടത്തിയ വികസന പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തരായിരുന്നു അവര്‍. അതിന് തെളിവാണ് വടക്കാഞ്ചേരിയില്‍ 21 ഡിവിഷനുകളില്‍ എല്‍.ഡി.എഫ്. നേടിയ മുന്നേറ്റം. കഴിഞ്ഞ തവണ ഇവിടെ 15 ഡിവിഷനുകളില്‍ മുന്നേറിയ യു.ഡി.എഫ്. ഇത്തവണ നേടിയത് 16 സീറ്റുകളാണ്. അധികമായി നേടിയത് ഒരേയൊരു സീറ്റ്.

കഴിഞ്ഞ തവണ ഏഴ് നഗരസഭകളില്‍ ആറും ഭരിച്ചത് എല്‍.ഡി.എഫ്. തന്നെയായിരുന്നു. ഇരിങ്ങാലക്കുടയില്‍ നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫ്. ഭരണത്തിലെത്തിയത്. ഇരിങ്ങാലക്കുടയില്‍ 2015 തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ്-19, എല്‍ഡിഎഫ്-19, ബിജെപി-3 എന്നിങ്ങനെയായിരുന്നു സീറ്റ് നില. ഇത്തവണ യു.ഡി.എഫ് ഇവിടെ നേടിയിരിക്കുന്നത് 17 സീറ്റുകളാണ്. എല്‍.ഡി.എഫിന്റെ സീറ്റുകള്‍ 13 ആയി കുറഞ്ഞപ്പോള്‍ എന്‍ഡിഎ 3 സീറ്റുകളില്‍ നിന്ന് എട്ട് സീറ്റുകളിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ബി.ഡി.ജെസുമായി ചേര്‍ന്നുണ്ടാക്കിയ സഖ്യം ഇരിങ്ങാലക്കുടയില്‍ ബി.ജെ.പിയെ തുണച്ചുവെന്ന് തന്നെ കരുതാം. 

ജില്ലയില്‍ ബി.ജെ.പി. ഉററുനോക്കിയ നഗരസഭകളിലൊന്നായിരുന്നു കൊടുങ്ങല്ലൂര്‍. ഇവിടെ ശക്തമായ പ്രവര്‍ത്തനമാണ് ബി.ജെ.പി. നടത്തിയിരുന്നത്. കഴിഞ്ഞതവണ യു.ഡി.എഫിനെ മറികടന്ന് പ്രതിപക്ഷസ്ഥാനത്തെത്തിയ ബിജെപി ഇത്തവണ ഭരണം എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം നടത്തിയത്. അതിനുളള ഫലം കൊടുങ്ങല്ലൂരില്‍ കണ്ടെന്നാണ് ബി.ജെ.പിയുടെ സീറ്റ് നിലയില്‍ നിന്ന് വ്യക്തമാകുന്നത്. കൊടുങ്ങല്ലൂരില്‍ 22 സീറ്റുകള്‍ എല്‍.ഡി.എഫ്. നേടിയപ്പോള്‍ 21 സീറ്റുകളില്‍ എന്‍.ഡി.എ. വിജയിച്ചു.

കഴിഞ്ഞ തവണ 16 ഡിവിഷനുകളായിരുന്നുകളായിരുന്നു ബി.ജെ.പി. നേടിയെങ്കില്‍ ഇത്തവണ അഞ്ച് ഡിവിഷനുകള്‍ കൂടി ബി.ജെ.പി. പിടിച്ചെടുത്തിരിക്കുകയാണ്. എല്‍.ഡി.എഫിന് രണ്ടു ഡിവിഷനുകള്‍ നഷ്ടമായി. യു.ഡി.എഫ്. ചിത്രത്തിലില്ല എന്നുതന്നെ പറയാം.  ഒരേയൊരു സീറ്റാണ് കോണ്‍ഗ്രസിന് നേടാനായിരിക്കുന്നത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ കൂടുതല്‍ സീറ്റുകള്‍ നേടിയ എല്‍.ഡി.എഫ്. നഗരസഭാ ഭരണത്തിനുളള അവകാശവാദമുന്നയിക്കും. 

കൊടുങ്ങല്ലൂരിന് പുറമേ ബി.ജെ.പി. പ്രതീക്ഷ പുലര്‍ത്തിയിരുന്ന നഗരസഭയാണ് കുന്നംകുളം. എല്‍.ഡി.എഫ്.- 15, യു.ഡി.എഫ്.- 7, ബി.ജെ.പി.- 7 എന്നിങ്ങനെയായിരുന്നു 2015-ലെ കക്ഷിനില. കേവലഭൂരിപക്ഷമില്ലാതെ 15 അംഗങ്ങളോടെ ഭരണമേറ്റെടുത്ത സി.പി.എം. ആറു മാസം തികയ്ക്കില്ലെന്നായിരുന്നു തുടക്കത്തിലെ കണക്കുകൂട്ടല്‍. എന്നാല്‍, ഒട്ടേറെ മുന്നേറ്റങ്ങള്‍ നടത്തിയാണ് സി.പി.എം. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയത്. പ്രതിപക്ഷത്തെ ഭിന്നതകളും തര്‍ക്കങ്ങളും ഭരണകക്ഷിയായ സി.പി.എമ്മിന് അനുഗ്രഹമായി. കോണ്‍ഗ്രസില്‍നിന്ന് മാറിനിന്നവരുടെ പിന്തുണ നേടിയെടുക്കാനും കഴിഞ്ഞു. 18 ഡിവിഷനുകളില്‍ എല്‍.ഡി.എഫ്. ഇത്തവണ സീറ്റുറപ്പിച്ചു. വിമതശല്യം കോണ്‍ഗ്രസിന് തലവേദനയായപ്പോള്‍ യു.ഡി.എഫിനെ ഒരു സീറ്റിന് മറികടന്ന് എന്‍.ഡി.എ.  രണ്ടാംസ്ഥാനത്തെത്തി. എട്ടു സീറ്റുകളാണ് കുന്നംകുളം നഗരസഭയില്‍ ബി.ജെ.പിക്ക് നേടാനയത്. യു.ഡി.എഫിന് ഏഴും. 

കഴിഞ്ഞ 20 വര്‍ഷം തീര്‍ഥാടനനഗരിയിലുണ്ടാക്കിയ വികസനം വോട്ടാക്കിമാറ്റാനുളള തീവ്രപരിശ്രമമാണ് എല്‍.ഡി.എഫ്. ഇത്തവണ നടത്തിയത്. ഗുരുവായൂരിലെ 43 സീറ്റില്‍ എല്‍.ഡി.എഫ്.-21, യു.ഡി.എഫ്.-20 ,ബി.ജെ.പി-1, സ്വത.-1 എന്നിങ്ങനെയായിരുന്നു 2015-ലെ ഗുരുവായൂരിലെ കക്ഷിനില. ഇത്തവണ എല്‍.ഡി.എഫ്. 25 സീറ്റുകള്‍ നേടി. 11 സീറ്റുകളാണ് യു.ഡി.എഫ് നേടിയത്. ബി.ജെ.പിയും ഗുരുവായൂരില്‍ സീറ്റ് നില മെച്ചപ്പെടുത്തി. 

കഴിഞ്ഞ 15 വര്‍ഷമായി എല്‍ഡിഎഫ് ഭരിച്ചിരുന്ന ചാവക്കാട് ഇത്തവണയും എല്‍.ഡി.എഫ്. നിലനിര്‍ത്തി. കഴിഞ്ഞ തവണ 32 സീറ്റുകളില്‍ എല്‍.ഡി.എഫ്.- 21, യു.ഡി.എഫ്- 11എന്നായിരുന്നു കക്ഷിനില. ഇത്തവണ എല്‍.ഡി.എഫ്. 22 സീറ്റുകളിലാണ് അവര്‍ വിജയിച്ചത്. കോണ്‍ഗ്രസിന് നേടാനായത് ഒമ്പത് സീറ്റുകളും. 

ചാലക്കുടി തിരിച്ചുപിടിക്കാന്‍ യു.ഡി.എഫിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏകദേശം തുല്യശക്തികളെന്ന് തെളിയിച്ചാണ് ചാലക്കുടിയില്‍ എല്‍.ഡി.എഫും യു.ഡി.എഫും മുന്നേറ്റം നടത്തിയത്. ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും എല്‍.ഡി.എഫ്. 17 സീറ്റുകള്‍ നേടി. യു.ഡി.എഫിന് 16 സീറ്റുകളായിരുന്നു. ബി.ജെ.പിക്ക് ഒന്നും. വിജയിച്ച രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെയാണ് എല്‍.ഡി.എഫ്. അധികാരത്തിലേറിയത്. വൈസ് ചെയര്‍മാന്‍ സ്ഥാനവും പി.ഡബ്ല്യു.ഡി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും സ്വതന്ത്രര്‍ക്ക് നല്‍കിയാണ് എല്‍.ഡി.എഫ്. ഭരണം നടത്തിയത്.

ജില്ലാ പഞ്ചായത്തിലും 24 സീറ്റുകളില്‍ എല്‍.ഡി.എഫ്. മുന്നേറിക്കൊണ്ടിരിക്കുകയാണ്. 16 ബ്ലോക്ക് പഞ്ചായത്തില്‍ 13 ഇടത്തും എല്‍ഡിഎഫ് മുന്നേറ്റമാണ്. ചാലക്കുടിയിലും ചാവക്കാടും പുഴയ്ക്കലും മാത്രമാണ് യുഡിഎഫ് മുന്നേറിയിട്ടുളളത്. 86 ഗ്രാമപഞ്ചായത്തുകളില്‍ 64 പഞ്ചായത്തിലും എല്‍ഡിഎഫാണ് മുന്നില്‍. 20 ഇടത്ത് മാത്രമാണ് യു.ഡി.എഫ് മുന്നേറിയിട്ടുളളത്. കഴിഞ്ഞ തവണ ബി.ജെ.പി. ഭരിച്ച അവിണിശേരി പഞ്ചായത്തില്‍ ഇത്തവണയും ബി.ജെ.പി. തന്നെയാണ് മുന്നിലുളളത്.  

തൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ സ്വാധീനമായിരുന്നു കോണ്‍ഗ്രസിന്. എന്നാല്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും തൃശ്ശൂര്‍ കോണ്‍ഗ്രസിനോട് അനുഭാവം കാണിച്ചില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പക്ഷേ കാറ്റ് മാറിവീശി. അപ്രതീക്ഷിത ഭൂരിപക്ഷത്തോടെയാണ് ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിച്ചത്. അതിന്റെ തുടര്‍ച്ചയാണ് തദ്ദേശ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പ്രതീക്ഷിച്ചതെങ്കിലും തൃശ്ശൂര്‍ ഇത്തവണയും ഇടതിനൊപ്പമാണ്‌ നിലയുറപ്പിച്ചത്. 

Content Highlights: Kerala Local Body Election 2020 Thrissur Election results