തൃശ്ശൂര്‍: മിഷന്‍ 28 പ്ലസ് എന്ന മുദ്രാവാക്യവുമായാണ് ഇത്തവണ ബി.ജെ.പി. തൃശ്ശൂരില്‍ പോരിനിറങ്ങിയത്. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോര്‍പറേഷനില്‍ നേടിയ ആറു സീറ്റുകളുടേയും 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടുനേട്ടവും നല്‍കിയ ആത്മവിശ്വാസത്തില്‍ ഇത്തവണ കോര്‍പറേഷന്‍ ഭരണം പിടിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ബി.ജെ.പി. അതുകൊണ്ടുതന്നെയായിരുന്നു ബിജെപിയുടെ സംസ്ഥാന വക്താവായ ബി.ഗോപാലകൃഷ്ണനെന്ന ശക്തനായ നേതാവിനെ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ കുട്ടന്‍കുളങ്ങരയില്‍ മേയര്‍ സ്ഥാനാര്‍ഥിയായി നിര്‍ത്തിയത്. 

ഗോപാലകൃഷ്ണന്‍ താമസിക്കുന്ന ഡിവിഷനായ ഗാന്ധിനഗറില്‍ മത്സരിക്കാം എന്നായിരുന്നു ആദ്യതീരുമാനമെങ്കിലും പിന്നീട് അത് മാറ്റുകയായിരുന്നു. കഴിഞ്ഞ തവണ ഇവിടെ നിന്ന് മുന്നൂറോളം വോട്ടുകള്‍ക്ക് വിജയിച്ച ഐ.ലളിതംബികയെ പാടേ അവഗണിച്ചുകൊണ്ടായിരുന്നു ബി.ജെ.പിയുടെ നടപടി. കുട്ടന്‍കുളങ്ങരയില്‍ 2015-ല്‍ മികച്ച വിജയം നേടുകയും ഒപ്പം മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുകയും ചെയ്തിരുന്നതിനാല്‍ തന്നെ പാര്‍ട്ടി അവഗണനയില്‍ പ്രതിഷേധിച്ച് ലളിതാംബിക പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. 

പ്രചാരണത്തിന്റെ തുടക്കത്തില്‍ ട്രെന്‍ഡ് ഗോപാലകൃഷ്ണന് അനുകൂലമായിരുന്നങ്കിലും പിന്നീട് സ്ഥിതി മാറി. വോട്ടെടുപ്പ് കഴിഞ്ഞതിന് പിറകേ വോട്ട് കച്ചവടം നടന്നതായി ആരോപിച്ച് ഗോപാലകൃഷ്ണന്‍ രംഗത്തെത്തി.തൃശൂര്‍ കോര്‍പ്പറേഷന്‍ രണ്ടാം ഡിവിഷനില്‍ മത്സരിച്ച തനിക്കെതിരേ സിപിഎം കോണ്‍ഗ്രസിന് വോട്ടു മറിച്ചതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നയിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

'കുട്ടന്‍കുളങ്ങര ഡിവിഷനില്‍ 283 വോട്ട് കോണ്‍ഗ്രസിന് നല്‍കി, മൂന്നാം ഡിവിഷനില്‍ സിപിഎമ്മിന് 150 വോട്ട് കോണ്‍ഗ്രസ് കൊടുത്തതിനും തെളിവുകള്‍ ഉണ്ട്. സിപിഎം-കോണ്‍ഗ്രസ് വോട്ടു കച്ചവടമാണ് ഈ തിരഞ്ഞെടുപ്പില്‍ നടന്നതെങ്കില്‍ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇവര്‍ സഖ്യമായി മാറുമെന്ന് ഉറപ്പാണ്' ആരോപണമുന്നയിച്ചുകൊണ്ട് ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് വോട്ടുകള്‍ മറിച്ചു എന്നതിനൊപ്പം തന്നെ ബി.ജെ.പിക്കുളളിലെ അസ്വാരസ്യങ്ങളും ഗോപാലകൃഷ്ണന് തിരിച്ചടിയായി എന്നുവേണം കരുതാന്‍. 

20 സീററുകള്‍ ലക്ഷ്യമിട്ട് മത്സരത്തിനിറങ്ങിയ ബി.ജെ.പിക്ക് ഇത്തവണയും കോര്‍പറേഷനില്‍ നേടാനായത് ആറ് സീറ്റുകള്‍ തന്നെയാണ്. പൂങ്കുന്നം, പാട്ടുരായ്ക്കല്‍, തേക്കിന്‍കാട്, കോട്ടപ്പുറം, കോക്കാല, അയ്യന്തോള്‍ എന്നിവിടങ്ങളിലാണ് ബി.ജെ.പി വിജയിച്ചത്. പ്രസാദുമാരുടെ ശക്തമായ പോരാട്ടം നടക്കുന്ന അയ്യന്തോള്‍ ഡിവിഷന്‍ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയായ എ.പ്രസാദിനെ പരാജയപ്പെടുത്തിയാണ് ബിജെപിയുടെ എന്‍.പ്രസാദ് ഇവിടെ വിജയിച്ചിരിക്കുന്നത്. 

യുഡിഎഫ് 23 സീറ്റുകളിലും എല്‍ഡിഎഫ് 20 സീറ്റുകളിലുമാണ് തൃശ്ശൂര്‍ കോര്‍പറേഷനില്‍ വിജയിച്ചിട്ടുളളത്. ആറുസീറ്റുകളില്‍ വിജയിച്ച ബി.ജെ.പി. ഇരുകൂട്ടര്‍ക്കും പിന്തുണ നല്‍കാനിടയില്ല. 5 സീറ്റുകളില്‍ വിജയിച്ച സ്വതന്ത്രരില്‍ നാലുപേര്‍ എല്‍ഡിഎഫ് സ്വതന്ത്രരാണ്. നെട്ടിശ്ശേരി ഡിവിഷനില്‍ നിന്ന് വിജയിച്ച എം.കെ.വര്‍ഗീസ് കോണ്‍ഗ്രസ് വിമതനാണ്. ഇദ്ദേഹത്തിന്റെ പിന്തുണ നേടാനായാല്‍ കോര്‍പറേഷന്‍ ഭരണത്തിന് യു.ഡി.എഫിന് അവകാശവാദം ഉന്നയിക്കാം. ഒരുപക്ഷേ ഇദ്ദേഹം മേയര്‍ പദവി തന്നെ ചോദിച്ചേക്കുമെന്നും സൂചനയുണ്ട്. ഏതായാലും തൃശ്ശൂര്‍ കോര്‍പറേഷന്‍ ആരുഭരിക്കുമെന്നുളളത് കോണ്‍ഗ്രസ് വിമതനായ എം.കെ.വര്‍ഗീസിന്റെ നിലപാടിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഇടത് സ്ഥാനാര്‍ഥി എം.കെ.മുകുന്ദന്‍ മരിച്ചതിനെ തുടര്‍ന്ന് പുല്ലഴി ഡിവിഷനിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. ഈ ഡിവിഷനിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പും നിര്‍ണായകമാകും.

 

Content Highlights:Kerala Local Body Election 2020: Thrissur corporation result