ചാവക്കാട്: തിരഞ്ഞെടുപ്പ് വന്നാല്‍ മത്സരിക്കണമെന്നാണ് പാലയൂര്‍ സ്വദേശി ദേവസി ചൊവ്വല്ലൂരിന്റെ നയം. വിജയം ദേവസിയുടെ പരിഗണനയില്‍ ഇല്ലാത്ത കാര്യമാണ്. ഇന്ത്യന്‍ പാര്‍ലമെന്റ് മുതല്‍ സഹകരണബാങ്കിലേക്കുവരെ മത്സരിച്ചിട്ടുള്ള ദേവസിക്ക് തദ്ദേശ തിരഞ്ഞെടുപ്പിലും മാറിനില്‍ക്കാന്‍ ഉദ്ദേശ്യമില്ല. മത്സരിച്ച 15 തിരഞ്ഞെടുപ്പുകളില്‍ ഒന്നില്‍പോലും ജയിച്ചിട്ടില്ലെങ്കിലും പതിനാറാം തവണയും തിരഞ്ഞെടുപ്പുഗോദയില്‍ മത്സരിക്കാനിറങ്ങുന്ന ദേവസി ചാവക്കാട് നഗരസഭ പന്ത്രണ്ടാം വാര്‍ഡ് പാലയൂര്‍ ഈസ്റ്റിലാണ് സ്വതന്ത്രസ്ഥാനാര്‍ഥിയായി ഇത്തവണ മത്സരിക്കുന്നത്. അതും താന്‍ സ്ഥിരമായി മത്സരിച്ചുവരാറുള്ള 'റാന്തല്‍' ചിഹ്നത്തില്‍തന്നെ.

മുഖ്യമന്ത്രിമാരായിരുന്ന എ.കെ. ആന്റണിക്കും കെ. കരുണാകരനുമെതിരേ സ്വതന്ത്രസ്ഥാനാര്‍ഥിയായി ദേവസി ചൊവ്വല്ലൂര്‍ മത്സരിച്ചിട്ടുണ്ട്. തിരൂരങ്ങാടി ഉപതിരഞ്ഞെടുപ്പിലാണ് എ.കെ. ആന്‍ണിക്കെതിരേ മത്സരിച്ചതെങ്കില്‍ തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലാണ് കെ. കരുണാകരനെതിരേയുള്ള മത്സരം. ഗുരുവായൂര്‍ അസംബ്ലി മണ്ഡലത്തില്‍ അബ്ദുള്‍ സമദ് സമദാനി, പി.ടി. കുഞ്ഞുമുഹമ്മദ് എന്നിവര്‍ക്കെതിരേയും മത്സരിച്ചിട്ടുണ്ട്. 40 വര്‍ഷമായി ചാവക്കാട്, ഗുരുവായൂര്‍ മേഖലയില്‍ വിവിധ പത്രങ്ങളുടെ ഏജന്റാണ് ദേവസി.

Content Highlights:Kerala Local Body Election 2020 Thrissur