തൃശ്ശൂര്‍: കണ്ണൂരില്‍ നിന്ന് ചിത്രകലപഠിക്കാനെത്തി ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങിയ കെ.കരുണാകരന്റെ കന്നിയങ്കക്കളരിയും പിന്നീട് സ്ഥിരം കളരിയും തൃശ്ശൂരിലായിരുന്നു.

കരുണാകരന്‍ നേതൃനിരയിലേക്ക് ഉയര്‍ന്നെത്തിയതിന്റെ പിന്നില്‍ അധികമാരും അറിയാത്ത കഥയുണ്ട്.

1942-ന്റെ ആദ്യം. വീട്ടിലേക്ക് പോകുംവഴി തൃശ്ശൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ വി.കൃഷ്ണമേനോനെ രാമനിലയത്തിന് മുന്നില്‍ പാമ്പ് കടിച്ചു. ആ വാര്‍ത്ത കേട്ട് ട്രേഡ് യൂണിയന്റെ യുവ നേതാവായി വളര്‍ന്ന് വന്നിരുന്ന കരുണാകര മാരാര്‍ എന്നയാള്‍ വെള്ളാനിക്കരയില്‍ നിന്ന് കൃഷ്ണമേനോനെ കാണാന്‍ ആശുപത്രിയിലെത്തി. അപ്പോഴേക്കും കൃഷ്ണമേനോന്‍ മരിച്ചു. മുതിര്‍ന്ന നേതാക്കള്‍ക്ക് സുപരിചിതനല്ലാത്ത 24 കാരനായ കരുണാകര മാരാര്‍ അന്ത്യ കര്‍മങ്ങള്‍ കഴിയും വരെ അവിടെ ചിലവിട്ടാണ് പോയത്. മൃതദേഹം കാണാനെത്തിയ െതാഴിലാളികള്‍ കരുണാകര മാരാരോട് സ്‌നേഹത്തോെട പെരുമാറുന്നതും നേതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

വി.കൃഷ്ണമേനോന്റെ മരണത്തോടെ മുനിസിപ്പല്‍ രണ്ടാം വാര്‍ഡില്‍ കൗണ്‍സിലറുടെ ഉപതിരഞ്ഞെടുപ്പെത്തി. ഈ സീറ്റ് തൊഴിലാളി പ്രതിനിധിക്കായി മാറ്റി വെക്കാനായിരുന്നു തീരുമാനം. ഇവിടെ ആര് മത്സരിക്കും എന്ന് അധികം ചിന്തിക്കേണ്ടി വന്നില്ല കോണ്‍ഗ്രസ് നേതാക്കള്‍ക്ക്. തൃശ്ശൂരിലെ തൊഴിലാളികള്‍ക്ക് പ്രിയങ്കരനായി വളര്‍ന്ന് വന്ന കരുണാകര മാരാര്‍ക്കായി ആ സീറ്റ് മാറ്റി വെച്ചു. മുനിസിപ്പല്‍ രണ്ടാം വാര്‍ഡ് ചെന്പൂക്കാവിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്‌പോള്‍ പേരിനോടൊപ്പമുള്ള ജാതിപ്പേര് ഉപേക്ഷിച്ചു. പകരം കെ. എന്ന ഇനീഷ്യലിട്ടു. അങ്ങനെ ആദ്യ ജയം മുനിസിപ്പല്‍ കൗണ്‍സിലറായി. പിന്നീട് കെ.കരുണാകരന്‍ എന്ന പേര് ഇന്ത്യയുടനീളം അറിയപ്പെടുന്നതായി. എം.എല്‍.എ, രാജ്യ സഭാംഗം,ലോക്‌സഭാംഗം, മുഖ്യമന്ത്രി, യു.ഡി.എഫ് സ്ഥാപകന്‍, കേന്ദ്രമന്ത്രി,..... ഒരു ഘട്ടത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കു പോലും ഈ പേര് ഉയര്‍ന്ന് കേട്ടു.

കരുണാകരന്‍ ഓര്‍മയായിട്ട് ഡിസംബര്‍ 23-ന് ഒരു പതിറ്റാണ്ട് തികയുകയാണ്.

Content Highlights:Kerala Local Body Election 2020 Thrissur