തൃശ്ശൂര്‍: പാര്‍ട്ടി ഓഫീസുകള്‍ പ്രധാന പ്രചാരണവേദികളാക്കി സി.പി.എം. കോവിഡ് വ്യാപന സാഹചര്യത്തില്‍ വ്യത്യസ്തമായ പ്രചാരണ പരീക്ഷണങ്ങള്‍ വേണ്ടിവരുമെന്ന് മുന്‍കൂട്ടിക്കണ്ട് മാസങ്ങള്‍ക്കുമുമ്പുതന്നെ സി.പി.എം. നേതൃത്വം നീക്കങ്ങളാരംഭിച്ചിരുന്നു.

കോവിഡ് കാലത്ത് തുണയായ സാമൂഹികമാധ്യമങ്ങള്‍തന്നെയാണ് ഇത്തവണ സി.പി.എം. പ്രധാന പ്രചാരണമാര്‍ഗമാക്കുന്നത്. ജില്ലാതലത്തില്‍ മുന്‍ എം.പി. പി.കെ. ബിജുവിനാണ് സാമൂഹികമാധ്യമരംഗത്തിന്റെ ചുമതല. ജില്ലയിലെ എല്ലാ ഏരിയാ കമ്മിറ്റി ഓഫീസുകളിലെയും ഒരു മുറി സ്റ്റുഡിയോ ആക്കി മാറ്റി. ചില ലോക്കല്‍ കമ്മിറ്റി ഓഫീസുകളിലും സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ അവതരിപ്പിക്കുന്നവയും പ്രദേശത്ത് നടക്കുന്നതുമായ പരിപാടികള്‍ തത്സമയം അണികളിലേക്കെത്തുന്നു. പ്രദേശത്തെ മികച്ച കര്‍ഷകനെ പരിചയപ്പെടുത്തുന്ന കൃഷിയിടം, കുട്ടികളുടെ കലാപരിപാടികള്‍, പ്രഭാഷണങ്ങള്‍, സിനിമ, നാടകം, വികസനപദ്ധതികള്‍ പരിചയപ്പെടുത്തല്‍ തുടങ്ങി ഓരോദിവസവും വ്യത്യസ്തമായ പരിപാടികളാണ് അവതരിപ്പിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഈ സ്റ്റുഡിയോകള്‍ പ്രധാന പ്രചാരണവേദികളായി മാറും. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തവണ പ്രചാരണരംഗത്ത് ഏറെ നിയന്ത്രണങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. വീടുകള്‍ കയറിയുള്ള പ്രചാരണവും കുടുംബയോഗങ്ങളും നോട്ടീസ് വിതരണവും മുന്‍ തിരഞ്ഞെടുപ്പിലേതുപോലെ നടത്താന്‍ സാധിക്കില്ല. ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഈ ചുവടുമാറ്റം.

ആശയപ്രചാരണങ്ങള്‍ക്ക് ബൂത്തുതലം മുതല്‍ ജില്ലാതലം വരെ വാട്സ്ആപ്പ് ഗ്രൂപ്പുകളും നേരത്തേ മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യുവാക്കള്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിങ്ങനെ വിവിധ മേഖലകളായി തിരിച്ചാണ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

അണികള്‍ക്ക് കൂടുതല്‍ ഓണ്‍ലൈന്‍ സാക്ഷരത നേടിക്കൊടുക്കാം എന്ന ലക്ഷ്യവും മുന്നൊരുക്കങ്ങള്‍ക്ക് പിന്നിലുണ്ട്.

സാമൂഹികമാധ്യമങ്ങള്‍ കൈകാര്യംചെയ്യാന്‍ ഈ മേഖലയിലെ പരിചയസമ്പന്നരെതന്നെയാണ് സി.പി.എം. തിരഞ്ഞെടുത്തിരിക്കുന്നത്. പോസ്റ്റുകളും ചര്‍ച്ചകളും സൂക്ഷ്മമായി നിരീക്ഷിക്കാനും ആളുകളുണ്ട്. ഭാഷ, ഉള്ളടക്കം തുടങ്ങിയവയെല്ലാം കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.