തൃശ്ശൂര്‍: സംസ്ഥാന നേതൃത്വം 'എ ക്ലാസ്' ജില്ലകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന തൃശ്ശൂര്‍ ജില്ലയില്‍ ബി.ജെ.പി. ലക്ഷ്യമിടുന്നത് 30 പഞ്ചായത്തുകളും മൂന്ന് നഗരസഭകളും.

തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ പ്രതിപക്ഷസ്ഥാനവും പാര്‍ട്ടി കണക്കുകൂട്ടുന്നു. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ ജില്ലയില്‍ പാര്‍ട്ടിക്കുണ്ടായ വോട്ടുവര്‍ധനയുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൂട്ടല്‍. നിലവില്‍ ജില്ലയില്‍ അവിണിശ്ശേരി പഞ്ചായത്ത് മാത്രമാണ് ബി.ജെ.പി. ഭരിക്കുന്നത്. കൊടുങ്ങല്ലൂര്‍, കുന്നംകുളം, ഗുരുവായൂര്‍ എന്നീ നഗരസഭകളില്‍ ഭരണം പിടിക്കാമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇതില്‍ത്തന്നെ കൊടുങ്ങല്ലൂര്‍ നഗരസഭയിലാണ് ഏറ്റവും പ്രതീക്ഷ പുലര്‍ത്തുന്നത്.

ജില്ലയില്‍ നിലവില്‍ ത്രിതല പഞ്ചായത്തുകളിലായി 144 സീറ്റുകളാണ് ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എ.യ്ക്കുള്ളത്. അത് 600-ല്‍ എത്തിക്കണമെന്നാണ് നേതൃത്വം താഴേക്കിടയിലേക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. 2015-ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ പോള്‍ ചെയ്തതിന്റെ 15 ശതമാനം വോട്ടായിരുന്നു ബി.ജെ.പി.ക്ക് കിട്ടിയത്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് 20 ശതമാനത്തിലേക്കും 2019-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 28 ശതമാനത്തിലേക്കും ഉയര്‍ന്നതാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടലുകളുടെ അടിസ്ഥാനം.

ഇത്തവണത്തെ തദ്ദേശതിരഞ്ഞെടുപ്പില്‍ അത് 35 ശതമാനം എങ്കിലും എത്തിക്കാനാവുമെന്ന് നേതാക്കള്‍ പറയുന്നു. ഈ നേട്ടം കൈവരിച്ചാല്‍ അടുത്തകൊല്ലം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ കൂടുതല്‍ കരുത്തോടെ ഒരുക്കാനാവുമെന്ന പ്രതീക്ഷയുമുണ്ട്.

ജില്ലയില്‍നിന്ന് ഒരു നിയമസഭാ സീറ്റ് എന്നത് സംസ്ഥാന നേതൃത്വത്തിന്റെയും ആവശ്യമാണ്. തിരഞ്ഞെടുപ്പിനായി പാര്‍ട്ടി സംവിധാനത്തെ സജീവമാക്കാനുള്ള പ്രവര്‍ത്തനം മാസങ്ങള്‍ക്കു മുമ്പുതന്നെ തുടങ്ങിയിരുന്നു.

എല്ലാ ബൂത്തുകളിലും തിരഞ്ഞെടുപ്പ് കമ്മിറ്റികളും രൂപവത്കരിച്ചു. തുടര്‍ന്ന് ശില്പശാലകളും നടത്തി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഏറ്റവും വിജയസാധ്യതയുള്ള കേന്ദ്രങ്ങളിലെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ഇപ്പോള്‍ സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ബി.ഡി.ജെ.എസ്. ആണ് എന്‍.ഡി.എ. സഖ്യത്തിലെ ഘടകകക്ഷിയായി പ്രധാനമായും ജില്ലയിലുള്ളത്. അവരുമായി സീറ്റുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു. ത്രിതലസംവിധാനത്തില്‍ എല്ലായിടത്തും ബി.ഡി.ജെ.എസിന്റെ സ്ഥാനാര്‍ഥി ഉണ്ടാവും.

മറ്റു പാര്‍ട്ടികളില്‍നിന്നുള്ള നേതാക്കളുടെ ചാഞ്ചാട്ടമാണ് പാര്‍ട്ടി ഉറ്റുനോക്കുന്നത്. എല്‍.ഡി.എഫില്‍നിന്നും യു.ഡി.എഫില്‍നിന്നും അടര്‍ത്താന്‍ സാധ്യതയുള്ളവരെ എത്തിക്കാന്‍ അണിയറനീക്കം തുടങ്ങിയിട്ടുണ്ട്.

ക്രിസ്ത്യന്‍ വോട്ടുകളിലും പാര്‍ട്ടി ഉന്നംവെയ്ക്കുന്നുണ്ട്. സംസ്ഥാന അധ്യക്ഷന്‍ കുന്നംകുളത്ത് ഓര്‍ത്തഡോക്‌സ് സഭാനേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു.

ജില്ലയില്‍ ഇടതുപക്ഷത്തെയാണ് തങ്ങള്‍ നേരിടുന്നതെന്നാണ് ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാര്‍, സംസ്ഥാന സെക്രട്ടറി എ. നാഗേഷ് എന്നിവര്‍ പറയുന്നത്. സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളില്‍ ബി.ജെ.പി.ക്ക് മേല്‍ക്കൈയുണ്ടാക്കാന്‍ കഴിഞ്ഞെന്നും നേതൃത്വം അവകാശപ്പെടുന്നു.