തൃശ്ശൂര്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണക്കാലത്തെ ചില വീഡിയോകള്‍ ഈയടുത്ത് സാമൂഹികമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഫോണിലൂടെ വോട്ടറെ വിളിച്ച് ബൈഡനും കമലാ ഹാരിസിനുമായി വോട്ടുചോദിക്കുന്ന ബരാക് ഒബാമ. ഇതിനിടെ വോട്ടറുടെ കുഞ്ഞിന്റെ ശബ്ദം കേട്ട് അതാരാണെന്നദ്ദേഹം അന്വേഷിക്കുന്നു. പിന്നീട് കുഞ്ഞിനോട് കൊഞ്ചാനും അദ്ദേഹം മടിക്കുന്നില്ല.

കെട്ടിപ്പിടിക്കാനും കൈതരാനും സ്ഥാനാര്‍ഥി വീട്ടിലെത്താനിടയില്ലാത്ത ഈ കോവിഡ്കാലത്ത് അമേരിക്കയിലേതിന് സമാനമായ രംഗങ്ങള്‍ നമ്മുടെ നാട്ടിലും അരങ്ങേറിയേക്കാം.

സ്ഥാനാര്‍ഥിനിര്‍ണയത്തിനൊപ്പം വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ടെലിഗ്രാം തുടങ്ങി നവമാധ്യമങ്ങളെ പരമാവധി ആശ്രയിച്ചുള്ള പ്രചാരണതന്ത്രങ്ങളാണൊരുങ്ങുന്നത്.

കോണ്‍ഗ്രസിന് വാര്‍ റൂം

ഡി.സി.സി. ഓഫീസില്‍ ഒരു വാര്‍ റൂം ഒരുങ്ങുകയാണ്- ഐ.ടി. വാര്‍ റൂം. ഇവിടം കേന്ദ്രീകരിച്ചായിരിക്കും കോണ്‍ഗ്രസിന്റെ പടയൊരുക്കങ്ങള്‍. സ്ഥാനാര്‍ഥിക്കാവശ്യമായ സാങ്കേതികസഹായങ്ങളെല്ലാം ലഭ്യമാക്കും. നവമാധ്യമങ്ങള്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം നല്‍കും. ഇതിനായി കെ.പി.സി.സി. ജനശക്തിയെന്ന പേരില്‍ ആപ്ലിക്കേഷനും റെഡി. വോട്ടര്‍മാരുടെ എണ്ണത്തിനനുസരിച്ച് വാര്‍ഡ്തലത്തില്‍ വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കുമെന്ന് ഐ.ടി. സെല്‍ കോ-ഓര്‍ഡിനേറ്റര്‍ വിജയ് ഹരി പറഞ്ഞു.

പ്രകടനപത്രിക തയ്യാറാക്കാന്‍ വോട്ടര്‍മാരില്‍നിന്ന് സാമൂഹികമാധ്യമങ്ങള്‍ വഴി നിര്‍ദേശങ്ങള്‍ തേടുന്ന തിരക്കിലാണിപ്പോള്‍.ഇതിനു പുറമേ ഓരോ പഞ്ചായത്തിനും ഓരോ ഫെയ്സ്ബുക്ക് പേജുണ്ടാവും.ജില്ലയില്‍ 3,500 പേരടങ്ങുന്ന ജനശക്തി ടീം സജ്ജീകരിച്ചിട്ടുണ്ട്.

സി.പി.എം. @ 'ഓണ്‍ലൈന്‍'

കോവിഡ്കാലത്ത് വ്യത്യസ്തമായ പ്രചാരണപരീക്ഷണങ്ങള്‍ വേണ്ടിവരുമെന്ന് മുന്‍കൂട്ടിക്കണ്ട് സി.പി.എം. മാസങ്ങള്‍ക്കുമുന്‍പേ തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. ജില്ലയിലെ എല്ലാ ഏരിയാ കമ്മിറ്റി ഓഫീസുകളിലെയും ഒരു മുറി സ്റ്റുഡിയോ ആക്കിമാറ്റി അവിടെ പരിപാടികളവതരിപ്പിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ വോട്ടര്‍മാരിലെത്തിക്കുന്ന പദ്ധതി സി.പി.എം. നടപ്പാക്കിക്കഴിഞ്ഞു. നിലവില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും മറ്റുമായി മുന്നേറുന്ന ഈ ഗ്രൂപ്പുകള്‍ സ്ഥാനാര്‍ഥിപ്രഖ്യാപനത്തോടെ പ്രചാരണവേദികളായി മാറും.

ഇതോടൊപ്പം വിവിധതലങ്ങളില്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളും തുടങ്ങിയിട്ടുണ്ട്. മുന്‍ എം.പി. പി.കെ. ബിജുവിനാണ് ജില്ലയില്‍ നവമാധ്യമ പ്രചാരണപരിപാടികളുടെ ചുമതല.

വെര്‍ച്വല്‍ റാലിക്ക് എന്‍.ഡി.എ.

വെര്‍ച്വല്‍ റാലികളില്‍ക്കൂടി പ്രധാന നേതാക്കളെ വോട്ടര്‍മാരുടെ ഇടയിലേക്കെത്തിക്കുകയാണ് എന്‍.ഡി.എ. രൂപം നല്‍കുന്ന പ്രധാന പ്രചാരണരീതികളിലൊന്ന്. നവമാധ്യമങ്ങള്‍ വഴി കേന്ദ്രസര്‍ക്കാരിന്റെ വികസനരേഖകള്‍ ജനങ്ങളിലെത്തിക്കുകയാണ് മറ്റൊരു ലക്ഷ്യം.

നവമാധ്യമങ്ങളുടെ എല്ലാ പ്ലാറ്റ്ഫോമുകളും നല്ലരീതിയില്‍ ഉപയോഗിക്കുമെന്നും സംഘടനായോഗങ്ങള്‍ ഇതുവഴി നടത്തുമെന്നും ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാര്‍ പറഞ്ഞു.