തൃശ്ശൂര്‍: 'എന്ത് കിട്ടും എന്നതല്ല, എന്തു ചെയ്യാം' എന്നതാവണം പൊതുപ്രവര്‍ത്തനത്തില്‍ വഴികാട്ടുന്ന തത്ത്വം. ഇതു പറയുമ്പോള്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ ആദ്യ പ്രതിപക്ഷനേതാവ് പ്രൊഫ.എ.എം. കൃഷ്ണന്റെ വാക്കില്‍ നിശ്ചയദാര്‍ഢ്യം.

75-ല്‍ എത്തിനില്‍ക്കുമ്പോള്‍ ജനപ്രതിനിധിയല്ലെങ്കിലും പൊതുപ്രവര്‍ത്തനത്തില്‍ ആക്ടീവാണ് കൃഷ്ണന്‍ മാഷ്, കൂര്‍ക്കഞ്ചേരിയിലെ ഭദ്ര കര്‍ഷക സ്വയംസഹായസംഘം പ്രസിഡന്റ്, സമൃദ്ധി കാര്‍ഷിക കാര്‍ഷികേതര സംഘം പ്രസിഡന്റ് എന്നീ നിലകളില്‍.

കോണ്‍ഗ്രസിനായിരുന്നു ആദ്യ കോര്‍പ്പറേഷന്‍ ഭരണം. എങ്കിലും ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് സംസാരിക്കുക മാഷായിരുന്നു. ആ വിഷയങ്ങളിലാവും കൗണ്‍സിലിലെ ചൂടേറും ചര്‍ച്ച. രാവിലെ തുടങ്ങുന്ന കൗണ്‍സില്‍ യോഗങ്ങള്‍ െവെകുംവരെ ചിലപ്പോള്‍ നീണ്ടിരുന്നു.

പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങള്‍ സൗമ്യതയോടെ കേള്‍ക്കാന്‍ ആദ്യമേയറായിരുന്ന ജോസ് കാട്ടൂക്കാരന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. പിന്നീട് എല്‍.ഡി.എഫ്. അധികാരത്തില്‍ വന്നപ്പോള്‍ എ.എം. കൃഷ്ണനായിരുന്നു പൊതുമരാമത്ത് സ്ഥിരംസമിതി ചെയര്‍മാന്‍. സ്വരാജ് റോഡ് മെക്കാഡം ടാറിട്ടതും പീച്ചി കുടിവെള്ള െപെപ്പ്*!*!*!െലെനിലെ പഴയ െപെപ്പുകള്‍ മാറ്റി പുതിയത് സ്ഥാപിച്ചതും പാറമേക്കാവ് ക്ഷേത്രത്തിന് സമീപമുള്ള സബ്വേ പണിതതും അന്നത്തെ നേട്ടങ്ങളായി മാഷ് എണ്ണിപ്പറയുന്നു.

നാട്ടിക എസ്.എന്‍. കോളേജടക്കം വിവിധ കോളേജുകളിലെ അധ്യാപനജീവിതത്തില്‍ എ.കെ.പി.സി.ടി.എ. ഭാരവാഹിയായുള്ള പ്രവര്‍ത്തനപരിചയം. തൃശ്ശൂര്‍ നഗരസഭയില്‍ 1995 മുതല്‍ 2000 വരെ സി.പി.എമ്മിന്റെ കൗണ്‍സിലര്‍. തുടര്‍ന്ന് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ രൂപവത്കരിച്ചപ്പോള്‍ ആദ്യ കൗണ്‍സിലില്‍ കൊക്കാല വാര്‍ഡില്‍ നിന്ന് ജയിച്ചു; പ്രതിപക്ഷനേതാവായി. 2005-ല്‍ കണ്ണംകുളങ്ങര വാര്‍ഡിന്റെ പ്രതിനിധിയായി. കോര്‍പ്പറേഷനില്‍ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍... ഇങ്ങനെ നീളുന്നു എ.എന്‍. കൃഷ്ണന്റെ രാഷ്ട്രീയം.

ഭാര്യ പ്രതിഭയോടൊപ്പം കൂര്‍ക്കഞ്ചേരി തങ്കമണിയിലെ 'കൃപ'യിലാണ് കൃഷ്ണന്‍മാഷ് താമസിക്കുന്നത്. ആര്‍ക്കിടെക്ടായ മകന്‍ പ്രതീഷ് വിദേശത്താണ്. മകള്‍ കൃപ ചെറുതുരുത്തി ഗവ. എച്ച്.എസില്‍ അധ്യാപികയാണ്.