ചാലക്കുടി:എല്‍.ഡി.എഫിനേയും യു.ഡി.എഫിനേയും മാറിമാറി സ്വീകരിച്ച പാരമ്പര്യമാണ് ചാലക്കുടിക്കുള്ളത്. ഭരണത്തുടര്‍ച്ചയ്ക്കായി കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് എല്‍.ഡി.എഫ്. വോട്ടു ചോദിക്കുന്നത്. എന്നാല്‍ വികസന മുരടിപ്പ് ചൂണ്ടിക്കാണിച്ചാണ് യു.ഡി.എഫിന്റെ പോരാട്ടം. ടൗണ്‍ഹാള്‍, വടക്കേ ബസ് സ്റ്റാന്‍ഡ്, പാര്‍ക്ക്, ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയുടെ നിര്‍മാണവും പൂര്‍ത്തീകരണവും വികസനക്കുതിപ്പിന്റെ നേര്‍ക്കാഴ്ചയായി എല്‍.ഡി.എഫ്. ഉയര്‍ത്തിക്കാട്ടുന്നു. എന്നാല്‍ ഇതില്‍ പല പദ്ധതികളും തങ്ങളുടെ ഭരണകാലത്ത് തുടങ്ങിവെച്ചവയും ഭൂരിഭാഗം പണികളും അക്കാലത്തു തന്നെ പൂര്‍ത്തിയാക്കിയവയാണെന്നുമാണ് യു.ഡി.എഫിന്റെ മറുവാദം.

എന്‍.ഡി.എ.യും നിര്‍ണായക ശക്തിയാവാന്‍ സജീവമായി രംഗത്തുണ്ട്. ഇരുമുന്നണികളുടെയും പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് ബി.ജെ.പി.യും രാഷ്ട്രീയ അടിത്തറ വിപുലപ്പെടുത്തിയിട്ടുണ്ട്. ഇതാണ് എന്‍.ഡി.എ.യുടെ ആത്മവിശ്വാസം.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏകദേശം തുല്യശക്തികളെന്ന് തെളിയിച്ചാണ് എല്‍.ഡി.എഫും യു.ഡി.എഫും മുന്നേറ്റം നടത്തിയത്. ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും എല്‍.ഡി.എഫ്. 17 സീറ്റുകള്‍ നേടി. യു.ഡി.എഫിന് 16 സീറ്റുകളായിരുന്നു. ബി.ജെ.പിക്ക് ഒന്നും. വിജയിച്ച രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെയാണ് എല്‍.ഡി.എഫ്. അധികാരത്തിലേറിയത്. വൈസ് ചെയര്‍മാന്‍ സ്ഥാനവും പി.ഡബ്ല്യു.ഡി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും സ്വതന്ത്രര്‍ക്ക് നല്‍കിയാണ് എല്‍.ഡി.എഫ്. ഭരണം നടത്തിയത്.

സ്വതന്ത്രരുടെ ഇഷ്ടം നോക്കിയാണ് അഞ്ചു വര്‍ഷത്തെ ഭരണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. വൈസ് ചെയര്‍മാന്‍ സ്ഥാനം അവസാന വര്‍ഷം പങ്കുവയ്ക്കാമെന്ന കരാറും സ്വതന്ത്രര്‍ പാലിച്ചില്ല.

എന്നാല്‍ നഗരസഭ തനിച്ചും എം.എല്‍.എ.യുടെ സഹകരണത്തോടെയും നടത്തിയ വികസന പ്രവര്‍ത്തനങ്ങളും യു.ഡി.എഫില്‍നിന്ന് എല്‍.ജെ.ഡി.യുടെയും കേരള കോണ്‍ഗ്രസി (ജോസി)െന്റയും വരവും ഭരണം നിലനിര്‍ത്താന്‍ ഉതകുമെന്നാണ് എല്‍.ഡി.എഫിന്റെ ആത്മ വിശ്വാസം. എല്‍.ഡി.എഫില്‍ സി.പി.ഐ.യുടെ സീറ്റുകള്‍ സംബന്ധിച്ചാണ് ധാരണയായിട്ടുള്ളത്.

എന്‍.ഡി.എ.യില്‍ ബി.ഡി.ജെ.എസിന് നാലു സീറ്റുകള്‍ നല്‍കാന്‍ ധാരണയായിട്ടുണ്ട്. ബാക്കി വാര്‍ഡുകളില്‍ ശക്തരെത്തന്നെ മത്സര രംഗത്തിറക്കാനാണ് ബി.ജെ.പി.യുടെ തീരുമാനം. ബി.ഡി.ജെ.എസിന് സ്വാധീനമുള്ള ചില മേഖലകള്‍ ഉണ്ട്.