തൃശ്ശൂര്‍: ഒരു മാസം മുമ്പ് ജോസ് കാട്ടൂക്കാരന്റെ വീട്ടിലേക്ക് ഒരു ഫോണ്‍ എത്തി. അങ്ങേത്തലയ്ക്കല്‍ കോര്‍പ്പറേഷന്‍ ആദ്യ പ്രതിപക്ഷ നേതാവായിരുന്ന പ്രൊഫ. എ.എം. കൃഷ്ണന്‍. 87 വയസ്സിലെത്തിനില്‍ക്കുന്ന ആദ്യ മേയറുടെ ആരോഗ്യവിവരങ്ങള്‍ അദ്ദേഹം തിരക്കി. ഭാര്യ സെലീനയോടും മറ്റ് കുടുംബാംഗങ്ങളോടും ക്ഷേമം അന്വേഷിച്ചു.

''അന്നൊക്കെ കൗണ്‍സില്‍യോഗങ്ങള്‍ക്ക് തുടക്കമിട്ട് സംസാരിക്കുന്നത് പ്രതിപക്ഷ നേതാവ് കൃഷ്ണന്‍മാഷായിരുന്നു. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പിന്നീടുള്ള ചര്‍ച്ച.''- കൗണ്‍സില്‍ യോഗങ്ങളെക്കുറിച്ച് കാട്ടൂക്കാരന്‍ ഓര്‍ത്തെടുത്തു.

''മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനാണ് രാഷ്ട്രീയത്തിലും ജീവിതത്തിലും ഗുരുവും വഴികാട്ടിയും. 2000-ാം ആണ്ടില്‍ തൃശ്ശൂരിന്റെ ആദ്യ മേയര്‍പദവിയിലേക്ക് തന്നെ കൈപിടിച്ച് ഉയര്‍ത്തിയതും അദ്ദേഹം തന്നെ''. ഓര്‍മകള്‍ക്ക് പ്രായം മങ്ങലേല്പിച്ചുതുടങ്ങിയെങ്കിലും ഉള്ളതു പറയാന്‍ ജോസ് കാട്ടൂക്കാരന് തെല്ലും മടിയില്ല.

കോര്‍പ്പറേഷന്‍ രൂപവത്കരിച്ച ആദ്യസമയത്ത് മാത്രമേ ജോസ് കാട്ടൂക്കാരന്‍ മത്സരിച്ചിട്ടുള്ളൂ, കാര്യാട്ടുകര ഡിവിഷനില്‍നിന്ന്. ആദ്യമത്സരത്തില്‍ത്തന്നെ വിജയിച്ച് മേയറുമായി. കെ. കരുണാകരന്റെ ശക്തമായ പിന്തുണ മേയര്‍സ്ഥാനം ലഭിക്കാന്‍ തുണയായി.

ലാലൂര്‍ മാലിന്യപ്രശ്‌നത്തെച്ചൊല്ലി വീടിനുനേരേ സമരക്കാര്‍ മാലിന്യമെറിഞ്ഞതും കരിങ്കൊടികാട്ടാന്‍ നിന്ന സമരക്കാരെ കബളിപ്പിച്ച് മേയറുടെ ഔദ്യോഗിക കാറുപേക്ഷിച്ച് സുഹൃത്തിന്റെ കാറില്‍ പാതിരായ്ക്കുശേഷം വീട്ടിലെത്തിയതുമെല്ലാം ഭാര്യ സെലീന പറയുമ്പോള്‍ അതെല്ലാം കേട്ട് അദ്ദേഹം സൗമ്യനായി ചിരിച്ചു.

താന്‍ ചെയര്‍മാനായിരുന്ന കൗണ്‍സില്‍ അംഗങ്ങളുടെ ചിത്രം കാട്ടിയപ്പോള്‍ അതിലിപ്പോഴും കൗണ്‍സിലര്‍മാര്‍ ആയിരിക്കുന്നവരെ അദ്ദേഹം ചൂണ്ടിക്കാട്ടി. രാജന്‍ ജെ. പല്ലന്‍, അഡ്വ. എം.കെ. മുകുന്ദന്‍, എം.എല്‍. റോസി, അഡ്വ. എം.പി. ശ്രീനിവാസന്‍ എന്നിവരാണ് ഇപ്പോഴുള്ള കൗണ്‍സിലര്‍മാരില്‍ ആദ്യ കൗണ്‍സിലില്‍ അംഗമായിരുന്നവര്‍. മുന്‍ എം.പി. വി.വി. രാഘവന്‍, സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് മാമക്കുട്ടി എന്നിവരുമായെല്ലാം വ്യക്തിബന്ധം കാത്തുസൂക്ഷിച്ചിരുന്നതായി അദ്ദേഹം പറയുന്നു.

ഭാര്യ സെലീനയ്ക്കും മസ്‌കത്തിലുള്ള രണ്ടാമത്തെ മകന്‍ റാഫേലിന്റെ കുടുബത്തോടുമൊപ്പം അരണാട്ടുകരയിലാണ് ജോസ് കാട്ടൂക്കാരന്റെ താമസം. ആന്റണി, റോസി, റിസന്‍ എന്നിവരാണ് മറ്റ് മക്കള്‍.