തൃശ്ശൂര്‍: കോണ്‍ഗ്രസിന്റെ 'ചരിത്രപരമായ' തലസ്ഥാനമാണ് തൃശ്ശൂര്‍. പനമ്പിള്ളി ഗോവിന്ദമേനോന്റെയും വി.ആര്‍. കൃഷ്ണനെഴുത്തച്ഛന്റെയും ജന്മനാട്. 'മാളയുടെ മാണിക്യ'മായിരുന്ന കെ. കരുണാകരന്റെ തട്ടകം.

പാര്‍ട്ടി ജില്ലയില്‍ ശക്തമാണ്; ഗ്രൂപ്പും. എന്നാല്‍, തിരഞ്ഞെടുപ്പുകളില്‍ ഇതൊന്നും പ്രതിഫലിക്കില്ലെന്നതാണ് പാര്‍ട്ടിയുടെ വിജയവും. പ്രതിഫലിപ്പിച്ച അവസരങ്ങളില്‍ പാര്‍ട്ടി 'അനുഭവിക്കുകയും' ചെയ്തിട്ടുണ്ട്. പ്രവചനങ്ങള്‍ക്കതീതമായി പടക്കളത്തില്‍ വീണുപോയ അനുഭവങ്ങള്‍ അങ്ങനെ ഉണ്ടായതാണ്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനോട് ജില്ല അനുഭാവം കാണിച്ചില്ലെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനിഞ്ഞരുളി. അപ്രതീക്ഷിത ഭൂരിപക്ഷത്തോടെയായിരുന്നു ജില്ലയിലെ മൂന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും ജയിച്ചത്. ഭൂരിപക്ഷം നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് മുന്നണി സ്ഥാനാര്‍ഥികളായിരുന്നു മുന്നില്‍. ആ വിജയത്തിന്റെ പിന്‍ബലം ഇപ്പോഴും അവര്‍ പ്രതീക്ഷിക്കുന്നു. എല്‍.ഡി.എഫ്. നേരിടുന്ന ആരോപണങ്ങളാണ് മറ്റൊരു അനുകൂല ഘടകമായി വിലയിരുത്തുന്നത്.

ഏകോപനം ഇനിയുമകലെ

ബൂത്ത്, ഡിവിഷന്‍, മണ്ഡലതല പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തില്‍ പാര്‍ട്ടി ഏറെ പിന്നിലാണ്. വോട്ടര്‍പ്പട്ടിക പുതുക്കലിലും പുതിയ വോട്ടര്‍മാരെ ചേര്‍ക്കലിലും പിന്നാക്കം പോയി. ഇത് തെളിയിക്കുന്നതാണ് പാര്‍ട്ടി മണ്ഡലം-ബ്ലോക്ക്-ഡി.സി.സി. നേതാക്കളില്‍ നടത്തിയ പേഴ്‌സണല്‍ അസസ്മെന്റ്. 10 ശതമാനത്തോളം നേതാക്കള്‍ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെക്കുന്നതെന്നും 40 ശതമാനത്തിലേറെ പ്രവര്‍ത്തിക്കുന്നേയില്ല എന്നുമുള്ള റിപ്പോര്‍ട്ട് അണികളില്‍ നിരാശയുണ്ടാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പുറത്തുവിട്ടത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് ഭയം.

ഒട്ടേറെ തദ്ദേശസ്ഥാപനങ്ങളില്‍ ഇടതുമുന്നണി കേവലഭൂരിപക്ഷം മാത്രം നേടിയും നേടാതെപോലും ഭരണം നിലനിര്‍ത്തുന്നതും, ലോക് സഭാ തിരഞ്ഞെടുപ്പ് ഫലവും തങ്ങള്‍ക്ക് ഇത്തവണ അനുകൂലമാകുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. മുന്നണിവിട്ട കേരള കോണ്‍ഗ്രസ് എമ്മിന് ജില്ലയില്‍ കാര്യമായ സ്വാധീനമില്ലാത്തതിനാല്‍ അതും ബാധിക്കില്ല. ജില്ലയില്‍ എം.പി.മാരുടെ നിരന്തരമായ സാന്നിധ്യവും സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമായെന്ന് കരുതുന്നവരുടെ വോട്ടും ആര്‍.എം.പി. പോലുള്ള പാര്‍ട്ടികളുെട വോട്ടും കിട്ടുമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിന് ജയസാധ്യത നല്‍കുന്നത്.

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ദളിത്-ഒ.ബി.സി. കോണ്‍ഗ്രസ് പ്രതിനിധികളെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ജില്ലയിലെ മുതിര്‍ന്ന നേതാക്കളും മുന്‍ എം.എല്‍.എ.മാരുമായ രണ്ടുപേരെ മുഖ്യധാരയില്‍നിന്ന് അകറ്റിനിര്‍ത്തുന്നുവെന്ന ആരോപണവും ചര്‍ച്ചയായിട്ടുണ്ട്. ഒരു പരിധിവരെ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാവുന്ന ഘടകങ്ങളാണിത്.

മുതിര്‍ന്ന നേതാക്കള്‍ക്ക് സീറ്റ് നല്‍കുന്നതിനെതിരേ യൂത്ത് കോണ്‍ഗ്രസും പരസ്യമായി രംഗത്തെത്തി. ഇതിലും പരിഹാരം കണ്ടില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കും.

നാഥനില്ലാതിരുന്ന കാലം

പാര്‍ട്ടിയില്‍ ജില്ലയ്ക്ക് നാഥനില്ലാത്ത അവസ്ഥയില്‍നിന്ന് അടുത്തകാലത്ത് ഡി.സി.സി. പ്രസിഡന്റിനെ നിയമിച്ചത് തിരഞ്ഞെടുപ്പിനെ നേരിടാന്‍ അനുകൂല ഘടകമായി. ഒരുവര്‍ഷത്തോളമാണ് തൃശ്ശൂര്‍ ഡി.സി.സി. പ്രസിഡന്റ് ഇല്ലാതെ കിടന്നത്. ഇക്കാലയളവില്‍ പാര്‍ട്ടിയുടെ പ്രകടനങ്ങള്‍ ശുഷ്‌കമായിരുന്നുവെന്നു മാത്രമല്ല, ഗ്രൂപ്പുപോരും പരസ്പരം പഴിച്ചുള്ള ചുവരെഴുത്തും വരെയുണ്ടായി. എന്നാല്‍, ഇത് മുതലെടുക്കാന്‍ എല്‍.ഡി.എഫിനോ ബി.ജെ.പി.ക്കോ സാധിച്ചില്ലെന്നതാണ് കോണ്‍ഗ്രസിന്റെ ആശ്വാസം. 

ഡി.സി.സി. പ്രസിഡന്റ് സ്ഥാനത്തിനുവേണ്ടി ഗ്രൂപ്പടിസ്ഥാനത്തില്‍ ചരടുവലി നടന്നിരുന്നെങ്കിലും എ.െഎ.സി.സി. അംഗീകരിച്ച നിയമനം നടന്നതോടെ ഗ്രൂപ്പുവൈരം ഇല്ലാതായി എന്നത് പാര്‍ട്ടിക്ക് ആശ്വാസമാണ്. എല്ലാ ഗ്രൂപ്പുകാരെയും ഉള്‍പ്പെടുത്തി കെ.പി.സി.സി. സെക്രട്ടറിപ്പട്ടിക പ്രഖ്യാപിച്ചതും പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനത്തിന് കരുത്തായി. ജില്ലയ്ക്കുമാത്രം 11 കെ.പി.സി.സി. സെക്രട്ടറിമാരെയാണ് ലഭിച്ചത്. കെ.പി.സി.സി. വൈസ് പ്രസിഡന്റും ട്രഷററും മൂന്ന് ജനറല്‍ സെക്രട്ടറിമാരും ജില്ലയിലുണ്ട്.

ഡി.സി.സി. പ്രസിഡന്റ് നിര്‍ണയവും കെ.പി.സി.സി. സെക്രട്ടറിപ്പട്ടികയും വൈകിയത് പാര്‍ട്ടിയെ താഴേത്തട്ടിലേക്ക് ചലിപ്പിക്കാനുള്ള സമയം ഇവര്‍ക്ക് നല്‍കിയില്ല. ഒരുക്കങ്ങള്‍ തുടങ്ങിയപ്പോഴേക്കും തിരഞ്ഞെടുപ്പുമെത്തി. പാര്‍ട്ടിയുടെ മുന്‍കാല നേതാക്കളെപ്പോലെ നിലവിലെ ജില്ലാ നേതാക്കള്‍ക്ക് ഗ്രൂപ്പ് മറന്ന് വിശാലമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്നില്ലെന്ന് അണികള്‍ ആരോപിക്കുന്നു.

ഇതില്‍നിന്ന് മോചനം നേടാനുള്ള കര്‍മപദ്ധതി കെ.പി.സി.സി. സ്വീകരിക്കുന്നത് തിരഞ്ഞെടുപ്പ് കളത്തില്‍ ആശ്വാസം നല്‍കുന്നു. അടിസ്ഥാന ഘടകങ്ങളുമായി ജില്ലാ നേതാക്കള്‍ക്ക് ബന്ധം കുറവാണെന്ന പ്രശ്‌നമാണ് മറ്റൊന്ന്.