വെങ്കിടങ്ങ് : പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന കെ.വി. മനോഹരന് ഇനിമുതൽ തിരഞ്ഞെടുപ്പ് ചുമരെഴുത്ത് കാലമാണ്. പഞ്ചായത്തിലെ വൈസ് പ്രസിഡൻറ്‌ എന്നനിലയിൽ ഔദ്യോഗിക തിരക്കുകളിൽനിന്നും സ്ഥാനങ്ങളിൽനിന്നുമൊക്കെ മാറി തിരഞ്ഞെടുപ്പുചൂടിലാണ് ഇദ്ദേഹം. ഇപ്പോൾ പതിനഞ്ചാംവാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർഥിക്കുവേണ്ടി ചുമരെഴുത്തിലാണ്. പത്തോളം ചുമരെഴുത്ത് പൂർത്തിയാക്കാനുണ്ട്.

താൻ ചുമരുകളിൽ എഴുതിയ എല്ലാ സ്ഥാനാർഥികളും വിജയിച്ച ചരിത്രം ഇത്തവണയും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണെന്ന് മനോഹരൻ പറഞ്ഞു. 2015-ൽ പതിനഞ്ചാം വാർഡിലെ സ്ഥാനാർഥിയായിരുന്നു മനോഹരൻ. അന്ന് സ്വന്തം പേരെഴുതി വിജയിച്ചിരുന്നു. മൂന്നര പതിറ്റാണ്ടായി വിവിധ തിരഞ്ഞെടുപ്പുകൾക്ക്‌ ചുമരെഴുതുക പതിവാണ്.

വാർഡിന്റെ സി.പി.എം. സെക്രട്ടറികൂടിയാണ് മനോഹരൻ. കഴിഞ്ഞ അഞ്ചുവർഷം വെങ്കിടങ്ങ് ഗ്രാമപ്പഞ്ചായത്തിനെ നയിക്കുന്നതിൽ ഭരണസമിതിക്കൊപ്പം നിന്ന് നല്ല പങ്കുവഹിച്ചുവെന്ന ചാരിതാർഥ്യത്തോടെയാണ് അദ്ദേഹം പടിയിറങ്ങിയത്. വാർഡ് സംവരണമായതിനാൽ ഇത്തവണ ഇദ്ദേഹം മത്സരിക്കാൻ സാധ്യതയില്ല.