''എടാ, വാ നമുക്ക് തുടങ്ങാം''-മന്ത്രിയുടെ വിളികേട്ട് എം.പി. ഓടിയെത്തി സമീപത്തെ കസേരയിലിരുന്നു. തൃശ്ശൂര്‍ പ്രസ്‌ക്ലബ്ബില്‍ 'തദ്ദേശപ്പോര്' എന്ന രാഷ്ട്രീയസംവാദത്തിന് എത്തിയ മന്ത്രി വി.എസ്. സുനില്‍കുമാറാണ് ടി.എന്‍. പ്രതാപന്‍ എം.പി.യെ ഇരിപ്പിടത്തിലേക്ക് ക്ഷണിച്ചത്. പത്രപ്രവര്‍ത്തകരുമായി സംസാരിച്ചുനിന്ന എം.പി. പിന്നെ വൈകാതെ ഇരിപ്പിടത്തിലെത്തി നയം വ്യക്തമാക്കുന്ന രാഷ്ട്രീയ സംവാദത്തിലേക്ക് കടന്നു.

ഭരണനേട്ടങ്ങളും ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ എല്‍.ഡി.എഫ്. മേല്‍ക്കോയ്മയും വിവരിച്ച് മന്ത്രിയാണ് സംവാദത്തിന് തുടക്കമിട്ടത്. യു.ഡി.എഫിന്റെ വിജയത്തിന് കാരണമാകുന്ന അഞ്ച് കാര്യങ്ങള്‍ അക്കമിട്ട് നിരത്തി എം.പി.യും ചര്‍ച്ച തുടര്‍ന്നു.

കോണ്‍ഗ്രസിന് ജില്ലയില്‍ എത്ര സീറ്റു കിട്ടുമെന്ന് കൃത്യമായി പറയാമെന്നും വേണമെങ്കില്‍ എഴുതി വച്ചോയെന്നും ടി.എന്‍. പ്രതാപന്‍ എം.പി. പറഞ്ഞപ്പോള്‍ കണക്കൊക്കെ എഴുതി കുടുക്കയിലിട്ടു വച്ചാല്‍ മതിയെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. സൗഹൃദം കെടുത്താതെ ഒരു മണിക്കൂറിലേറെ നീണ്ടു രാഷ്ട്രീയ വെല്ലുവിളിയും ആരോപണങ്ങളും.

കണക്കുകള്‍ നിരത്തി ടി.എന്‍. പ്രതാപന്‍ വിജയം അവകാശപ്പെട്ടപ്പോള്‍ അതൊന്നും നടക്കാന്‍ പോകുന്നില്ലെന്നാരുന്നു മന്ത്രിയുടെ വിശദീകരണം. എന്റെ കഷണ്ടിക്കും യു.ഡി.എഫിന്റെ അധികാര മോഹത്തിനും ഇതുവരെ മരുന്നു കണ്ടെത്തിയിട്ടില്ലെന്ന മറുപടി എം.പി.യെ ചിരിപ്പിച്ചു.


അവകാശങ്ങളും ആരോപണങ്ങളും

ബി.െജ.പി.യെ തോല്‍പ്പിക്കാന്‍ ഒറ്റക്കെട്ട്
വിരുദ്ധ ചേരിയിലാണെങ്കിലും ബി.ജെ.പി.യിലെ സ്ഥാനാര്‍ഥികളെ ജില്ലയില്‍ ഒരിടത്തുപോലും വിജയിക്കാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒറ്റക്കെട്ടാണെന്നും പ്രതാപന്‍. ഇതില്‍ മന്ത്രി സുനില്‍കുമാറിന് എതിരഭിപ്രായമുണ്ടാകില്ലെന്നും പ്രതാപന്‍ പറഞ്ഞു. മന്ത്രി ഇതിനോട് വിയോജിച്ചില്ല. കേരളത്തിനു പുറത്ത് പലയിടങ്ങളിലും ഇക്കാര്യത്തിനായി കോണ്‍ഗ്രസും കമ്യൂണിസ്റ്റ് കക്ഷികളും സഖ്യത്തിലേര്‍പ്പെടുന്ന കാര്യവും പ്രതാപന്‍ സൂചിപ്പിച്ചു.

മന്ത്രി: തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ 32 സീറ്റുമായി എല്‍.ഡി.എഫ്. അധികാരത്തില്‍ വരും.

എം.പി: തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ 46 സീറ്റ് യു.ഡി.എഫ്. നേടും.

മന്ത്രി: ആറ് മുനിസിപ്പാലിറ്റിയും ജില്ലാ പഞ്ചായത്തും 13 ബ്ലോക്ക് പഞ്ചായത്തും 60 ഗ്രാമപ്പഞ്ചായത്തും എല്‍.ഡി.എഫിന്റ ഭരണത്തിലാണ്.

എം.പി.: ജില്ലാ പഞ്ചായത്തും ആറ് മുനിസിപ്പാലിറ്റിയും 12 ബ്ലോക്ക് പഞ്ചായത്തും 58 ഗ്രാമപ്പഞ്ചായത്തും ഇനി യു.ഡി.എഫ്. ഭരിക്കും.

*******

മന്ത്രി: ക്ഷേമപെന്‍ഷനുകളുടെ എണ്ണവും തുകയും ഈ സര്‍ക്കാര്‍ ഉയര്‍ത്തി.

എം.പി.: യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തും ഉയര്‍ത്തിയിട്ടുണ്ട്. കാലാകാലങ്ങളില്‍ ഉയര്‍ത്തുന്നതാണ്.

മന്ത്രി: ലൈഫ് മിഷന്‍ ആരോപണം ജനം മുഖവിലയ്‌ക്കെടുക്കില്ല.

എം.പി.: ലൈഫ് മിഷന്റെ പ്രതിഫലനം വടക്കാഞ്ചേരി നഗരസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ കാണാം.

മന്ത്രി: എല്‍.ഡി.എഫ്. ജില്ലയില്‍ വിജയം തൂത്തുവാരും.

എം.പി.: കോര്‍പ്പറേഷനുള്‍പ്പെടെ ജില്ല യു.ഡി.എഫ്. തിരിച്ചുപിടിക്കും.

*******

മന്ത്രി: 13-ല്‍ 12 എം.എല്‍.എ.മാരും എല്‍.ഡി.എഫിന്റേതാണ്.

എം.പി.: ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിനായിരുന്നു മുന്‍തൂക്കം

മന്ത്രി: മികച്ച യുവസ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്.

എം.പി.: വിജയസാധ്യതയുള്ളവരെ പ്രത്യേകം കണ്ടെത്തിയാണ് നിര്‍ത്തിയിരിക്കുന്നത്.

എം.പി.: ഈ തിരഞ്ഞെടുപ്പിലും ബി.ജെ.പി.-എല്‍.ഡി.എഫ്. അന്തര്‍ധാരയുണ്ട്. ചില ഡിവിഷനുകളില്‍ ബി.ജെ.പി.യിലെ സംസ്ഥാന നേതാവിന്റെയടക്കം അസാന്നിധ്യം അതിനുദാഹരണമാണ്.

മന്ത്രി: വെല്‍ഫെയര്‍ പാര്‍ട്ടിക്ക് അന്തര്‍ധാരയുള്ളത് കോണ്‍ഗ്രസുമായിട്ടാണ്. ചാവക്കാട് നഗരസഭയിലും പുന്നയൂര്‍ക്കുളത്തും കയ്പമംഗലത്തുമൊക്കെ ധാരണയുള്ള കാര്യം എല്ലാവര്‍ക്കുമറിയാം.

എം.പി.: തൃശ്ശൂരില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ബന്ധവും കോണ്‍ഗ്രസിനില്ല.

മന്ത്രി: ബി.ജെ.പി.യുമായി ഒരു ബന്ധവും എല്‍.ഡി.എഫിനില്ല.

*******

എം.പി: ഈ സര്‍ക്കാരിന്റെ അഴിമതി കൊച്ചുകുട്ടിക്ക് വരെ അറിയാം. അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും

മന്ത്രി: അഴിമതിക്കെതിരേ വോട്ട് എന്ന മുദ്രാവാക്യം യു.ഡി.എഫ്. ഉപേക്ഷിച്ചതെന്തിനാണ്. അഴിമതിക്കെതിരേ വോട്ട് ചോദിച്ച് ജാഥ കാസര്‍കോട്ടുനിന്ന് തുടങ്ങാനാകില്ലെന്നതാണ് കാരണം.

എം.പി.: തൃശ്ശൂരിലെയും ഗുരുവായൂരിലെയും തദ്ദേശ പദ്ധതി നിര്‍വഹണം ഊരാളുങ്കല്‍ സംഘത്തെ ഏല്‍പ്പിച്ചതിലെ അഴിമതി ഇ.ഡി.യുടെ നിരീക്ഷണത്തിലാണ്.

മന്ത്രി: ഇ.ഡി.യും കസ്റ്റസും ഇല്ലാതെ യു.ഡി.എഫിന് മുന്നോട്ട് പോകാനാകില്ല. അവരിലാണ് അവസാന പ്രതീക്ഷ.