ദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നോക്കിയാണോ വോട്ടുചെയ്യുക ? അതോ പാര്‍ട്ടി നോക്കിയോ ? തൃശ്ശൂര്‍ ജില്ലയിലെ നാല്‍പ്പത് വോട്ടര്‍മാരോട് ഇതേചോദ്യം ആവര്‍ത്തിച്ചു. രണ്ടും നോക്കുമെന്നാണ് 21 പേരുടെയും മറുപടി. സ്ഥാനാര്‍ഥിയുടെ വ്യക്തിത്വമാണ് പരിഗണനയെന്ന് 13 പേര്‍. രാഷ്ട്രീയം നോക്കിയാണ് തീരുമാനമെന്ന് ആറുപേര്‍.

ഗ്രാമപ്പഞ്ചായത്തിലും നഗരസഭകളിലുമാണ് വ്യക്തിപരിഗണന കൂടുതല്‍. ആവശ്യങ്ങള്‍ക്ക് കിട്ടുന്നവനാകണം മെമ്പറെന്ന് പൊതുവികാരം. ജില്ലാപഞ്ചായത്ത്, ബ്ലോക്ക്, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ വോട്ട് തീരുമാനത്തില്‍ രാഷ്ട്രീയവും കടന്നുവരുന്നു.

പെരുമ്പിലാവിലെ ടാക്‌സിക്കാരന്‍ ഷാജി പറഞ്ഞതിങ്ങനെ: ''നിയമസഭയിലും ലോക്സഭയിലുമാണ് രാഷ്ട്രീയം നോക്കി വോട്ടുകുത്തല്‍. പഞ്ചായത്തില്‍ ആളുതന്നെ പ്രധാനം. എല്ലാവരും കണക്കാണെങ്കില്‍ പിന്നെ രാഷ്ട്രീയവും കയറിക്കൂടും.''

ഭാവിപറയും വോട്ട്

ഒരു പാര്‍ട്ടിയുടെ കൂടെയും ഉറച്ചുനില്‍ക്കാറില്ല തൃശ്ശൂര്‍. മാറിമറിയുന്ന മനസ്സാണ്. അതുകൊണ്ടുതന്നെ, കേരളം എങ്ങോട്ട് നീങ്ങുമെന്ന് തൃശ്ശൂരിലെ വോട്ടുനില നോക്കിയാല്‍ അറിയാമെന്ന് പറയുന്നവരുണ്ട്.

2014-ലോക്സഭയിലും 2015-തദ്ദേശത്തിലും 2016-നിയമസഭയിലും ജില്ല ഇടത്തോട്ട് ചാഞ്ഞു; കേരളവും. 111 തദ്ദേശ സ്ഥാപനങ്ങളില്‍ 88 എണ്ണവും നിന്നത് എല്‍.ഡി.എഫിനൊപ്പം. ജില്ലാപഞ്ചായത്തും കോര്‍പ്പറേഷനും പിടിച്ചെടുത്തു. 13 നിയമസഭാ സീറ്റുകളില്‍ 12-ഉം ഇടതുമുന്നണി നേടി. വടക്കാഞ്ചേരിയില്‍ അനില്‍ അക്കര മാത്രമാണ് യു.ഡി.എഫില്‍നിന്ന് കരകയറിയത്; അതും രണ്ടക്കം കടക്കാത്ത ഭൂരിപക്ഷത്തില്‍.

2019-ലോക്സഭാ തിരഞ്ഞെടുപ്പ് ഫലമാണ് ഇത്തവണ യു.ഡി.എഫിന് കരുത്തുപകരുന്നത്. 66 ഗ്രാമപ്പഞ്ചായത്തുകളിലും ആറ് നഗരസഭകളിലുമാണ് മേല്‍ക്കൈ. കോര്‍പ്പറേഷനിലുമുണ്ട് 30,000 വോട്ടിന്റെ ലീഡ്.

കഴിഞ്ഞതവണ അവിണിശ്ശേരി പഞ്ചായത്തില്‍ ഭരണം നേടിയ ബി.ജെ.പി.ക്ക് ഇക്കുറി കൂടുതല്‍ ലക്ഷ്യങ്ങളുണ്ട്. കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ രണ്ടാമത്തെ കക്ഷിയുമായി അവര്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറ് പഞ്ചായത്തുകളില്‍ ബി.ജെ.പി.ക്ക് മുന്‍തൂക്കമുണ്ട്. കോര്‍പ്പറേഷനില്‍ രണ്ടാംസ്ഥാനത്തെത്തിയ എന്‍.ഡി.എ. ഇക്കുറി ഭരണം തന്നെയാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണനെ മേയര്‍ സ്ഥാനാര്‍ഥിയായി കളത്തിലിറക്കിയതും അതിനുതന്നെ.

ചിഹ്നം വിട്ടുള്ള കളി

പാര്‍ട്ടിചിഹ്നം ഒഴിവാക്കിയും സ്വതന്ത്രരെ രംഗത്തിറക്കിയും സകല അടവുകളും പയറ്റുന്നുണ്ട് യു.ഡി.എഫും എല്‍.ഡി.എഫും. പ്രാദേശിക പ്രശ്‌നങ്ങള്‍ക്കൊപ്പം വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് വിവാദവും സ്വര്‍ണക്കടത്ത് കേസുമെല്ലാം പ്രചാരണത്തില്‍നിറയുന്നു. വിവാദങ്ങള്‍ ബാധിക്കുമോയെന്നാണ് ഇടതുപാളയത്തിലെ ആധി. തൃശ്ശൂരില്‍ പലതും തങ്ങളുടെ 'പാരമ്പര്യ സീറ്റാ'ണെന്ന കോണ്‍ഗ്രസിന്റെ വാദം ജനം അംഗീകരിക്കുമോ? ചിലയിടങ്ങളില്‍ സ്ഥാനാര്‍ഥികളില്ലെന്ന തലവേദനയുണ്ട് ബി.ജെ.പിക്ക്. എങ്കിലും, മിക്കയിടത്തും പാര്‍ട്ടി ചിഹ്നത്തിലാണ് മത്സരമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

നിരത്തിലെ വികൃതികള്‍

റോഡുകളില്‍ എഴുതുന്നതും ചിഹ്നം വരയ്ക്കുന്നതും നിയമവിരുദ്ധമാണ്. പക്ഷേ, തിരഞ്ഞെടുപ്പ് കാലത്ത് ഈ കലാപരിപാടിക്ക് ഒട്ടും കുറവില്ല. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമീണമേഖലകളിലാണ് 'റോഡെഴുത്ത്' കൂടുതല്‍. ചെറുപാര്‍ട്ടികള്‍വരെ ഇക്കാര്യത്തില്‍ മുന്നിലുണ്ട്. പോലീസ് കേസെടുക്കാന്‍ തുടങ്ങിയതുകൊണ്ടാകണം 'ബുക്ക്ഡ്' ആയ ചില നിരത്തുകളില്‍ പിന്നീടൊന്നും എഴുതിയിട്ടില്ല.

ചാലക്കുടി മേല്‍പ്പാലത്തിന് താഴെ 'മണിച്ചേട്ടന്‍ ഓട്ടോ സ്റ്റാന്‍ഡില്‍' വോട്ടുവര്‍ത്തമാനം തകൃതിയായി നടക്കുന്നു. പല പാര്‍ട്ടിക്കാരുണ്ടെങ്കിലും ഒരുകാര്യത്തില്‍ അവര്‍ ഒറ്റക്കെട്ട്: 'മണിച്ചേട്ടനെപ്പോലെ മറ്റുള്ളവരെ സഹായിക്കുന്നവരാകണം രാഷ്ട്രീയക്കാര്‍'.

Content Highlights: Kerala  Local Body Election 2020