മുപ്ലിയം: മുത്തുമലയിലെ സഖാവിന്റെ ചായക്കടയില്‍ ചായ കുടിക്കാം ഒപ്പം രാഷ്ട്രീയവും പറയാം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സി.പി.എം. പ്രവര്‍ത്തകര്‍ തുറന്ന ചായക്കട ഇപ്പോള്‍ കക്ഷിഭേദമില്ലാത്ത തുറന്ന ചര്‍ച്ചാവേദിയാണ്. 

കര്‍ഷക തൊഴിലാളികളും വിദ്യാര്‍ഥികളും ഉദ്യാേഗസ്ഥരും ഇവിടുത്തെ ചര്‍ച്ചകളില്‍ പങ്കാളികളാകുന്നു.
പഴയകാലത്തെ നാടന്‍ ചായക്കടകളെ ഓര്‍മിപ്പിക്കുംവിധം കവുങ്ങിന്‍ തൂണുകളില്‍ ഓല മേഞ്ഞതാണ് കട. ചില്ല് കൂട്ടില്‍ നിരത്തിയ പലഹാരങ്ങളും പഴയ സിനിമാ പോസ്റ്ററുകളും ശരിക്കും നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നതാണ്.

ചായക്കും ചെറുകടികള്‍ക്കും ആറുരൂപ മാത്രം. വൈകീട്ട് മൂന്ന് മുതല്‍ രാത്രി ഒമ്പതുവരെ തുറക്കുന്ന ചായക്കടയില്‍ ആളൊഴിഞ്ഞ നേരമില്ല. ചര്‍ച്ചയ്ക്ക് ബലം കിട്ടാന്‍ നാല് പത്രങ്ങളും ഇവിടെ വരുത്തുന്നുണ്ട്. സമീപവാസിയായ പരമേശ്വരനാണ് ചായക്കടയുടെ നടത്തിപ്പ് ചുമതല.

Content Highlights:Kerala Local Body Election 2020