കൊടുങ്ങല്ലൂര്‍:എനിക്ക് പോസ്റ്റല്‍ ബാലറ്റ് വേണ്ട. എല്ലാത്തവണത്തെയുംപോലെ ബൂത്തിലെത്തി ആദ്യത്തെ വോട്ടുചെയ്യണം. എത്രയോ കാലമായി ഒന്നാമനായി വോട്ടുചെയ്യുവാന്‍ പുലര്‍ച്ചെ മുതല്‍ വീടിനടുത്തുള്ള സ്‌കൂള്‍ വരാന്തയില്‍ കാത്തുനില്‍ക്കാറുണ്ട്. അതിന്റെ രസമൊന്നുവേറെയാ' -എഴുപത്താറുകാരനായ കോവിഡ്ബാധിതന്‍ തീര്‍ത്തുപറഞ്ഞു. ഇതോടെ പി.പി.ഇ. കിറ്റിലെത്തിയ ഞങ്ങള്‍ കൂടുതല്‍ വിയര്‍ത്തു.

കോവിഡ് ബാധിച്ചവര്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തയ്യാറാക്കിയ പ്രത്യേക വോട്ടര്‍പട്ടികയിലായിരുന്നു കൊടുങ്ങല്ലൂരിലെ ഈ വോട്ടറുടെ സ്ഥാനം. ദിവസങ്ങള്‍ക്കുമുമ്പേ വോട്ടുചെയ്യാന്‍ കഴിയുന്നത് മഹാഭാഗ്യമല്ലേയെന്നും മറ്റും ചോദിച്ച് വരുതിയിലാക്കി ഒടുവില്‍ വോട്ടും വാങ്ങി പോന്നു.

'കോവിഡ് രോഗികളെക്കൊണ്ട് വോട്ടുചെയ്യിക്കാനുള്ള യാത്രയ്ക്കിടെ ഇത്തരത്തില്‍ വ്യത്യസ്തങ്ങളായ ധാരാളം അനുഭവങ്ങളുണ്ടായി. ഇനിയൊരിക്കലും ഇത്തരത്തിലൊരു തിരഞ്ഞെടുപ്പനുഭവം ഉണ്ടായില്ലെന്നുവരാം. ഉണ്ടാകാതിരിക്കട്ടെയെന്നാണ് പ്രാര്‍ത്ഥന'- തൃശ്ശൂര്‍ ഗവ. ലോ കോളേജിലെ അസി. പ്രൊഫസര്‍ യു. പ്രീത പറയുന്നു.

യു. പ്രീത'ദിവസങ്ങളായി ഒറ്റപ്പെടലിന്റെ ദുഃഖമനുഭവിക്കുന്നവര്‍, വഴിയില്‍ വന്ന് എത്തിനോക്കിപ്പോകുന്ന കൂടപ്പിറപ്പുകള്‍, ഫോണ്‍പോലും ചെയ്യുവാന്‍ ഭയപ്പെടുന്ന ബന്ധുക്കള്‍. കോവിഡ്ബാധിതര്‍ക്ക് ഞങ്ങളോട് ഒറ്റപ്പെടലിന്റെ സങ്കടങ്ങളും പങ്കുവെയ്ക്കാനുണ്ടായിരുന്നു'.

കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളില്‍ പോളിങ് ഓഫീസറായി പ്രീത ജോലിചെയ്തിട്ടുണ്ട്. ഇത്തവണ സ്‌പെഷ്യല്‍ പോളിങ് ഓഫീസറായി.

'വീടുകളില്‍ അധികസമയം തങ്ങാതിരിക്കുവാന്‍ തലേദിവസംതന്നെ രോഗികളെ ഫോണില്‍ വിളിച്ച് നിര്‍ദേശം നല്‍കും. തിരിച്ചറിയല്‍രേഖയും വോട്ട് രേഖപ്പെടുത്താനുള്ള പേനയും മറ്റും എടുത്തുവെയ്ക്കാന്‍ ആവശ്യപ്പെടും. പി.പി.ഇ. കിറ്റിനുള്ളില്‍ കയറി പരിചിതമല്ലാത്ത ഊടുവഴികളിലൂടെ സഹായിയെയും കൂട്ടിയാണ് വീടുകള്‍ തേടിപ്പിടിക്കുന്നത്. വാഹനം റോഡരികില്‍ നിര്‍ത്തി ഇടവഴികളിലൂടെ തോടും പാടവും മറ്റും താണ്ടിയുള്ള യാത്ര കഠിനംതന്നെ.

പി.പി.ഇ. കിറ്റ് ധരിച്ച് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്മാരെപ്പോലെ നടന്നുനീങ്ങുന്ന ഞങ്ങളെ കണ്ട് അല്പം ഭയത്തോടെ തുറിച്ചുനോക്കുന്ന നാട്ടിന്‍പുറത്തുകാരെ കാണുമ്പോള്‍ ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായിപ്പോകും ഞങ്ങള്‍ -പ്രീത പറയുന്നു.

Content Highlights: Kerala Local Body Election 2020