ചെറുതുരുത്തി: കേരള കലാമണ്ഡലം സ്ഥിതി ചെയുന്ന തൃശൂര്‍ ചെറുതുരുത്തിയിലെ നെടുമ്പുരക്കാര്‍ക്ക് ഈ തിരഞ്ഞെടുപ്പുകാലം ആവേശത്തിന്റേതാണ്. ആനകളുടെ തലപ്പൊക്കമത്സരം പോലെ വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡ് നെടുമ്പുരയില്‍ തിരഞ്ഞെടുപ്പില്‍ കൂറ്റന്‍ ബോര്‍ഡുകള്‍ നിര്‍മ്മിച്ചു കൊണ്ടുള്ള സൗഹൃദ  മത്സരമാണ് നടക്കുന്നത്.

നെടുമ്പുര സെന്ററിന് സമീപം ഒഴിഞ്ഞ പറമ്പിലാണ് പ്രധാന മുന്നണി സ്ഥാനാര്‍ഥികളുടെ പടുകൂറ്റന്‍ ബോര്‍ഡുകള്‍ നിറഞ്ഞു നില്‍ക്കുന്നത്. ഒരാള്‍ വലുതു വെച്ചാല്‍ മറ്റേയാള്‍ അതിലും വലുതു ഉയര്‍ത്തും എന്ന നിലയില്‍ 15 അടിയില്‍ നിന്നും മത്സരിച്ചു തുടങ്ങിയ ബോര്‍ഡ് ഉയര്‍ത്തല്‍ ഇപ്പോള്‍ 40 അടി ഉയരത്തില്‍ എത്തി നില്‍ക്കുന്നു.

തിരഞ്ഞെടുപ്പിലെ ഒരു ആവേശമായി യുവാക്കളാണ് ഇത് ഏറ്റെടുത്തിരിക്കുന്നത്. തുണി കൊണ്ടു നിര്‍മ്മിച്ച പ്രിന്റ് ചെയ്ത ബോര്‍ഡുകള്‍ വീഴാതിരിക്കാന്‍ പന്തല്‍ പോലെ കെട്ടി ഉയര്‍ത്തിയ ഫ്രെയിമിലാണ് ഇവ തല ഉയര്‍ത്തി നില്‍ക്കുന്നത്. തിരഞ്ഞെടുപ്പ് ജയിക്കുന്നത് ഏതുമുന്നണി സ്ഥാനാര്‍ഥിയായാലും നെടുമ്പുരയിലെ ബോര്‍ഡ് മത്സരം ചേലക്കര മണ്ഡലത്തില്‍ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.

Content Highlights: Kerala Local Body Election 2020