തൃശ്ശൂര്‍: ചെമ്പുക്കാവിലെ വീട്ടില്‍ വോട്ട് ചോദിച്ച് എത്തിയതാണ് വനിതാസ്ഥാനാര്‍ഥി. വാതില്‍ തുറന്ന് മുന്നിലെത്തിയ ഗൃഹനാഥനോട് സ്ഥാനാര്‍ഥി ചോദിച്ചു, ''ചേച്ചിയില്ലേ ചേട്ടാ...'' സ്ത്രീകള്‍ക്ക് സ്ത്രീകളോടുള്ള സ്‌നേഹം മാത്രമാണ് ഈ ചോദ്യത്തിനു പിന്നിലെന്ന് കരുതിയാല്‍ തെറ്റി. വോട്ട് വീഴണമെങ്കില്‍ ജില്ലയിലെ പെണ്ണുങ്ങള്‍ത്തന്നെ കനിയണമെന്ന് ജില്ലയിലെ സ്ത്രീപുരുഷ സ്ഥാനാര്‍ഥികള്‍ക്ക് നന്നായറിയാം. കാരണം തൃശ്ശൂരില്‍ പെണ്‍വോട്ടര്‍മാര്‍ക്ക് അത്രയുണ്ട് സ്വാധീനം.
സ്ഥാനാര്‍ഥികളെ, ഇത്തവണ നിങ്ങള്‍ക്ക് ജയിക്കണമെങ്കില്‍ സ്ത്രീയുടെ മനസ്സില്‍ കയറിപ്പറ്റണം. അവരാണ് ഇത്തവണ കാര്യങ്ങള്‍ നിശ്ചയിക്കുക
- പുതുക്കിയ വോട്ടര്‍പട്ടികപ്രകാരം പുരുഷന്മാരേക്കാള്‍ 1.56 ലക്ഷം ലീഡ് സ്ത്രീകള്‍ക്കുണ്ട്. സംസ്ഥാനത്ത് സ്ത്രീവോട്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനമാണ് ജില്ലയ്ക്ക്. 1,000 പുരുഷന്മാര്‍ക്ക് 1,099 സ്ത്രീകള്‍ എന്ന നിലയിലാണ് ഇത്തവണത്തെ വര്‍ധന.
- ജില്ലയിലെ ആകെ വോട്ടര്‍മാര്‍26,91,364
- സ്ത്രീ വോട്ടര്‍മാര്‍ 14,24,160
- കന്നിവോട്ടര്‍മാരില്‍ മാത്രമാണ് പെണ്ണുങ്ങള്‍ അല്പം പിറകിലായത്. ആദ്യമായി വോട്ട് ചെയ്യുന്ന 9,224 പുരുഷന്മാരുള്ളപ്പോള്‍ സ്ത്രീകള്‍ 8,865 പേരാണുള്ളത്.
സ്ഥാനാര്‍ഥികളിലും സ്ത്രീകള്‍ മുന്നില്‍
വോട്ടര്‍മാരുടെ കാര്യത്തില്‍ മാത്രമല്ല, സ്ഥാനാര്‍ഥികളുടെ എണ്ണം നോക്കുമ്പോഴും മുമ്പെങ്ങുമില്ലാത്തവിധം സ്ത്രീകളുടെ മുന്നേറ്റം വ്യക്തമാണ്. ജില്ലയില്‍ ആകെ മത്സരിക്കുന്ന 7,101 സ്ഥാനാര്‍ഥികളില്‍ 3,698 പേര്‍ സ്ത്രീകളാണ്. പുരുഷസ്ഥാനാര്‍ഥികള്‍ 3,403 പേരും. മുന്നണികള്‍ പലയിടത്തും 50 ശതമാനം സ്ത്രീസംവരണം എന്നതിലപ്പുറം ചിന്തിച്ച് ജനറല്‍ സീറ്റുകള്‍ പോലും സ്ത്രീകള്‍ക്കായി മാറ്റിവെച്ചു. മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥിപ്പട്ടിക പരിശോധിച്ചാല്‍ ഈ പരിഗണന വ്യക്തമാണ്. ആകെയുള്ള ഏഴ് നഗരസഭകളില്‍ അഞ്ചിടത്തും വനിതാസ്ഥാനാര്‍ഥികളാണ് കൂടുതല്‍.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പാണെങ്കിലും സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള വിലയിരുത്തലാകും ഈ തിരഞ്ഞെടുപ്പ്. പൊതുശൗചാലയങ്ങളുടെ കുറവാണ് പ്രധാന പ്രശ്‌നം. സമ്പൂര്‍ണ ശുചിത്വപ്രഖ്യാപനം നടന്ന നഗരങ്ങളില്‍പോലും സ്ത്രീസൗഹൃദമായ ശൗചാലയങ്ങളുടെ കുറവുണ്ട്. ഇത്തരം വിഷയങ്ങള്‍ത്തന്നെയാകും ബൂത്തിലെത്തുമ്പോള്‍ സ്ത്രീകളുടെ മനസ്സിലുണ്ടാവുക. - ഷാഹിദ റഹ്മാന്‍, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി
തൃശ്ശൂരടക്കം പലയിടങ്ങളിലും ശക്തമായ ത്രികോണമത്സരം നടക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ഇവിടങ്ങളിലെല്ലാം സ്ത്രീകള്‍ത്തന്നെയാകും വിജയം നിശ്ചയിക്കുക. സ്ത്രീശാക്തീകരണം വാക്കില്‍ മാത്രമല്ല പ്രവൃത്തിയിലും നടപ്പാക്കിവരുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. കഴിവുമാത്രമല്ല നേരും നെറിയുമുള്ളവരാണ് ജനപ്രതിനിധികളായി വരേണ്ടത്. വോട്ടുചെയ്യാന്‍ ബൂത്തുകളില്‍ നില്‍ക്കുമ്പോള്‍ സ്ത്രീകള്‍ ചിന്തിക്കേണ്ടതും ഇതുതന്നെയാണ്.- എം.എസ്. സമ്പൂര്‍ണ, ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ്
പ്രകൃതിദുരന്തങ്ങളടക്കം ഏറെ പ്രതിസന്ധി നേരിട്ട അഞ്ചുവര്‍ഷമാണ് പിന്നിട്ടത്. അതേസമയം എല്ലാത്തലത്തിലും പൂര്‍ണസംരക്ഷണം നേടിയ അഞ്ചുവര്‍ഷംകൂടിയായിരുന്നു ഇത്. പ്രത്യേകിച്ച് സ്ത്രീകളെ സംബന്ധിച്ചിടത്തോളം രണ്ട് പ്രളയകാലത്തും വീടുകളില്‍നിന്നകന്ന് ക്യാമ്പുകളില്‍ ധൈര്യത്തോടെ കഴിയാനായി. ശുദ്ധമായ കുടിവെള്ളവും ഭക്ഷണവും ലഭിച്ചു. കോവിഡ്കാലത്ത് പട്ടിണിയിലായവര്‍ക്ക് ഏറെ തുണയായത് സര്‍ക്കാര്‍ നല്‍കിയ ഭക്ഷ്യകിറ്റുകളാണ്. സ്ത്രീകള്‍ക്കിടയിലെ പരിപൂര്‍ണസംതൃപ്തി വോട്ടായി മാറുമെന്നതില്‍ ഒട്ടും സംശയമില്ല.- ഷീലാ വിജയകുമാര്‍, സി.പി.ഐ. സ്റ്റേറ്റ് കൗണ്‍സില്‍ അംഗം
Content Highlights: Kerala Local Body Election 2020