ചാവക്കാട്: തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, പുറമേക്ക് ശാന്തമെന്നു തോന്നുമെങ്കിലും അടിത്തട്ട് ഇളക്കുന്ന പ്രചാരണത്തിലാണ് മൂന്ന് മുന്നണികളും. പ്രധാന പോരാട്ടം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണെങ്കിലും പരമാവധി സീറ്റുകള്‍ നേടി നിര്‍ണായക ശക്തിയാവാനാണ് എന്‍.ഡി.എ.യുടെ ശ്രമം. പ്രചാരണത്തില്‍ എല്ലാ കാലത്തെയുംപോലെ ഇത്തവണയും എല്‍.ഡി.എഫ്. തന്നെയാണ് അല്‍പ്പം മുന്നില്‍. സ്ഥാനാര്‍ഥി അഭ്യര്‍ഥനയും മുന്നണി അഭ്യര്‍ഥനയും പ്രകടനപത്രികയുമായി മൂന്നിലേറെ തവണ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ വീടുകളിലെത്തിക്കഴിഞ്ഞു.10 വീടുകള്‍ ചേര്‍ന്നുള്ള കുടുംബയോഗങ്ങളാണ് എല്‍.ഡി.എഫ്. ഇപ്പോള്‍ നടത്തുന്നത്. ചൊവ്വാഴ്ച മുതല്‍ ബൂത്തുതല പൊതുയോഗങ്ങളിലേക്ക് എല്‍.ഡി.എഫ്. കടക്കും. 15 വര്‍ഷമായി നഗരസഭ ഭരിക്കുന്ന എല്‍.ഡി.എഫ്. വികസനപ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് വോട്ടുചോദിക്കുന്നത്.

കരുവന്നൂര്‍ കുടിവെള്ളപദ്ധതി, പാവപ്പെട്ടവര്‍ക്ക് 1000 വീടുകള്‍, കുട്ടികളുടെ പാര്‍ക്ക്, കൂട്ടുങ്ങല്‍ ചത്വരം തുടങ്ങി ഒരുപിടി നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെക്കാനുണ്ടെന്ന് നഗരസഭാ മുന്‍ ചെയര്‍മാനും സി.പി.എം. ഏരിയാ സെക്രട്ടറിയുമായ എന്‍.കെ. അക്ബര്‍ പറഞ്ഞു. ഇവയ്‌ക്കെല്ലാം പുറമേ, കോണ്‍ഗ്രസിലെ ഗ്രൂപ്പിസവും വിമതശല്യവും അനൈക്യവും എല്‍.ഡി.എഫിന് മേല്‍ക്കൈ നല്‍കുമെന്നും കഴിഞ്ഞതവണ നേടിയ 21 സീറ്റിനേക്കാള്‍ കൂടുതല്‍ ഇത്തവണ ലഭിക്കുമെന്നും എന്‍.കെ. അക്ബര്‍ പറഞ്ഞു

അല്‍പ്പം വൈകിയാണ് പ്രചാരണം തുടങ്ങിയതെങ്കിലും ഓടിയൊപ്പമെത്താന്‍ യു.ഡി.എഫിന് കഴിഞ്ഞെന്നാണ് നേതാക്കളുടെ അഭിപ്രായം. എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളുടെ വീടുസന്ദര്‍ശനം മൂന്നും നാലും തവണ പൂര്‍ത്തിയായി. വാര്‍ഡുതല കണ്‍വെന്‍ഷനുകളാണ് യു.ഡി.എഫ്. ഇപ്പോള്‍ നടത്തുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ യു.ഡി.എഫിന്റെ നഗരസഭാതല അഭ്യര്‍ഥന വീടുകളിലെത്തിക്കുമെന്ന് തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന കെ. നവാസ് പറഞ്ഞു. അത് കഴിഞ്ഞാലുടന്‍ പ്രകടനപത്രികയുമായി വീടുകളിലെത്തും.

വികസനമുരടിപ്പാണ് 15 വര്‍ഷം ഭരിച്ച എല്‍.ഡി.എഫ്. ചാവക്കാടിന് നല്‍കിയതെന്നും ഒട്ടും നിക്ഷേപസൗഹൃദമല്ലാത്ത ഇടമാക്കി ചാവക്കാടിനെ എല്‍.ഡി.എഫ്. ഭരണം മാറ്റിയെന്നും നവാസ് പറഞ്ഞു. ഇതിനൊരു മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും നവാസ് പറഞ്ഞു. എല്‍.ഡി.എഫിന് മേല്‍ക്കൈയുള്ള പടിഞ്ഞാറന്‍ മേഖലയില്‍ കൂടുതല്‍ സീറ്റുകള്‍ നേടുകയും അധികാരം പിടിക്കുകയും ചെയ്യുമെന്നാണ് യു.ഡി.എഫ്. നേതാക്കള്‍ അവകാശപ്പെടുന്നത്.

നിലവില്‍ ചാവക്കാട്ട് സീറ്റില്ലെങ്കിലും ഈ തിരഞ്ഞെടുപ്പോടെ നിര്‍ണായക ശക്തിയായി മാറാനുള്ള ശ്രമമാണ് എന്‍.ഡി.എ. നടത്തുന്നത്. സ്ഥാനാര്‍ഥികള്‍ മൂന്ന് റൗണ്ട് പര്യടനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കുടുംബയോഗം ഉള്‍പ്പെടെയുള്ള പരിപാടികളും നടക്കുന്നുണ്ട്. 32-ാം വാര്‍ഡില്‍ ഒഴികേ, എല്ലായിടത്തും ഇത്തവണ സ്ഥാനാര്‍ഥികളുണ്ട്. കേന്ദ്രത്തിന്റെ പല പദ്ധതികളും പേരുമാറ്റി നടപ്പാക്കുക മാത്രമാണ് എല്‍.ഡി.എഫ്. ഭരണസമിതി ചാവക്കാട്ട് നടത്തിയതെന്ന് ബി.ജെ.പി. ചാവക്കാട് മുനിസിപ്പല്‍ പ്രസിഡന്റ് പ്രസന്നന്‍ പാലയൂര്‍ പറഞ്ഞു.

  • കക്ഷിനില
  • ആകെ 32 ഡിവിഷനുകള്‍
  • എല്‍.ഡി.എഫ്.-21
  • യു.ഡി.എഫ്.-11
  • എന്‍.ഡി.എ.-0

Content Highlights: Kerala local body election 2020