കൊടുങ്ങല്ലൂര്‍:അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ച മുസിരിസ് പൈതൃകഭൂമിയായ കൊടുങ്ങല്ലൂരില്‍ ചരിത്രം ആവര്‍ത്തിക്കാനും തിരുത്തിക്കുറിക്കാനും മൂന്നു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍. നാലുപതിറ്റാണ്ടുകാലത്തെ ഇടതുമുന്നണി ഭരണം കാത്തുസൂക്ഷിക്കാന്‍ ഇടതുമുന്നണിയും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ പാളിച്ചകള്‍ പരിഹരിച്ച് പരിചയ സമ്പന്നരെയും പുതുമുഖങ്ങളെയും ഒരുപോലെ രംഗത്തിറക്കി യു.ഡി.എഫും നഗരസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍നിന്ന് ഭരണത്തിലേക്ക് നടന്നുകയറുമെന്ന പ്രതിജ്ഞയോടെ എന്‍.ഡി.എ.യും പഴുതുകളടച്ചുള്ള പോരാട്ടത്തിലാണ്.

കൊടുങ്ങല്ലൂരിന്റെ സമഗ്ര വികസനമെന്ന വാഗ്ദാനങ്ങളില്‍ ഏറക്കുറെ മുന്നോട്ടുപോകാന്‍ കഴിഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇടതുമുന്നണി. വീടില്ലാത്തവര്‍ക്കായി 1200-ഓളം അടച്ചുറപ്പുള്ള വാസയോഗ്യമായ വീടുകള്‍, മാലിന്യ നിര്‍മാര്‍ജനത്തിലൂടെ സമ്പൂര്‍ണ ശുചിത്വ പദവി, നഗരത്തിന്റെ സൗന്ദര്യവത്കരണം, പച്ചത്തുരുത്തുകളും ചെറുവനങ്ങളും തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞതിന്റെ പിന്‍ബലവും ചിട്ടയായ പ്രവര്‍ത്തനങ്ങളും ഇത്തവണ മുതല്‍ക്കൂട്ടാകുമെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷം. മാത്രമല്ല യുവതലമുറയെയും രംഗത്തിറക്കിയതും ഗുണം ചെയ്യുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്.

2015-ലെ തിരിച്ചടിയില്‍നിന്ന് കരകയറുന്നതിനുള്ള തന്ത്രങ്ങളുമായാണ് യു.ഡി.എഫ്. രംഗത്തുള്ളത്. വികസനമുരടിപ്പും എല്‍.ഡി.എഫിന്റെ പൊള്ളയായ വാഗ്ദാനങ്ങളുമാണ് യു.ഡി.എഫ്. വോട്ടര്‍മാര്‍ക്ക് മുന്നില്‍വെക്കുന്നത്. 40 വര്‍ഷത്തെ എല്‍.ഡി.എഫ്. ഭരണംകൊണ്ട് സ്വാഭാവികമായ വികസനമല്ലാതെ മറ്റൊരു നേട്ടങ്ങളും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് യു.ഡി.എഫ്. അവകാശപ്പെടുന്നു. മുന്നണിയില്‍നിന്ന് മുസ്ലിം ലീഗ് തെറ്റിപ്പിരിഞ്ഞ് മത്സരിക്കുന്നത് നാലു വാര്‍ഡുകളില്‍ ദോഷം ചെയ്യുമെങ്കിലും ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ യുഡി.എഫ്. ക്യാമ്പുകളില്‍ സജീവമാണ്.

കഴിഞ്ഞ നാലു തിരഞ്ഞെടുപ്പുകളില്‍ പടിപടിയായി വളര്‍ന്ന് 2015-ല്‍ നഗരസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ബി.ജെ.പി.ക്ക് ഇത്തവണ ഭരണത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാനാവില്ല. 16-ല്‍ നിന്ന് 23 എന്ന മാസ്മരിക സംഖ്യയിലേക്കെത്തുവാനുള്ള തന്ത്രങ്ങള്‍ക്ക് സംഘപരിവാര്‍ സംഘടനകളുടെ സംസ്ഥാനനേതാക്കള്‍തന്നെ നേതൃത്വം നല്‍കുന്നു. യുവ നേതൃനിരയെ രംഗത്തിറക്കിയതും ബി.ഡി.ജെ.എസുമായുള്ള മുന്നണിയും പല വാര്‍ഡുകളിലും അട്ടിമറി വിജയത്തിന് കളമൊരുക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

കൊടുങ്ങല്ലൂര്‍ നഗരസഭ

ആകെ വാര്‍ഡുകള്‍: 44 | എല്‍.ഡി.എഫ്- 24 | ബി.ജെ.പി.- 16 | യു.ഡി.എഫ്.-4

കോണ്‍ഗ്രസില്‍ വിമതരെ പുറത്താക്കുന്നത് തുടരുന്നു

ഇരിങ്ങാലക്കുട: നഗരസഭാ തിരഞ്ഞെടുപ്പില്‍ വിമതരായി മത്സരിക്കുന്ന നാലുപേരെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. സ്വതന്ത്രസ്ഥാനാര്‍ഥികളായി മത്സരിക്കുന്ന രമേശ് പള്ളിച്ചാടത്ത്, ലിഷോണ്‍ ജോസ് കാട്ട്ള, സതീഷ് പുളിയത്ത്, വര്‍ഗീസ് ഏക്കാടന്‍ എന്നിവരെയാണ് പുറത്താക്കിയത്. പാര്‍ട്ടിയില്‍ ഇവര്‍ വഹിച്ചിരുന്ന പദവികളും നീക്കംചെയ്തു.

നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ സതീഷ് പുളിയത്ത് 24-ാം വാര്‍ഡ് ബസ് സ്റ്റാന്‍ഡിലാണ് വിമതനായി മത്സരിക്കുന്നത്. ഇവിടെ സിജു യോഹന്നാനാണ് യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി. നഗരസഭ വാര്‍ഡ് 12 ബോയ്സ് സ്‌കൂളില്‍ രമേഷ് പള്ളിച്ചാടത്തും ലിഷോണ്‍ ജോസ് കാട്ട്ളയും മത്സരിക്കുന്നു. ജോസഫ് ചാക്കോയാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി. വാര്‍ഡ് 28 പൂച്ചക്കുളത്താണ് വര്‍ഗീസ് ഏക്കാടന്‍ മത്സരിക്കുന്നത്. ഇവിടെ കെ.എം. സന്തോഷാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി.

തുമ്പൂര്‍: വേളൂക്കര പഞ്ചായത്ത് ആറാം വാര്‍ഡില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിക്കെതിരേ മത്സരിക്കുന്ന എല്‍.ഡി.എഫ്. സ്വതന്ത്രസ്ഥാനാര്‍ഥി തോമസ് കോലങ്കണ്ണി, വാര്‍ഡ് 11-ല്‍ സ്വതന്ത്രസ്ഥാനാര്‍ഥി ഷൈല ജോഷി എന്നിവരെ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി. വിന്‍സെന്റ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. വഹിച്ചിരുന്ന പദവികളില്‍നിന്നും ഇവരെ നീക്കി.

Content Highlights: Kerala Local Body Election 2020