ചാലക്കുടി :ചാലക്കുടി നഗരസഭ തിരഞ്ഞെടുപ്പ് രംഗം മുന്നണികള്‍ തമ്മിലുള്ള രാഷ്ട്രീയ പോരാട്ടവേദിയായി മാറിക്കഴിഞ്ഞു.
തുടക്കത്തില്‍ പ്രാദേശികവികസനവും വ്യക്തിബന്ധങ്ങളും മാത്രമാണ് പ്രധാന ചര്‍ച്ചാ വിഷയമായിരുന്നതെങ്കില്‍ ഇപ്പോള്‍ നേരിട്ടുള്ള രാഷ്ടീയ പോര്‍ക്കളമായി മാറുകയാണ് പട്ടണത്തിന്റെ മുക്കും മൂലയും. ഇവിടെ ദേശീയ, സംസ്ഥാന രാഷ്ട്രീയം സജീവ ചര്‍ച്ചാവിഷയമാണ്. നാലു വാര്‍ഡുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ നിര്‍ണായകമാണ്.
ആത്മവിശ്വാസത്തോടെ എല്‍.ഡി.എഫ്.
ഇത്തവണ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് എല്‍.ഡി.എഫ്. ഇതിനുള്ള അണിയറനീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. റിബല്‍ ഭീഷണിയില്ലെന്നതാണ് പ്രധാന അനുകൂല ഘടകം. എന്നാല്‍, കഴിഞ്ഞതവണ ഭരണം നിലര്‍ത്താന്‍ സഹായിച്ച സ്വതന്ത്രനെതിരേ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതിരുന്നത് ഈ വാര്‍ഡിലെ പ്രവര്‍ത്തകരില്‍ അസ്വാരസ്യം ഉണ്ടാക്കിയിട്ടുണ്ട്. മുന്നണി ഘടകകക്ഷികള്‍ക്ക് സീറ്റുകള്‍ നല്‍കി എല്ലാവരെയും ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞത് അനുകൂല ഘടകമാണ്. ആദ്യം സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നുവെങ്കിലും പെട്ടെന്നുതന്നെ ഇത് ഒഴിവാക്കാനായി. സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതില്‍ സാമുദായിക സന്തുലനം നിലനിര്‍ത്താന്‍ കഴിഞ്ഞതും നേട്ടമാണ്. സ്ഥാനാര്‍ഥികള്‍ വാര്‍ഡുകളില്‍ രണ്ടും മൂന്നും വട്ടം ഓട്ടപ്രദക്ഷിണം നടത്തിക്കഴിഞ്ഞു. സ്‌ക്വാഡുപ്രവര്‍ത്തനം സജീവമാണ്. വീടുകളില്‍ ദേശീയ, സംസ്ഥാന രാഷ്ട്രീയം വിശദീകരിച്ചുകൊണ്ടുള്ള നോട്ടീസുകള്‍ വിതരണം ചെയ്യുന്നു. അടുത്ത ഘട്ടത്തില്‍ എല്ലാ വാര്‍ഡുകളിലും വെര്‍ച്ച്വല്‍ യോഗങ്ങള്‍ നടത്തുമെന്ന് സി.പി.എം. ഏരിയാ സെക്രട്ടറി ടി.എ. ജോണി പറഞ്ഞു
ആവേശത്തോടെ യു.ഡി.എഫ്.
കഴിഞ്ഞ തവണ അശ്രദ്ധകൊണ്ട് ഭരണം നഷ്ടപ്പെട്ട യു.ഡി.എഫ്. ഇത്തവണ പഴുതുകളടച്ചാണ് പ്രചാരണം നടത്തുന്നത്.
14-ാം വാര്‍ഡില്‍ ഒപ്പത്തിനൊപ്പമെത്തി നറുക്കെടുപ്പിലാണ് സീറ്റ് നഷ്ടപ്പെട്ടത്. അതോടെ ഭരണവും പോയി. കൂടാതെ ഏഴു സീറ്റുകളില്‍ 50-ല്‍ താഴെ വോട്ടിന് തോല്‍വി സമ്മതിച്ചു. ഈ വാര്‍ഡുകള്‍ തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. കൂടാതെ ഭരണ വിരുദ്ധ തരംഗവും അനുകൂലമാകുമെന്ന് കണക്കു കൂട്ടുന്നു. സ്ഥാനാര്‍ഥികളുടെ മികവും യു.ഡി.എഫ്. എടുത്തുകാട്ടുന്നു. റിബല്‍ ഭീഷണിയാണ് വെല്ലുവിളി. ആറു വാര്‍ഡുകളിലെങ്കിലും റിബല്‍ ശല്യമുണ്ട്.
മുന്‍കൂട്ടി സ്ഥാനാര്‍ഥിത്വം ഉറപ്പാക്കിയവര്‍ നാലുവട്ടമെങ്കിലും വീടുകള്‍ കയറിയിറങ്ങി വോട്ടു തേടിക്കഴിഞ്ഞു. കുടുംബയോഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് പ്രചാരണം മുന്നോട്ടുപോവുന്നത്. .
ചിട്ടയോടെ എന്‍.ഡി.എ.
എന്‍.ഡി.എ. സഖ്യം 30 വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ കൗണ്‍സിലില്‍ ഒരു സീറ്റാണ് ബി.ജെ.പി.ക്ക് ലഭിച്ചത്. ഇത്തവണ പല വാര്‍ഡുകളിലും വിജയ പ്രതീക്ഷയോടെയാണ് പ്രവര്‍ത്തനം.
കുടുംബയോഗങ്ങള്‍ തുടരുകയാണ്. സ്‌ക്വാഡുവര്‍ക്കും സജീവമാണ്. ആദ്യഘട്ട സ്ഥാനാര്‍ഥിനിര്‍ണയം പെട്ടെന്നു നടന്നു. രണ്ടാംഘട്ടം അല്പം വൈകി. എന്നാല്‍, പോരായ്മകള്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ മറികടക്കാനായി.സ്ഥാനാര്‍ഥികള്‍ എല്ലാവരും രണ്ടുവട്ടം വീടുകള്‍ കയറിയിറങ്ങി വോട്ടു ചോദിച്ചു കഴിഞ്ഞു. ചിലര്‍ വീടുകളില്‍ നാലുപ്രാവശ്യം വരെയെത്തി.
നിലവിലുണ്ടായിരുന്ന കക്ഷിനില: എല്‍.ഡി.എഫ്. 17, യു.ഡി.എഫ്. 16, ബി.ജെ.പി. 1, സ്വതന്ത്രര്‍ 2
ചാലക്കുടി പട്ടണത്തില്‍ രാഷ്ട്രീയ പോര് മുറുകുകയാണ്. ഭരണം നിലനിര്‍ത്താനുറച്ച് എല്‍.ഡി.എഫും തിരിച്ചുപിടിക്കാനുറച്ച് യു.ഡി.എഫും രംഗത്തിറങ്ങിക്കഴിഞ്ഞു. നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് എന്‍.ഡി.എ.
Content Highlights: Kerala Local Body Election 2020