കൊടുങ്ങല്ലൂര്‍: മുതിര്‍ന്ന ലീഗ് നേതാവിന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മുസ്ലിം ലീഗ്, കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നത് നിര്‍ഭാഗ്യകരമാണെന്ന് കൊടുങ്ങല്ലൂരിലെ കോണ്‍ഗ്രസ് നേതൃത്വം പ്രസ്താവനയില്‍ പറഞ്ഞു.

മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്നുള്ള ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ജില്ലാ നേതൃത്വം നിര്‍ബന്ധമാക്കിയപ്പോഴാണ് കൊടുങ്ങല്ലൂരിലെ മുതിര്‍ന്ന നേതാവിന് പിന്‍മാറേണ്ടിവന്നത്. ഈ വിഷയത്തില്‍ മണ്ഡലത്തിലെ ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധവുമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകള്‍ ഉള്‍പ്പെടെ നാല് സീറ്റില്‍ മത്സരിക്കുമെന്ന് ലീഗ് നേതൃത്വം നിലപാടെടുക്കുകയായിരുന്നു.

ഇതോടെ ലീഗിന് നീക്കിവെച്ച വാര്‍ഡുകളില്‍ കോണ്‍ഗ്രസും പത്രിക നല്‍കാന്‍ നിര്‍ബന്ധിതരായെന്നാണ് കോണ്‍ഗ്രസിന്റെ വാദം.

വിഷയത്തില്‍ ലീഗുമായി അനുരഞ്ജനത്തിന് തയ്യാറായിരുന്നെങ്കിലും അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതെന്നും, ലീഗിന്റെ മുതിര്‍ന്ന നേതാവിന്റെ ഭാഗത്തുനിന്ന് കോണ്‍ഗ്രസ് ബ്ലോക്ക് നേതൃത്വത്തെ കുറ്റപ്പെടുത്തി പ്രസ്താവന നടത്തിയത് തികച്ചും ബാലിശവും അപലപനീയവുമാണെന്നും കോണ്‍ഗ്രസ് നേതാക്കളായ ടി.എം. നാസര്‍, പ്രൊഫ. കെ.കെ. രവി, വി.എം. മൊഹിയുദ്ധീന്‍, പ്രൊഫ. സി.ജി. ചെന്താമരാക്ഷന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Content Highlights: Kerala Local Body Election 2020