ഇരിങ്ങാലക്കുട: രണ്ടാംഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മൂന്നുമുന്നണികളും സ്വതന്ത്രരും സജീവമായതോടെ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടേറി തുടങ്ങി. കുടുംബയോഗങ്ങളും കണ്‍വെന്‍ഷനുകളും ഗൃഹസന്ദര്‍ശനങ്ങളുമടക്കമുള്ള പ്രചാരണങ്ങളില്‍ മൂന്നുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.

നഗരസഭയില്‍ ഭരണം നിലനിര്‍ത്തുകയെന്നതാണ് യു.ഡി.എഫിന്റെ ലക്ഷ്യമെങ്കില്‍ ഭരണം പിടിച്ചെടുക്കുക എന്നതാണ് എല്‍.ഡി.എഫിന്റേത്. മികച്ച പ്രകടനം കാഴ്ചവെച്ച് നഗരസഭയില്‍ അംഗബലം കൂട്ടാനാണ് എന്‍.ഡി.എ. ഉന്നംവെയ്ക്കുന്നത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയുള്ള ജനവികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് യു.ഡി.എഫ്. കണക്കുകൂട്ടുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാകും തിരഞ്ഞെടുപ്പു ഫലമെന്നാണ് എല്‍.ഡി.എഫ്. വിലയിരുത്തല്‍.

എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്കുള്ള ജനവിധിയാകും ഈ തിരഞ്ഞെടുപ്പു ഫലമെന്നാണ് എന്‍.ഡി.എ. കരുതുന്നത്.

ഒരു വശത്ത് കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും മറുവശത്ത് സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും ചര്‍ച്ച ചെയ്യുമ്പോള്‍ യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്ന് കെ.പി.സി.സി. നിര്‍വാഹക സമിതിയംഗം എം.പി. ജാക്സണ്‍ ചൂണ്ടിക്കാട്ടി. യു.ഡി.എഫിലുണ്ടായിരുന്ന ഘടകകക്ഷികളായ ലോക് താന്ത്രിക് ജനതാദളും കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗവും എല്‍.ഡി.എഫിലേക്കു മാറിയത് യു.ഡി.എഫിന്റെ ജയസാധ്യതയെ ഒരുതരത്തിലും ബാധിക്കില്ല. ഇവര്‍ വിജയിച്ചിരുന്നത് കോണ്‍ഗ്രസ് വോട്ടുകള്‍കൊണ്ടായിരുന്നുവെന്നും എം.പി. ജാക്സണ്‍ പറഞ്ഞു.

അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ ജനോപകാര പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിരിക്കും തിരഞ്ഞെടുപ്പുഫലമെന്ന് സി.പി.എം. ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട് അഭിപ്രായപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏഴു ഗ്രാമപ്പഞ്ചായത്തുകളില്‍ നേടിയ വിജയം ആവര്‍ത്തിക്കാനും നഗരസഭാ ഭരണം തിരിച്ചു പിടിക്കാന്‍ കഴിയുമെന്നും ഉല്ലാസ് കളക്കാട്ട് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ലോക് താന്ത്രിക് ജനതാദളും കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗവും എല്‍. ഡി.എഫിലെത്തിയത് ഈ തിരഞ്ഞെടുപ്പില്‍ ഏറെ ഗുണം ചെയ്യുമെന്നും ഉല്ലാസ് കളക്കാട്ട് പറയുന്നു.

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളാണ് ഇക്കുറി എന്‍.ഡി.എ.യുടെ വിജയശില്‍പ്പികളാകുകയെന്ന് ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട വ്യക്തമാക്കി. ഓരോ വാര്‍ഡിലെയും ഭൂരിഭാഗം വീടുകളിലും കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായുള്ള സഹായങ്ങള്‍ എത്തിയിട്ടുണ്ട്. ഇത് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്.

2015- ല്‍ ഒരു പദ്ധതി പോലുമില്ലാതെയാണ് ജനങ്ങളെ സമീപിച്ചതെങ്കില്‍ 2020-ല്‍ കൈ നിറയെ പദ്ധതികളുമായാണ് ബി.ജെ.പി. തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കൃപേഷ് പറഞ്ഞു. ഗ്രാമപ്പഞ്ചായത്തുകളിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകുമെന്നും കൃപേഷ് ചെമ്മണ്ട ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Content Highlights: Kerala Local Body Election 2020