ഇരിങ്ങാലക്കുട : നഗരസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ വിമതസ്ഥാനാർഥികളായി മുൻ മുനിസിപ്പൽ ചെയർപേഴ്‌സണും മുൻ മുനിസിപ്പൽ വൈസ് ചെയർമാനും. 32-ാം വാർഡിലാണ് മുൻ മുനിസിപ്പൽ ചെയർപേഴ്‌സൺ ബെൻസി ഡേവിഡ് സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുന്നത്. മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റുകൂടിയായ ബെൻസി 2010-2015 കാലഘട്ടത്തിൽ ഈ വാർഡിൽ നിന്ന്‌ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ, ഇക്കുറി രാജി പുരുഷോത്തമനാണ് യു.ഡി.എഫ്. സ്ഥാനാർഥിയായി വാർഡിൽ നിന്ന്‌ മത്സരിക്കുന്നത്.

മുൻ മുനിസിപ്പൽ വൈസ് ചെയർമാനായിരുന്ന കോൺഗ്രസിലെ സതീഷ് പുളിയത്ത് നഗരസഭയിലെ 24-ാം വാർഡിലാണ് സ്വതന്ത്രസ്ഥാനാർഥിയായി രംഗത്തു വന്നിട്ടുള്ളത്. . ഈ വാർഡിൽ സിജു യോഹന്നാനാണ് യു.ഡി.എഫ്. സ്ഥാനാർഥി.

നഗരസഭയിലെ 37-ാം വാർഡിൽ മുൻ മുനിസിപ്പൽ കൗൺസിലർ കൂടിയായ കോൺഗ്രസിലെ തന്നെ വഹീദ ഇസ്മയിലും സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തു വന്നിട്ടുണ്ട്. 2010-2015 കാലഘട്ടത്തിലായിരുന്നു വഹീദാ ഇസ്മയിൽ ഈ വാർഡിനെ പ്രതിനിധാനംചെയ്തിരുന്നത്. ഈ വാർഡിൽ ഷിലിറ നിവാസാണ് യു.ഡി.എഫ്. സ്ഥാനാർഥി.

കോൺഗ്രസ് പുറത്താക്കി

ഇരിങ്ങാലക്കുട : നഗരസഭയിലെ 32-ാം വാർഡിൽനിന്ന്‌ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്‌ ബെൻസി ഡേവിഡ്, 37-ാം വാർഡിൽനിന്ന്‌ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറികൂടിയായ വഹീദാ ഇസ്മയിൽ എന്നിവരെ ജില്ലാ പ്രസിഡന്റ് എം.പി. വിൻ​െസന്റ് പാർട്ടിയിൽനിന്ന്‌ പുറത്താക്കി.

പറപ്പൂക്കരയിലും വിമതരെ പുറത്താക്കി

പറപ്പൂക്കര : ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥികൾക്കെതിരേ മത്സരിക്കുന്ന രണ്ടുപേരെ കോൺഗ്രസിൽനിന്ന് പുറത്താക്കി. പറപ്പൂക്കര നാലാം വാർഡിൽ മത്സരിക്കുന്ന വിനോദ് കുറുമാലി, ആറാം വാർഡിൽ മത്സരിക്കുന്ന കെ.കെ. രാജൻ എന്നിവരെ പുറത്താക്കി ഡി.സി.സി. പ്രസിഡന്റ് എം.പി. വിൻ​െസന്റ് കത്തു നൽകി.

കഴിഞ്ഞതവണ പറപ്പൂക്കര പഞ്ചായത്തംഗമായിരുന്ന കെ.കെ. രാജൻ നിലവിൽ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റാണ്. നേരത്തെ പാർട്ടി ഓഫീസിൽ പ്രവർത്തകർ തമ്മിൽ അക്രമമുണ്ടായ സംഭവത്തിൽ ഇരുവരെയും പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.