തൃപ്രയാർ : തളിക്കുളം ഗ്രാമപ്പഞ്ചായത്തിലെ വനിതാ സംവരണ വാർഡുകളിൽ ശക്തമായ ചതുഷ്‌കോണ മത്സരം.

എൽ.ഡി.എഫ്., യു.ഡി.എഫ്., എൻ.ഡി.എ. മുന്നണികൾക്കു പുറമെ ആർ.എം.പി.ഐ. നേതൃത്വം നൽകുന്ന ജനമുന്നണിയും രംഗത്തുള്ളതാണ് കടുപ്പം കൂട്ടിയത്. വനിതാ വാർഡുകളിൽ നാലെണ്ണം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. ജയിച്ചവയും മൂന്നെണ്ണം യു.ഡി.എഫ്. ജയിച്ചവയും ഒന്ന് ജനമുന്നണി ജയിച്ചതുമാണ്.

പഞ്ചായത്ത് നിലനിർത്താൻ എൽ.ഡി.എഫും പിടിച്ചെടുക്കാൻ യു.ഡി.എഫും എൻ.ഡി.എ.യും ജനമുന്നണിയും കഠിന ശ്രമത്തിലാണ്.

അതുകൊണ്ടുതന്നെ വനിതാ സംവരണ വാർഡുകളിൽ തീ പാറുന്ന പോരാട്ടമാണ് . മൂന്നാം വാർഡായ പുതുക്കുളത്ത് എൽ.ഡി.എഫിന്റെ ബുഷറ അബ്ദുൾനാസറും യു.ഡി.എഫിന്റെ ഷെരീഫാ മുഹമ്മദാലിയും എൻ.ഡി.എ.യുടെ സുകന്യ ഉവീഷും ജനമുന്നണി പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥി നീനാ സുഭാഷുമാണ് മത്സര രംഗത്തുള്ളത്. അഞ്ചാം വാർഡായ പുലാമ്പുഴയിൽ ഷർമിള അഷ്‌റഫ് എൽ.ഡി.എഫിനു വേണ്ടിയും നൂർജഹാൻ സുലൈമാൻ യു.ഡി.എഫിനു വേണ്ടിയും ജിനീഷാ രാമചന്ദ്രൻ എൻ.ഡി.എ.ക്ക് വേണ്ടിയും വിനയംപ്രസാദ് ജനമുന്നണിക്ക് വേണ്ടിയും രംഗത്തുണ്ട്. ആറാം വാർഡായ ഹൈസ്കൂളിൽ എൽ.ഡി.എഫിന്റെ അനിത ടീച്ചറും യു.ഡി.എഫ്. സ്വതന്ത്ര സിന്ധു സന്തോഷും എൻ.ഡി.എ.യുടെ രേഖാ ഷിബുവും ജനമുന്നണിയുടെ മിനി ഷൈനുമാണ് മത്സരിക്കുന്നത്.

ഏഴാം വാർഡായ പഞ്ചായത്ത് ഓഫീസിൽ ഷിജി സി.കെ.യാണ് ജനമുന്നണി സ്ഥാനാർഥി. ലിഷാ ഷൈജു എൽ.ഡി.എഫിന്റേയും മീനാ രമണൻ യു.ഡി.എഫിന്റേയും ജിനി ഷജിത്ത് എൻ.ഡി.എ.യുടെയും സ്ഥാനാർഥികളാണ്.

പത്താംവാർഡായ ആര്യംപാടം പട്ടികജാതി വനിതാ സംവരണ വാർഡാണ്. എൽ.ഡി.എഫിന്റെ സന്ധ്യ മനോഹരനും യു.ഡി.എഫിന്റെ രാധിക സുനിലും എൻ.ഡി.എ.യുടെ രമ്യാ പ്രതീപും ജനമുന്നണിയുടെ പ്രമീണാ സരീഷു(പ്രിമ)മാണ് മത്സരരംഗത്ത്. പന്ത്രണ്ടാം വാർഡായ പൂശാരിത്തോടിൽ ഫാത്തിമാ ഇക്ബാൽ(ഷൈമോൾ) യു.ഡി.എഫിനു വേണ്ടിയും സജിതാ പി.ഐ.(കുർണ്ണി)എൽ.ഡി.എഫിന് വേണ്ടിയും രാജി ദിലീപ് എൻ.ഡി.എ.ക്ക് വേണ്ടിയും സ്നേഹലിജി ജനമുന്നണിക്ക് വേണ്ടിയും മത്സരരംഗത്തുണ്ട്.

പതിമൂന്നാം വാർഡായ കൈതക്കലിൽ ജീജാ രാധാകൃഷ്ണനാണ് യു.ഡി.എഫ്. സ്ഥാനാർഥി. റംലത്ത് അഫ്‌സൽ എൽ.ഡി.എഫ്. സ്വതന്ത്രയായും വീണ സിബി എൻ.ഡി.എ. സ്ഥാനാർഥിയായും ജിഷാ രാജേഷ് ജനമുന്നണിക്ക് വേണ്ടിയും മത്സരരംഗത്തുണ്ട്. പതിനഞ്ചാം വാർഡായ തരിശ് പട്ടികജാതി വനിതാ സംവരണമാണ്.

യു.ഡി.എഫിന്റെ ഷൈജാ കിഷോറും എൽ.ഡി.എഫിന്റെ രേഖാ മനോജും എൻ.ഡി.എ.യുടെ വിനീതാ രാജേഷും ജനമുന്നണിയുടെ രാരി രഞ്ജിത്തുമാണ് സ്ഥാനാർഥികൾ.