വിമതശല്യത്തെക്കുറിച്ച് പറയാന്‍ തുടങ്ങിയപ്പോള്‍ പതിവ് രീതിയൊക്കെ നേതാക്കന്മാര്‍ വിട്ടു. താത്ത്വികമായ അവലോകനത്തിനൊന്നും നില്‍ക്കാതെ സിമ്പിളായിട്ടങ്ങ് പറഞ്ഞു. തൃശ്ശൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തിലാണ് നര്‍മം പൊതിഞ്ഞ സിദ്ധാന്തങ്ങള്‍ പുറത്തുവന്നത്.

സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, ഡി.സി.സി. പ്രസിഡന്റ് എം.പി. വിന്‍സെന്റ്, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാര്‍ എന്നിവരായിരുന്നു തങ്ങളുടെ പാര്‍ട്ടി നിലപാടുകള്‍ അവതരിപ്പിച്ചത്.

കോണ്‍ഗ്രസില്‍ ഇക്കുറി വിമതശല്യം ഇത്തിരി കൂടുതലുണ്ടോ എന്നതിന് വിന്‍സെന്റ് ഉത്തരം നല്‍കിയത് ഇങ്ങനെയായിരുന്നു: 'എന്താ വിചാരിക്കുന്നത്, ഇത്തവണ ജില്ലയില്‍ യു.ഡി.എഫ്. സീറ്റുകള്‍ തൂത്തുവാരും. സ്വാഭാവികമായും എന്താ സംഭവിക്കുക. ജനപ്രതിനിധി ആവാന്‍ താത്പര്യമുള്ളവരുടെ എണ്ണം കൂടും. അതുകൊണ്ടാണ് ഈ വിമത ഒഴുക്ക്.'

തൊട്ടടുത്ത് ഇതെല്ലാം കേട്ടിരുന്ന എം.എം. വര്‍ഗീസ് വിടുമോ. കോണ്‍ഗ്രസ് വിട്ട് ഇടതുപാളയത്തിലേക്ക് വന്നവരെക്കുറിച്ചായി അദ്ദേഹം. ''അവിടെനിന്നിട്ട് രക്ഷയില്ലെന്നു കണ്ട് നേതാക്കളടക്കം ഇങ്ങോട്ടുപോരുകയാണ്.''

ഇതിനിടയ്ക്കാണ് കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും എണ്ണിയെണ്ണിപ്പറയാന്‍ അനീഷ്‌കുമാര്‍ തുടങ്ങിയത്.

റോഡ് നന്നാക്കാന്‍ 10,000 കോടി ചോദിച്ച് ഡല്‍ഹിക്കു പോയ മന്ത്രി ജി. സുധാകരന് മോദിസര്‍ക്കാര്‍ കൊടുത്തത് 35,000 കോടി രൂപയാണ്. പൂവ് ചോദിച്ചുചെന്നപ്പോള്‍ പൂക്കാലംതന്നെ കിട്ടി -അനീഷ്‌കുമാര്‍ പറഞ്ഞു.

തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ ഇടതുപക്ഷത്തെ ഒരു മൂവര്‍സംഘമാണ് എല്ലാം നിയന്ത്രിച്ചിരുന്നത് എന്നൊരു ബോംബിട്ടത് എം.പി. വിന്‍സെന്റായിരുന്നു. മറുപടി അര്‍ഹിക്കുന്നില്ലെന്നായിരുന്നു എം.എം. വര്‍ഗീസിന്റെ പ്രതികരണം.

പ്രസ് ക്ലബ് സെക്രട്ടറി എം.വി. വിനീത അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സി. മുകേഷ് ലാല്‍ മോഡറേറ്ററായി. പോള്‍ മാത്യു നന്ദി പറഞ്ഞു.

 

Content Highlights: Kerala Local Body Election 2020