മറ്റത്തൂര്‍: മറ്റത്തൂര്‍ നാലാംവാര്‍ഡ് ഇഞ്ചക്കുണ്ടില്‍ ഇനി നാടറിയെ നാത്തൂന്‍പോര്. പോര് വീട്ടിനുള്ളിലല്ല തിരഞ്ഞെടുപ്പ് കളത്തിലാണെന്നുമാത്രം. വാര്‍ഡില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായ മഞ്ജു ജയനും എന്‍.ഡി.എ. സ്ഥാനാര്‍ഥി ഗീതാ ജയനും നാത്തൂന്മാരാണ്. . മഞ്ജുവിന്റെ ഭര്‍ത്താവ് ജയന്റെ സഹോദരിയാണ് ഗീത. ഇരുവരുടെയും ഭര്‍ത്താക്കന്മാരുടെ പേരും ജയന്‍ എന്നു തന്നെ.

മഞ്ജു ജയന്‍ മൂന്നാംതവണയാണ് ഈ വാര്‍ഡില്‍ മത്സരിക്കുന്നത്. 2005-ല്‍ പഞ്ചായത്തംഗവും 2010-ല്‍ സ്ഥിരംസമിതി ചെയര്‍പേഴ്‌സനും ആയിരുന്നു. ഗീതാ ജയന് കന്നി അങ്കമാണ്. തയ്യല്‍ ക്ഷേമനിധി പ്രവര്‍ത്തനവും കുടുംബശ്രീ പ്രവര്‍ത്തനവും കരുത്തായുണ്ട്. മത്സരത്തെ രാഷ്ട്രീയമായും നാത്തൂനെ നാത്തൂനായും കാണുന്നുവെന്ന് മഞ്ജുവും ജയപരാജയങ്ങള്‍ എന്തായാലും സ്‌നേഹബന്ധത്തിന് മാറ്റമില്ലെന്ന് ഗീതയും പറയുന്നു. എന്നാല്‍ വാര്‍ഡില്‍ മത്സരം കനത്തതോടെ ബന്ധുക്കള്‍ പ്രതിസന്ധിയിലും അണികള്‍ ആവേശത്തിലുമാണ്.

Content Highlights:Kerala Local Body Election 2020