കയ്പമംഗലം: ഇത്തവണത്തെ വോട്ട് ആര്‍ക്ക് നല്‍കും? കൂട്ടുകാര്‍ക്കോ അതോ പഠിപ്പിച്ച ടീച്ചര്‍ക്കോ? എന്ത് ചെയ്യണമെന്നറിയാതെ കണ്‍ഫ്യൂഷനിലാണ് കയ്പമംഗലം ഫിഷറീസ് വാര്‍ഡിലെ യുവ വോട്ടര്‍മാര്‍. ഒരേ സ്‌കൂളില്‍ പഠിച്ച രണ്ട് വിദ്യാര്‍ഥികളും അതേ സ്‌കൂളിലെ അധ്യാപികയും വ്യത്യസ്ത പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍. വനിതാ സംവരണം നറുക്കുവീണതോടെ സ്ഥാനാര്‍ഥികളെ തേടി പാര്‍ട്ടികള്‍ പരക്കംപാഞ്ഞു. മൂന്ന് മുന്നണിയും ചെന്നെത്തിയത് ഒരേ സ്‌കൂളില്‍ വ്യത്യസ്ത കാലയളവില്‍ ഒരുമിച്ചുണ്ടായിരുന്ന മൂന്ന് പേരിലെന്നത് യാദൃച്ഛികം മാത്രം. പി.കെ. സുകന്യയാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി. കയ്പമംഗലം ഗവ. ഫിഷറീസ് സ്‌കൂളിലെ റിട്ട. പ്രിന്‍സിപ്പലാണ്. മുന്‍ പഞ്ചായത്തംഗം പി.ടി. രാമചന്ദ്രന്റെ ഭാര്യയാണ്. ഇതേ സ്‌കൂളിലെ തന്നെ വിദ്യാര്‍ഥിയായിരുന്ന ബി.എസ്. ജ്യോത്സനയാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. 21-കാരിയായ ജ്യോത്സന കേരളവര്‍മ കോളേജില്‍നിന്നും ഡിഗ്രി പൂര്‍ത്തിയാക്കി ഇപ്പോള്‍ എല്‍എല്‍.ബി.ക്ക് ചേരാനിരിക്കുന്നു. നിലവില്‍ എസ്.എഫ്.ഐ. നാട്ടിക ഏരിയാ പ്രസിഡന്റും ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയംഗവുമാണ്.

സുകന്യ അധ്യാപികയായിരുന്ന കാലയളവില്‍ ഈ സ്‌കൂളില്‍ തന്നെ പഠിച്ചിരുന്ന മറ്റൊരു വിദ്യാര്‍ഥിനിയാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി കോഴിപ്പറമ്പില്‍ ഇന്ദുകല. അധ്യാപികയുമായുള്ള മത്സരം സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ മാത്രമേ എടുത്തിട്ടുള്ളൂവെന്നാണ് രണ്ട് വിദ്യാര്‍ഥികളുടെയും അഭിപ്രായം. വീറും വാശിയും തിരഞ്ഞെടുപ്പ് കഴിയുംവരെയേ ഉണ്ടാകൂ, അത് കഴിഞ്ഞാല്‍ ഞങ്ങള്‍ തമ്മില്‍ പഴയ അധ്യാപികയും കുട്ടികളും തന്നെ ആയിരിക്കും. പഠിപ്പിച്ച കുട്ടികള്‍ സമൂഹത്തിന്റെ മുന്‍നിരയിലെത്തണമെന്നത് ഏത് ടീച്ചറുടെയും ആഗ്രഹമാണെന്നും മത്സരം സൗഹൃദപരമായിരിക്കുമെന്നും സുകന്യ പറയുന്നു. കാലങ്ങളായി യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ വിജയിക്കുന്ന വാര്‍ഡാണിത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 39 വോട്ടുകള്‍ക്കാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി പി.ടി. രാമചന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടത്.

കയ്പമംഗലം ഫിഷറീസ് വാര്‍ഡില്‍ സ്ഥാനാര്‍ഥികള്‍ അധ്യാപികയായ സുകന്യയും അവര്‍ പഠിപ്പിച്ച വിദ്യാര്‍ഥിനികളും

Content Highlights: Kerala Local Body Election 2020