തൃശ്ശൂര്‍: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എ ഗ്രൂപ്പിനെ ഒതുക്കാന്‍ ഐ ഗ്രൂപ്പ് ശ്രമിക്കുന്നെന്നും 'എ' യ്ക്കുള്ളിലെ ചേരിപ്പോരിനെച്ചൊല്ലിയും തൃശ്ശൂരില്‍ നിന്ന് ഉമ്മന്‍ചാണ്ടിക്ക് പരാതിക്കൂമ്പാരം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നേരിട്ടുള്ള ഇടപെടലിനായി ഉമ്മന്‍ചാണ്ടിയെത്തി മടങ്ങിയ ശേഷവും ഐ ഗ്രൂപ്പ് ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുകയാണെന്നാണ് പരാതി. ഇ-മെയിലായും ഫോണ്‍വിളികളായുമാണ് പരാതി പോകുന്നത്.

ഇതിനിടെയാണ് സ്ഥാനാര്‍ഥിനിര്‍ണയത്തിലെ അപാകം ചൂണ്ടിക്കാട്ടി കെ.എസ്.യു.വും യൂത്ത് കോണ്‍ഗ്രസും പ്രമേയം പാസാക്കിയത്. ഗ്രൂപ്പ് പോരിനെത്തുടര്‍ന്ന് കെ.എസ്.യു. ജില്ലാ സെക്രട്ടറി വി.എസ്. ഡേവിഡ് കിട്ടിയ സീറ്റ് ഒഴിവാക്കിയിട്ടുമുണ്ട്. ജയസാധ്യതയില്ലാത്ത സീറ്റാണ് നല്‍കിയതെന്ന ആരോപണം ഉന്നയിക്കപ്പെടുന്നുണ്ട്. ഇക്കാര്യവും ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

സ്ഥാനാര്‍ഥിനിര്‍ണയത്തിനായി കോര്‍പ്പറേഷനിലേക്കും ഡി.സി.സി.ക്കും സ്ഥാനാര്‍ഥി നിര്‍ണയസമിതിയുണ്ടെങ്കിലും കൂടിയാലോചനകള്‍ ചില വ്യക്തികള്‍ക്കിടയില്‍ മാത്രമാണെന്നും ഏകപക്ഷീയ തീരുമാനങ്ങളാണെടുക്കുന്നതെന്നും ആക്ഷേപമുയരുന്നുണ്ട്. എ ഗ്രൂപ്പിലെ ഒരു വിഭാഗമാണ് ഇക്കാര്യം അക്കമിട്ടുനിരത്തി രംഗത്തെത്തിയിരിക്കുന്നത്. സ്ഥാനാര്‍ഥിനിര്‍ണയം നടത്തിയത് ഏകപക്ഷീയമായിട്ടാണെന്നും ഇപ്പോള്‍ വഴിമുട്ടിയ സ്ഥാനാര്‍ഥിചര്‍ച്ചക്ക് കാരണം വ്യക്തി താത്പര്യമാണെന്നും ഇവര്‍ പറയുന്നു. ഇവര്‍ യോഗം ചേര്‍ന്നാണ് ഉമ്മന്‍ചാണ്ടിക്ക് പരാതി അയച്ചത്.

എ ഗ്രൂപ്പിന്റെ ഡിവിഷനെയും സ്ഥാനാര്‍ഥിയെയും സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്നത് ഐ ഗ്രൂപ്പിലെ നേതാവാണ്. സ്ഥാനാര്‍ഥിത്വം ഉറപ്പായപ്പോള്‍ സമിതിയിലുള്ള രണ്ട് നേതാക്കള്‍ ഇവര്‍ക്കു മുന്നില്‍ മൗനത്തിലാണെന്ന ഗുരുതര ആരോപണവും ഇവര്‍ ഉന്നയിക്കുന്നു. െക.പി.സി.സി സെക്രട്ടറി കൂടിയായ എ ഗ്രൂപ്പ് നേതാവിന് സീറ്റ് കിട്ടാന്‍ വൈകുന്നതിനു പിന്നില്‍ ഇവരുടെ നീക്കമാണെന്നും പറയുന്നു. കെ.പി.സി.സി.യുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചതെന്ന ആക്ഷേപം നേതാക്കള്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ളവരെ അറിയിച്ചു.

Content Highlights:Kerala Local Body Election 2020