കാമ്പസില്‍നിന്ന് തിരഞ്ഞെടുപ്പുരംഗത്തേയ്ക്ക് ഇറങ്ങിവന്നവരാണ് ഈ ചുണക്കുട്ടികള്‍. പോയ അഞ്ചുവര്‍ഷം തദ്ദേശഭരണ സ്ഥാപനങ്ങളിലെ വിവിധ തലങ്ങളില്‍ ജനപ്രതിനിധികളുടെ റോളിനൊപ്പം വിദ്യാര്‍ഥി എന്ന ചുമതലയും സമര്‍ഥമായി നിറവേറ്റിയവരുടെ പ്രതിനിധികളാണിവര്‍. പുതിയ ചുമതലകളുമായി ഇത്തവണ തിരഞ്ഞെടുപ്പു രംഗത്തുനിന്ന് തത്കാലം വിട്ടുനില്‍ക്കുമ്പോഴും ജനങ്ങള്‍ക്ക് നടുവില്‍ ചെലവഴിച്ച അഞ്ചുവര്‍ഷം സാര്‍ഥകമായിരുന്നെന്ന് ഇവര്‍ സമ്മതിക്കുന്നു.

തൃപ്രയാറില്‍നിന്ന് ജില്ലാ പഞ്ചായത്തിലേക്ക്

ശോഭാ സുബിൻ
ശോഭാ സുബിന്‍

കെ.എസ്.യു. ജില്ലാ പ്രസിഡന്റ് കൂടിയായ ശോഭാ സുബിന്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴേ നാട്ടില്‍ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു. മത്സ്യത്തൊഴിലാളി കുടുംബാംഗമായ സുബിന്‍ നാട്ടില്‍ സ്പോര്‍ട്‌സ് ആര്‍ട്സ് ക്ലബ്ബുകളിലെല്ലാം അംഗമായിരുന്നു. നാട്ടിക ശ്രീനാരായണ കോളേജിലെ ബി.എ. ഇക്കണോമിക്സ് പഠനകാലത്താണ് കെ.എസ്.യു.വിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലേക്കെത്തുന്നത്. കോളേജിലെ ഫൈന്‍ ആര്‍ട്സ് സെക്രട്ടറിയും യു.യു.സി.യുമായിരുന്നു. ഇതിനിടെ മൂന്നുവര്‍ഷം ഗള്‍ഫില്‍ പോയി മടങ്ങിവന്ന ശേഷമാണ് തൃശ്ശൂര്‍ ലോ കോളേജ് വിദ്യാര്‍ഥിയാകുന്നത്. ഇവിടെനിന്ന് വിജയിച്ച കെ.എസ്.യു.വിന്റെ ആദ്യത്തെ യു.യു.സി.യുമായിരുന്നു. ലോ കോളേജില്‍ മൂന്നാംവര്‍ഷം പഠിക്കുമ്പോഴാണ് തൃപ്രയാറില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജില്ലാ പഞ്ചായത്തിലേയ്ക്ക് മത്സരിച്ച് വിജയിക്കുന്നത്. സ്വന്തം മണ്ഡലം വനിതാസംവരണം ആയതിനൊപ്പം എല്ലാവര്‍ക്കും അവസരം കിട്ടണമെന്ന അഭിപ്രായമുള്ളതിനാല്‍ ഇത്തവണ മത്സരത്തിനില്ലെന്ന് ശോഭാ സുബിന്‍ പറയുന്നു

ടി.ടി.സി. ക്ലാസ്സില്‍നിന്ന് നഗരസഭയില്‍

നൗഷബ
നൗഷബ

ടി.ടി.സി. വിദ്യാര്‍ഥിനിയായിരിക്കെയാണ് നൗഷബ വടക്കാഞ്ചേരി നഗരസഭാംഗമാകുന്നത്. സി.പി.എം. സ്ഥാനാര്‍ഥിയായി 26-ാം ഡിവിഷനില്‍നിന്നായിരുന്നു കന്നിയങ്കം. ഭര്‍ത്താവ് ജബ്ബാര്‍ വെയര്‍ഹൗസ് ഗോഡൗണിലെ സി.ഐ.ടി.യു. തൊഴിലാളിയും സി.പി.എം. പ്രവര്‍ത്തകനുമായിരുന്നു. ജനപ്രതിനിധിയായ അഞ്ചുവര്‍ഷവും സജീവമായി ഇടപെടല്‍ നടത്തിയതില്‍ സന്തോഷമുണ്ടെന്ന് നൗഷബ പറയുന്നു. ഒപ്പം ടി.ടി.സി. പഠനവും പൂര്‍ത്തിയാക്കി. ഇത്തവണ സമീപത്തെ സ്ത്രീ സംവരണവാര്‍ഡില്‍ മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിച്ചു. പക്ഷേ, ഈ മാസം 24-ന് നടക്കുന്ന പി.എസ്.ഇ.യുടെ എല്‍.പി.എസ്.എ. പരീക്ഷ എഴുതുവാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോള്‍ മുന്‍ഗണന സ്‌കൂള്‍ അധ്യാപികയാകലാണ് എന്നതിനാല്‍ മത്സരരംഗത്തുനിന്ന് പിന്‍മാറി. തിരഞ്ഞെടുപ്പില്‍ പിന്‍ഗാമിയായ സ്ഥാനാര്‍ഥിയുടെ വിജയത്തിനായി സജീവമായി രംഗത്തുണ്ടാവുമെന്ന് നൗഷബ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്തിലെ ബേബി സോന

സോന
സോന

മാള ബ്ലോക്ക് പഞ്ചായത്തിലെ മാള ഡിവിഷനില്‍നിന്ന് ജനപ്രതിനിധിയായി തിരഞ്ഞെടുത്തപ്പോള്‍ സോനയ്ക്ക് പ്രായം 21. ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ക്കിടയിലെ ബേബിയായ സോന എസ്.എഫ്.ഐ. പ്രവര്‍ത്തനത്തിലൂടെ സജീവ രാഷ്ട്രീയത്തിലേക്കെത്തുന്നത്. രാഷ്ട്രീയ പാരമ്പര്യമവകാശപ്പെടാനാകാത്ത കുടുംബത്തില്‍ ജനിച്ച ഈ പെണ്‍കുട്ടി, സ്ത്രീകള്‍ പൊതുരംഗത്ത് സ്വന്തമായി മേല്‍വിലാസമുണ്ടാക്കണമെന്ന അഭിപ്രായക്കാരിയാണ്. മാള കാര്‍മല്‍ കോളേജില്‍നിന്ന് ഫിസിക്സില്‍ ബിരുദം നേടിയശേഷം തൃശ്ശൂര്‍ ലോ കോളേജില്‍ ഒന്നാംവര്‍ഷത്തിന് പഠിക്കുമ്പോഴാണ് സി.പി.എം. സ്ഥാനാര്‍ഥിയായി ജനവിധി തേടിയത്. എസ്.എഫ്.ഐ. മാള ഏരിയ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നേരിട്ട് മത്സരത്തിനിറങ്ങിയപ്പോള്‍ വിദ്യാര്‍ഥി എന്ന നിലയില്‍ നാട്ടുകാരുടെ പിന്തുണ ലഭിച്ചെന്ന് സോന പറയുന്നു. നിയമപഠനം നടത്തി ഇരിങ്ങാലക്കുട കോടതിയില്‍ വക്കീലായി പ്രവര്‍ത്തിക്കുകയാണിപ്പോള്‍.

ജൂനിയറെങ്കിലും തിളങ്ങി ശില്പ

ശില്പ
ശില്പ

21-ാം വയസ്സിലാണ് ജനപ്രതിനിധിയുടെ വേഷം ശില്പയെ തേടിയെത്തുന്നത്. അരിമ്പൂര്‍ പഞ്ചായത്ത് മൂന്നാംവാര്‍ഡംഗമായി തിളങ്ങാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ശില്പ. കെ.എസ്.യു.വിലെ തീപ്പൊരി നേതാവായ ശില്പ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജനവിധി തേടുമ്പോള്‍ തൃശ്ശൂര്‍ ലോ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു. കോണ്‍ഗ്രസ് കുടുംബമാണെങ്കിലും സജീവ രാഷ്ട്രീയത്തിലേക്കെത്തിയയാള്‍ താന്‍ മാത്രമാണെന്ന് ശില്പ പറയുന്നു. രണ്ടു റോളും നന്നായി നിര്‍വഹിക്കാനായി. പഞ്ചായത്ത് യോഗങ്ങളുള്ളപ്പോള്‍ ക്ലാസ് കട്ട് ചെയ്യും. എങ്കിലും പഠനവും ഒപ്പം തന്നെ കൊണ്ടുപോയി. ഇപ്പോള്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന ശില്പയ്ക്ക് ഇത്തവണ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥിത്വം കിട്ടിയിരുന്നു. വിവാഹമാണ്, ചെറിയൊരു ബ്രേക്ക് എടുക്കുന്നു, തത്കാലം മത്സരത്തിനില്ല-ശില്പ പറയുന്നു.

കഴിമ്പ്രത്തിന്റെ യദുകൃഷ്ണ

യദുകൃഷ്ണ
യദുകൃഷ്ണ

തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയപ്പോള്‍ യദുകൃഷ്ണ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ലൈബ്രറി സയന്‍സില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയായിരുന്നു. ജനപ്രതിനിധിയായശേഷവും പഠനം നിര്‍ത്തിയില്ല. തൃശ്ശൂര്‍ ലോ കോളേജില്‍ തുടര്‍പഠനത്തിന് ചേര്‍ന്നു. നേരത്തെ അസ്മാബി കോളേജില്‍ ബോട്ടണിയില്‍ ബിരുദവും സെയ്ന്റ് തോമസില്‍നിന്ന് എം.എസ്.ഡബ്‌ള്യുവും സ്വന്തമാക്കിയിരുന്നു. ജനപ്രതിനിധിയായി തിളങ്ങാന്‍ എം.എസ്.ഡബ്‌ള്യു പഠനമാണ് തുണച്ചതെന്ന് യദുകൃഷ്ണ. 24 വയസ്സിലാണ് തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് കഴിമ്പ്രം ഡിവിഷനില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചത്. കൊടുങ്ങല്ലൂരില്‍നിന്ന് കഴിമ്പ്രത്തുവന്ന് താമസിക്കുന്ന തന്നെ നാട്ടുകാര്‍ പിന്തുണച്ചത് വിദ്യാര്‍ഥിയായതുകൊണ്ട് മാത്രമാണെന്ന് യദുകൃഷ്ണ പറയുന്നു.

Content Highlights: Kerala Local Body Election 2020