ഇരിങ്ങാലക്കുട:''വര്‍ഷം 1979. മിച്ചഭൂമി സമരത്തെത്തുടര്‍ന്നുള്ള വിയ്യൂര്‍ ജയിലിലെ വാസം കഴിഞ്ഞിറങ്ങിയപ്പോഴാണ് പുല്ലൂരിലെ അണ്ടിക്കമ്പനി സമരത്തിനൊപ്പം ചേരുന്നത്. 57 ദിവസം സമരം ചെയ്തു. സമരത്തിനിടയിലാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിര്‍ദേശമെത്തുന്നത്. ആദ്യം ഞാന്‍ എതിര്‍ത്തു. പാര്‍ട്ടി തീരുമാനമാണ് അനുസരിക്കണമെന്നറിയിച്ചതോടെ സമ്മതിച്ചു'' -

കെട്ടിവെക്കാന്‍ വേണ്ട 25 രൂപ കൈയിലില്ലായിരുന്നു. മറ്റൊരു സഖാവിന്റെ ഭാര്യയുടെ കമ്മല്‍ പണയംവെച്ചാണ് പണം നല്‍കിയത്. മത്സരിച്ച ആദ്യ തിരഞ്ഞെടുപ്പില്‍ത്തന്നെ കാട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും പ്രസിഡന്റുമായി -കാട്ടൂര്‍ കൊല്ലയില്‍ വീട്ടില്‍ കറപ്പക്കുട്ടിയുടെയും കോതമ്മയുടെയും അഞ്ചുമക്കളില്‍ ഇളയവളായിരുന്ന കെ.കെ. ഭാനുമതി എന്ന 67-കാരി പറഞ്ഞു. 222 വോട്ടിനാണ് അന്നത്തെ മൂന്നാം വാര്‍ഡായിരുന്ന ലേബര്‍ സെന്റര്‍ വാര്‍ഡില്‍നിന്ന് വിജയിച്ചത്. ജില്ലയിലെതന്നെ അന്നത്തെ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു അത്.

സംവരണമില്ലാത്ത കാലമായിരുന്നു അത്. ഇന്ത്യയിലെതന്നെ ആദ്യത്തെ പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാണ് ഭാനുമതിയെന്നു പറഞ്ഞത് വല്യച്ഛന്റെ മകനായ സി.കെ. ചക്രപാണിയായിരുന്നു. രാഷ്ട്രീയത്തില്‍ തനിക്ക് മാര്‍ഗനിര്‍ദേശം നല്‍കിയത് അന്ന് രാജ്യസഭാംഗമായിരുന്ന ചക്രപാണിയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.

രാഷ്ട്രീയപ്രവര്‍ത്തനം ആവേശമായിരുന്നതിനാല്‍ പോലീസ് കോണ്‍സ്റ്റബിള്‍ ജോലിയും വിവാഹവും വേണ്ടെന്നുവെച്ചു. പ്രസിഡന്റായിരുന്നപ്പോഴും പാടത്ത് പണിക്കും മണലു ചുമക്കാനുമെല്ലാം പോയിരുന്നു. 'ആകെയുള്ളത് ഒരു ജോടി നല്ലവസ്ത്രം. അതുമിട്ടാണ് പഞ്ചായത്തിലേക്ക് പോകുക. പാടത്ത് പണിക്കിടയില്‍ ആളുകള്‍ നിവേദനവുമായി എത്താറുണ്ടായിരുന്നു' -ഭാനുമതി ഓര്‍ത്തു. സ്ഥലവും സൗകര്യവും നോക്കാതെ എവിടെവെച്ചായാലും നാട്ടുകാരുടെ അപേക്ഷകള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തിയിരുന്നു. അതിനാല്‍ 'വഴിയിലെ പ്രസിഡന്റ്' എന്ന് ഭരണസമിതി അംഗങ്ങള്‍ എന്നെ തമാശയ്ക്ക് വിളിച്ചിരുന്നു.

1994-ല്‍ പാര്‍ട്ട് ടൈം സ്വീപ്പറായി ജോലിക്കുകയറി. 2008-ല്‍ നഴ്സിങ് അസിസ്റ്റന്റായി വിരമിച്ചു. 2010-ല്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലേക്ക് കാട്ടൂര്‍ ഡിവിഷനില്‍ മത്സരിച്ച് വിജയിച്ച് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനായി.