അന്തിക്കാട്: സ്വന്തം സഹോദരിയുടെ വിവാഹവും എസ്.എഫ്.ഐ. സംസ്ഥാനസമ്മേളനവും ഒരുദിവസം വന്നാല്‍ ഒരച്ഛന്‍ മകനോട് എന്ത് പറയും. വി.എ. നാരായണന്‍ എന്ന അടിയുറച്ച കമ്യൂണിസ്റ്റ് മകനോട് പറഞ്ഞത് നിര്‍ബന്ധമായും സംസ്ഥാനസമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു. ജില്ലയിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവായിരുന്ന അന്തരിച്ച വി.എ. നാരായണനാണ് ഈ അച്ഛന്‍. മകന്‍ മണലൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.എന്‍. സുര്‍ജിത്ത്.

കണ്ടശ്ശാംകടവ് വടശ്ശേരി വീട്ടിലെ വി.എ. നാരായണന്റെയും ഭാര്യ കൗസല്യയുടെയും എട്ട് മക്കളില്‍ നാലുപേരാണ് ഇത്തവണ മത്സരിക്കുന്നത്. പ്രസിദ്ധമായ ചെത്തുതൊഴിലാളി സമരത്തിലും കരിക്കൊടി ചകിരിത്തൊഴിലാളി സമരത്തിലും പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട് കഴിഞ്ഞ ഏപ്രിലില്‍ 96-ാം വയസ്സിലാണ് വി.എ. നാരായണന്‍ അന്തരിച്ചത്. സി.പി.എം. ഏരിയാ കമ്മിറ്റി അംഗം വി.എന്‍. സുര്‍ജിത്ത് ജില്ലാപഞ്ചായത്തിലേക്കാണ് ജനവിധി തേടുന്നത്. കെ.എസ്.ടി.എ. ജില്ലാ കമ്മിറ്റി അംഗം മേനകാ മധു അന്തിക്കാട് ഗ്രാമപ്പഞ്ചായത്തിലേക്കും രജനി തിലകന്‍ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിലേക്കുമാണ് മത്സരിക്കുന്നത്. ഷീബാ ചന്ദ്രബോസ് വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥിയാണ്.

 

Content Highlights:Kerala Local Body Election 2020