തൃശ്ശൂര്‍: 1921-ല്‍ നടന്ന തൃശ്ശൂരിലെ ഒന്നാം മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് അനായാസം ജയിച്ചെത്തിയ അഭിഭാഷകനായ സി.ആര്‍. ഇയ്യുണ്ണി പിന്നീട് ജില്ലയില്‍ പല ചരിത്രങ്ങള്‍ക്കും കാരണക്കാരനായ വ്യക്തിയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ ആനി തിരുകൊച്ചി രാജ്യത്തെ ആദ്യത്തെ വനിതാ പ്രതിനിധിയായതും ചരിത്രം.

രാമവര്‍മപുരത്തെ ആയുര്‍വേദ ആശുപത്രി സ്ഥിതിചെയ്യുന്നയിടത്തെ സര്‍ക്കാര്‍ സത്രത്തിലായിരുന്നു ആദ്യത്തെ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം. രണ്ടാം മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ച് ജയിച്ച ഇയ്യുണ്ണി 1926 സെപ്റ്റംബര്‍ 25-ന് മുനിസിപ്പല്‍ ചെയര്‍മാനുമായി. അന്ന് പ്രായം 35. കേരള ഹൈക്കോടതിയിലെ അറിയപ്പെടുന്ന അഭിഭാഷകനായ അദ്ദേഹം മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തകനും സ്വാതന്ത്ര്യസമര നായകനുമായി. 1933-ല്‍ നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും ഇയ്യുണ്ണിയായിരുന്നു ചെയര്‍മാന്‍.

1938 ജനുവരി നാലിന് കൊച്ചി രാജാവ് പുറപ്പെടുവിച്ച വിളംബരപ്രകാരം നിയമസഭയിലേക്ക് കൊച്ചിയില്‍നിന്നും തൃശ്ശൂരില്‍നിന്നും ഓരോ വനിതയെ മത്സരിപ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു.

1938-ല്‍ നടന്ന തിരുകൊച്ചി നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലെ ആദ്യത്തെ വനിതാ സീറ്റില്‍ മത്സരിച്ചത് ഇയ്യുണ്ണിയുടെ ഭാര്യ ആനിയായിരുന്നു. ഇയ്യുണ്ണിയും ആനിയും വിജയിച്ച് നിയമസഭാംഗങ്ങളായി ചരിത്രം സൃഷ്ടിച്ചു. പൂര്‍ണ ഗര്‍ഭിണിയായിരുന്ന ആനി ഒരു ദിവസംേപാലും പ്രചാരണത്തിന്‌ േപാകാതെയാണ് വന്‍ ഭൂരിപക്ഷം നേടിയത്.

1942-ല്‍ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭകാലത്ത് ഇരുവരും രാജിവെയ്ക്കുകയായിരുന്നു. തൃശ്ശൂരിലെ വൈദ്യുതി വിതരണാവകാശം മുനിസിപ്പാലിറ്റിയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന് നേതൃത്വം നല്‍കിയത് ഇയ്യുണ്ണി ദമ്പതിമാരാണ്. അത് വിജയം കണ്ടു.

1946-ല്‍ റവന്യൂ മന്ത്രിയും രണ്ട് തവണ ലോക്സഭാംഗവുമായിരുന്നു ഇയ്യുണ്ണി.

തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് നിയമബിരുദം നേടിയശേഷം കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും സ്വാതന്ത്ര്യസമരത്തിലും നായകനായി. മുനിസിപ്പല്‍ കൗണ്‍സിലറില്‍ നിന്ന് തുടങ്ങി എം.പി.വരെയായ ഇയ്യുണ്ണിയുടെ പേരില്‍ തൃശ്ശൂരില്‍ സെയ്ന്റ് തോമസ് ഹോസ്റ്റലിന് സമീപം ഒരു റോഡുണ്ട്.

ഈ ദന്പതിമാരുടെ മക്കള്‍ രാഷ്ട്രീയത്തിലെത്തിയില്ലെങ്കിലും പേരക്കുട്ടി മറിയാമ്മയുടെ ഭര്‍ത്താവ് ജോസ് താണിക്കല്‍ എം.എല്‍.എ. ആയിരുന്നു.