ചെറുതുരുത്തി : തിരഞ്ഞെടുപ്പ് വന്നാല്‍ ആവേശത്താല്‍ റുക്കിയാത്തയുടെ ചോര തിളയ്ക്കും. പിന്നെ, പാര്‍ട്ടിയേതുമാകട്ടെ പാട്ടുംപാടി റുക്കിയാത്ത സജീവമാകും. ചെറുതുരുത്തി പൈങ്കുളം ഗേറ്റിനു സമീപം മുല്ലയ്ക്കപ്പറമ്പില്‍ അന്‍സാര്‍ കോളനിയില്‍ കുറുങ്ങംതൊടിയില്‍ റുക്കിയ (76) ആണ് മുപ്പതുവര്‍ഷമായി പാട്ടും പാടി തിരഞ്ഞെടുപ്പുരംഗത്തുള്ളത്.

എഴുതിത്തയ്യാറാക്കുന്ന പാട്ടുകളുണ്ടെങ്കിലും മൈക്ക് കിട്ടിയാല്‍ റുക്കിയാത്തയ്ക്കു ഹരം കൂടും. പിന്നെ, നിമിഷങ്ങള്‍ക്കുള്ളില്‍ തയ്യാറാക്കുന്ന കവിതകളും പാട്ടുകളുമായി കാണികളെ ഹരം കൊള്ളിക്കും. ഇതുകൊണ്ടുതന്നെ മൈക്ക് അനൗണ്‍സ്മെന്റിലും ഈ പ്രായത്തില്‍ ഇവര്‍ ഒരുകൈ നോക്കും. വ്യക്തമായ രാഷ്ട്രീയം മനസ്സിലുണ്ടെങ്കിലും, ആരെയും പിണക്കാതെ ജീവിക്കാന്‍ വേണ്ടി എല്ലാ പാര്‍ട്ടിവേദികളിലും പ്രചാരണപരിപാടികളിലും ഇവര്‍ സജീവമായുണ്ടാകും.

കുട്ടിക്കാലത്ത് ബസ് മറിഞ്ഞ് കൈ മുറിഞ്ഞതോടെ ജോലി ചെയ്യാനാകാതായി. ഭര്‍ത്താവും മരിച്ചതോടെ ഒറ്റയ്ക്കുള്ള ജീവിതം തള്ളിനീക്കാന്‍ ഒരു പിടിവള്ളിയായി ഈ പാട്ടുകള്‍ മാറി. തമാശരൂപേണ പതിഞ്ഞുപാടിത്തുടങ്ങി ഉച്ചസ്ഥായിയിലെത്തുമ്പോള്‍ ഇവരുടെ വാക്കുകള്‍ കുറിക്കുകൊള്ളുന്നതാവും. പാട്ടിലൂടെ കാര്യം പറഞ്ഞു കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന റുക്കിയാത്തയുടെ, പൗരത്വബില്ലിനെക്കുറിച്ചുള്ള പാട്ട് കേള്‍ക്കാത്ത വേദികളില്ല. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ പല വേദികളിലും പാടിയിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പുകാലത്തെ പ്രവര്‍ത്തനമാണ് തന്റെ ഹരമെന്ന് ഇവര്‍ പറയുന്നു.

ഒറ്റമുറിവീട്ടിലെ ഏകാന്തതകളും സ്വന്തം വേദനകളും പാട്ടുപാടി മറക്കാന്‍ ശ്രമിക്കുകയാണിവര്‍. വിവിധ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും ഹാസ്യപരിപാടികളിലൂടെയും ഇവര്‍ പ്രശസ്തയാണ്.