തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ എങ്ങനെ ആവണമെന്ന് സ്ഥാനാര്‍ഥിയേക്കാള്‍ കൂടുതല്‍ മോഹിക്കുക ഒരു പക്ഷേ നിഷ്പക്ഷരായ പൊതുജനമായിരിക്കും. അക്കൂട്ടത്തില്‍ പെടുന്ന ഒരാളാണ് ഞാന്‍.

ജനപ്രതിനിധി ഒരു സ്വാര്‍ഥനായിരിക്കണം എന്ന പക്ഷക്കാരനാണ് ഞാന്‍. എന്നാല്‍ ആ സ്വാര്‍ഥത സത്യസന്ധതയുടെ കാര്യത്തില്‍ ആയിരിക്കണമെന്നു മാത്രം. ജനസേവനം കൊണ്ട് പണമുണ്ടാക്കുക എന്നത് ജനപ്രതിനിധിയുടെ മനസ്സില്‍ ഉണ്ടാവുകയേ അരുത്. സമൂഹത്തിന് നല്ല കാര്യങ്ങള്‍ ചെയ്യാനും ജനത്തിന്റെ പ്രശ്നങ്ങളില്‍ ഇടപെടാനും മറ്റാരെക്കാളും യോഗ്യനാണ് ജനപ്രതിനിധി. അത്തരം ഒരു അവസരം കിട്ടുക എന്നത് സുവര്‍ണാവസരമാണ്. തനിക്കു മുമ്പേ ഉള്ള ആള്‍ വഴിവിട്ടു പ്രവര്‍ത്തിച്ചു, അതുകൊണ്ട് തനിക്കും ആയാലെന്താ എന്ന രീതിയിലുള്ള ചിന്ത മാറ്റി വയ്ക്കണം.

ഒരു വിഭാഗത്തിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന രീതി അരുത്. ജനപ്രതിനിധി ആയാല്‍ അയാള്‍ ആ വാര്‍ഡിലെ എല്ലാവരുടേയും ആളാണ്.

രാഷ്ട്രീയം, മതം, ജാതി, തൊഴില്‍ തുടങ്ങിയ തരത്തിലുള്ള പക്ഷഭേദം കാണിക്കരുത്. എന്റെ രാജ്യവും സംസ്ഥാനവും ഒന്നാമതാവണമെന്ന് ആത്മാര്‍ഥമായി മോഹിക്കുന്ന ഒരാളാണ് ഞാന്‍. അതിന്റെ ചെറു ഘടകമാണ് പ്രാദേശിക ഭരണകൂടവും. എന്റെ പഞ്ചായത്ത്, കോര്‍പ്പറേഷന്‍, വാര്‍ഡ് തുടങ്ങിയവയും ഒന്നാമതാവണമെന്ന് ആഗ്രഹമുണ്ട്. ജയിക്കുന്നതാരായാലും അത്തരം ഒരു ചിന്ത മനസ്സില്‍ വച്ചാല്‍ മറ്റുള്ളവര്‍ക്കും മാതൃകയാവും. നിശ്ചിത ശതമാനമെങ്കിലും അറിവ്, അനുഭവ ജ്ഞാനം ഒക്കെയുള്ളവര്‍ ജനപ്രതിനിധിയായി വന്നാല്‍ അത് ഏറെ ഗുണം ചെയ്യുന്ന കാര്യവുമാണ്.