തൃശ്ശൂര്‍: തോറ്റാല്‍ ആ വഴി അങ്ങ് പോവാറാണ് പതിവ്. എന്നാല്‍ തോറ്റിട്ടും സ്ഥാനാര്‍ഥി വീടുകയറി നോട്ടീസ് കൊടുത്ത കഥയുണ്ട് തൃശ്ശൂരില്‍. തൃശ്ശൂര്‍ മുന്‍മേയര്‍ കെ. രാധാകൃഷ്ണനാണ് കഥാനായകന്‍. 1990-ല്‍ ആദ്യവും അവസാനവുമായി നടന്ന ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പിലാണ് സംഭവം.

തൃശ്ശൂര്‍ മുനിസിപ്പാലിറ്റിയില്‍ കൗണ്‍സിലറായിരുന്ന രാധാകൃഷ്ണനെ, കോണ്‍ഗ്രസ് രംഗത്തിറക്കുകയായിരുന്നു. ഇപ്പോഴത്തെ സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസായിരുന്നു എതിര്‍സ്ഥാനാര്‍ഥി. വില്‍വട്ടം, കോലഴി, കിള്ളന്നൂര്‍ (ഇപ്പോഴത്തെ മുളങ്കുന്നത്തുകാവ്) എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട ഡിവിഷനിലായിരുന്നു ഏറ്റുമുട്ടല്‍.

മൂന്നു പഞ്ചായത്തിലെയും എല്ലാ വീടുകളിലും നടന്നെത്തിത്തന്നെ വോട്ടു ചോദിക്കലായിരുന്നു രാധാകൃഷ്ണന്റെ പ്രചാരണതന്ത്രം. സി.പി.എമ്മിന്റെ കുത്തക മണ്ഡലത്തില്‍ അതേ പറ്റൂ എന്ന തിരിച്ചറിവിലായിരുന്നു അത്. എന്നും രാവിലെ ആറിന് സ്‌കൂട്ടറില്‍ വീട്ടില്‍നിന്നിറങ്ങും. സ്‌കൂട്ടറിന്റെ ബോക്സില്‍ അലക്കിത്തേച്ച ഒരു മുണ്ടും ഷര്‍ട്ടും ഉണ്ടാവും. മണ്ഡലത്തിലെ ഒരു വീട്ടില്‍ വണ്ടി വയ്ക്കും. ആ വീട് മുതലാണ് നടപ്പ്. വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ വര്‍ഗീസ് ജയിച്ചു. ഭൂരിപക്ഷം കുറയ്ക്കാന്‍ കഴിഞ്ഞതിന്റെ ബലത്തിലാണ് രാധാകൃഷ്ണന്‍ വീണ്ടും വീടുകയറി നന്ദി പറയാന്‍ തീരുമാനിച്ചത്. 'ജയിപ്പിച്ചവര്‍ക്ക്' നന്ദി പറഞ്ഞ് നോട്ടീസടിച്ചു. വില്‍വട്ടം പഞ്ചായത്തിലെ എല്ലാ വീടുകളും കയറിക്കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടു. വീടുകയറ്റം നിര്‍ത്താനായിരുന്നു നിര്‍ദേശം. എന്നാലും ബാക്കി പഞ്ചായത്തുകളിലും നോട്ടീസ് എത്തി എന്നത് വേറെ കാര്യം.

Content Highlights:Kerala Local Body election 2020