ഇരിങ്ങാലക്കുട : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള മോക്‌പോൾ നടത്തി. ഇരിങ്ങാലക്കുട പഴയ താലൂക്ക് ഓഫീസിൽ ത്രിതല പഞ്ചായത്തുകൾക്കുവേണ്ടി ഉപയോഗിക്കുന്ന മൾട്ടി പോസ്റ്റ് യന്ത്രങ്ങളിലാണ് മോക് പോൾ നടത്തിയത്.

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ 3440 യന്ത്രങ്ങളിലാണ് മോക്‌പോൾ നടത്തിയത്. ഓരോ വോട്ട‌ിങ്‌ യന്ത്രത്തിലും 50 വീതം വോട്ടുകൾ രേഖപ്പെടുത്തി. സ്ഥാനാർഥികളുടെ ചിഹ്നങ്ങളിൽതന്നെ വോട്ടുകൾ കൃത്യമായി രേഖപ്പെടുത്തുന്നുണ്ടോയെന്ന് ഉറപ്പുവരുത്തി.

ജില്ലയിൽ ത്രിതല പഞ്ചായത്തുകൾക്കായി ആകെ 10,304 ബാലറ്റ് യൂണിറ്റുകളും 3405 കൺട്രോൾ യൂണിറ്റുകളുമാണ് സജ്ജമാക്കിയിരിക്കുന്നത്. ഗ്രാമപ്പഞ്ചായത്തുകളിലേക്കായി ആകെ 2824 പോളിങ് ബൂത്തുകൾ ക്രമീകരിച്ചിട്ടുണ്ട്.

ആകെയുള്ള കൺട്രോൾ യൂണിറ്റുകളുടെയും ബാലറ്റ് യൂണിറ്റുകളുടെയും ഒരുശതമാനമാണ് മോക്ക് പോളിനായി ഉപയോഗിക്കുക. ആദ്യഘട്ട പരിശോധന കഴിഞ്ഞ യന്ത്രങ്ങളാണ് മോക് പോളിനായി ഉപയോഗിക്കുന്നതെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്നും തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ യു. ഷീജാ ബീഗം പറഞ്ഞു. മുനിസിപ്പാലിറ്റികൾ, കോർപ്പറേഷൻ എന്നിവിടങ്ങളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ മോക്‌പോൾ വരും ദിവസങ്ങളിൽ നടത്തും. മുകുന്ദപുരം തഹസിൽദാർ ഐ.ജെ. മധുസൂദനൻ, ഡെപ്യൂട്ടി തഹസിൽദാർ തോമസ് എം.എം., നോഡൽ ഓഫീസർ അയൂബ്ഖാൻ, ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ രാമചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മോക് പോൾ നടന്നത്.

കൊടുങ്ങല്ലൂരിൽ ആറ് സ്ഥാനാർഥികളെക്കൂടി യു.ഡി.എഫ്. പ്രഖ്യാപിച്ചു

കൊടുങ്ങല്ലൂർ : നഗരസഭയിൽ ആറ് സ്ഥാനാർഥികളെക്കൂടി യു.ഡി.എഫ്. പ്രഖ്യാപിച്ചു. വാർഡ് 3. ജിബി ഒല്ലാശ്ശേരി (ഫോർവേഡ് ബ്ലോക്ക്-ജെ.ടി.എസ്.), 7. പ്രസന്ന പ്രഭാകരൻ (വയലാർ), 22. റസോജ ഹരിദാസ് (യു.ഡി.എഫ്. സ്വത.-കക്കമാടൻതുരുത്ത്), 37. മായ വിദ്യാധരൻ (പറമ്പിക്കുളം), 42. അരുൺ അശോക് (കാരൂർ), 44. ബിന്ദു ഷാജി (ഒ.കെ.).

അതേസമയം കോൺഗ്രസുമായുള്ള തർക്കത്തെ തുടർന്ന് ലീഗ് സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വാർഡ് 5. വി.എച്ച്. ഇസ്ഹാഖ് (ടൗൺഹാൾ), 8. ടി.എ. നൗഷാദ് (തൈവെപ്പ്), 9. നസീമ നവാസ് (വിയ്യത്തുകുളം), 13. യൂസഫ് പടിയത്ത് (കെ.കെ.ടി.എം.), 14. പ്രഷീജ (ചാപ്പാറ).

Content Highlights: Kerala local body election 2020