തൃശ്ശൂർ : കേരള തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ ആത്മവിശ്വാസത്തോടെ കൈകാര്യംചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. കോവിഡ് മാനദണ്ഡങ്ങളും തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളും ഒരുപോലെ ഉറപ്പാക്കേണ്ട വലിയ ഉത്തരവാദിത്വമാണ് ഇക്കുറി. പോളിങ് സ്റ്റേഷനുകളിൽ സാമൂഹിക അകലം ഉറപ്പാക്കുന്ന കളംവരയ്ക്കൽ മുതൽ വോട്ടിങ് യന്ത്രം സാനിറ്റൈസ് ചെയ്യുന്നതുവരെയുള്ള കാര്യങ്ങൾ ഇത്തവണ അധികച്ചുമതലയാണ്.

ജില്ല വിട്ടും ഡ്യൂട്ടി

തിരഞ്ഞെടുപ്പ് മൂന്നുഘട്ടമായി നടക്കുന്നതിനാൽ ഒരു ജില്ലയിൽനിന്നുള്ള പോലീസ് സേനാംഗങ്ങൾക്ക് മറ്റു ജില്ലകളിലും ഡ്യൂട്ടി വരാനുള്ള സാധ്യതയുണ്ട്. സ്വന്തം ജില്ലയിലെ ഡ്യൂട്ടി കൂടാതെ മറ്റൊരു ജില്ലയിലെ ഡ്യൂട്ടി കൂടിയായിരിക്കും ചെയ്യേണ്ടിവരുക. ഇതിനിടയ്ക്ക്് ശബരിമല ഡ്യൂട്ടിയുടെ പട്ടികയും ജില്ലയിൽനിന്ന് കൊടുക്കേണ്ടിവരും.

ഓടും രണ്ട് അധികവണ്ടികൾ

ജില്ലയിലെ ഓരോ സ്റ്റേഷനിലും രണ്ട്‌ വണ്ടികൾകൂടി തിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള പ്രത്യേക പട്രോളിങ്ങിന് അനുവദിക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്. തൃശ്ശൂർ സിറ്റി പോലീസിന്റെ കീഴിൽ ചില സ്റ്റേഷനുകളിൽ ഇത്തരം വണ്ടികൾ ഓടിത്തുടങ്ങി. രാത്രികാല പട്രോളിങ്ങിന് കൂടുതൽ ശ്രദ്ധ നൽകാനാണ് ഉദ്ദേശിക്കുന്നത്.

പൊതുസ്ഥലങ്ങളിൽ പോസ്റ്റർ ഒട്ടിക്കുന്നത് പട്രോളിങ് ടീമിന്റെ ശ്രദ്ധയിൽപെട്ടാൽ കൈയോടെ പിടിവീഴും.

പി.പി.ഇ. ഇടേണ്ടിവരുമോ?

വോട്ടെടുപ്പ് ദിവസം വൈകീട്ട്‌ അഞ്ചുമുതൽ ആറുവരെ കോവിഡ് പോസിറ്റീവ് ആയവർക്ക് വോട്ടുചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശമുണ്ട്. ഈ സമയത്ത്് ഡ്യൂട്ടിയിലുള്ള പോലീസുകാർ പി.പി.ഇ. ധരിക്കേണ്ടിവന്നേക്കും.

കൺട്രോൾ റൂമുകൾ

സിറ്റി, റൂറൽ പോലീസ് ജില്ലകളിൽ കൺട്രോൾ റൂമുകൾ ഒരുങ്ങിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറേണ്ട ചുമതല പോലീസിനാണ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രത്യേക സ്‌ക്വാഡിനും രൂപം നൽകുന്നുണ്ട്.

ജാഗ്രതയിൽ

രണ്ടുമാസംമുമ്പ് കൊലപാതകപരമ്പര അരങ്ങേറിയ ജില്ലയാണ് തൃശ്ശൂർ. അതിൽ കൂടുതലും ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നു. എന്നാൽ, ഇതിൽ രണ്ടെണ്ണത്തിന്റെ പേരിൽ രണ്ട് രാഷ്ട്രീയപോർവിളികൾ നടന്നെങ്കിലും അതിനെ അമർച്ചചെയ്യാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ജില്ലയിലെ പോലീസ്.

എന്നാൽ, അന്നത്തെ സംഭവങ്ങളുടെ പേരിൽ തിരഞ്ഞെടുപ്പുകാലത്ത് അക്രമങ്ങൾ ഉണ്ടാവാതിരിക്കാനുള്ള കനത്തജാഗ്രതയും പോലീസ് എടുത്തിട്ടുണ്ട്. അന്തിക്കാട്, പെരിങ്ങോട്ടുകര, കുന്നംകുളം, ചൂണ്ടൽ തുടങ്ങിയ മേഖലകളിൽ പ്രത്യേകശ്രദ്ധ കൊടുക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

റെഡിയാണ് ഞങ്ങൾ

കോവിഡും തിരഞ്ഞെടുപ്പും ഒന്നിച്ച് കൈകാര്യംചെയ്യേണ്ടത് വെല്ലുവിളിയാണെങ്കിലും സേനാംഗങ്ങൾ എല്ലാവരും റെഡിയായിക്കഴിഞ്ഞു. സുഗമമായ തിരഞ്ഞെടുപ്പ് സഹപ്രവർത്തകരുടെ പിന്തുണയോടെ നടത്താനാവും.- ആർ. വിശ്വനാഥ്, റൂറൽ എസ്.പി.