തൃശ്ശൂർ : ആകെയുള്ള 55 ഡിവിഷനുകളിൽ 32 എണ്ണവും സ്ത്രീകൾക്കായി മാറ്റിവെച്ചുകൊണ്ട് എൽ.ഡി.എഫ്. സ്ഥാനാർഥിപ്പട്ടികയായി. സ്ഥാനാർഥികളിൽ പകുതിയിലധികം പേരും പുതുമുഖങ്ങളാണ്. നാല് ജനറൽ സീറ്റുകൾ സ്ത്രീകൾക്കായി നൽകിയിട്ടുണ്ട്. ഇവർ നാലുപേരും നിലവിലെ കൗൺസിലർമാരാണ്. അജിതാ വിജയൻ, എം.എൽ. റോസി, ബീനാ മുരളി, ഷീബാ ബാബു എന്നിവരാണിവർ. 58.1 ശതമാനം സംവരണമാണ് സ്ത്രീകൾക്ക് നൽകിയിരിക്കുന്നത്.

സ്വതന്ത്രന്മാർക്കും പട്ടികയിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. ഏഴിടത്താണ് സി.പി.എം. സ്വതന്ത്രർ മത്സരിക്കുന്നത്. ഇതിൽ മുൻ കോൺഗ്രസ് നേതാവും പ്രതിപക്ഷനേതാവുമായിരുന്ന എംകെ. മുകുന്ദനും ഉൾപ്പെടുന്നു. അടുത്തിടെ സി.പി.എമ്മിലേയ്ക്കെത്തിയ എം.കെ. സൂര്യപ്രകാശ് സി.പി.എം. ചിഹ്നത്തിലാണ് മത്സരിക്കുന്നത്. പുതുതായി മുന്നണിയിലെത്തിയ കേരള കോൺഗ്രസ് (ജോസ്) വിഭാഗത്തിന് യു.ഡി.എഫിലുണ്ടായിരുന്നപ്പോഴുള്ള പരിഗണന നൽകിയിട്ടുണ്ട്.

55-ൽ 38 ഇടത്ത് സ്വതന്ത്രന്മാരടക്കം സി.പി.എം. മത്സരിക്കുമ്പോൾ സി.പി.ഐ.യ്ക്ക് എട്ട് സീറ്റാണ് നൽകിയിരിക്കുന്നത്. എൽ.ജെ.ഡി. -മൂന്ന്, കേരള കോൺഗ്രസ് (ജോസ്) -രണ്ട്, ജനതാദൾ (എസ്) -രണ്ട്, കോൺഗ്രസ് (എസ്) -ഒന്ന്, എൻ.സി.പി. ഒന്ന് എന്നിങ്ങനെയാണ് മറ്റ് ഘടകകക്ഷികളുടെ സീറ്റ്. സി.പി.എമ്മിന്റെ 38-ൽ ഇരുപതും സി.പി.ഐ.യുടെ എട്ടിൽ അഞ്ചും സീറ്റ് സ്ത്രീകൾക്കാണ്.

മുൻ മേയറും നാല് ഡെപ്യൂട്ടി മേയർമാരും പട്ടികയിൽ സ്ഥാനംപിടിച്ചിട്ടുണ്ട്. മുൻ മേയർ അജിതാ വിജയൻ കണിമംഗലത്തെ ജനറൽ സീറ്റിൽനിന്നാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വർഗീസ് കണ്ടംകുളത്തി, എം.കെ. സൂര്യപ്രകാശ്, ബീനാ മുരളി, റാഫി പി. ജോസ് എന്നിവരാണ് വീണ്ടും ജനവിധി തേടുന്ന ഡെപ്യൂട്ടി മേയർമാർ.